തിരുവമ്പാടി: ദൂരവ്യാപക പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നവിധം തിരുവമ്പാടി തുമ്പക്കോട്ട്മലയില്‍ വന്‍ കുന്നിടിക്കല്‍. 50 ഏക്കറോളം കുന്നാണ് തുരന്നെടുക്കുന്നത്. തുമ്പച്ചാല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമാണ് കുന്നിടിക്കല്‍. തുമ്പക്കോട്ട്മലയുടെ 25 ഏക്കറോളം ഭാഗം തുരന്ന് മണ്ണെടുത്ത നിലയിലാണ്. നൂറുകണക്കിന് ലോഡ് മണ്ണ് ടിപ്പര്‍ ലോറികളില്‍ പുറത്തേക്ക് കടത്തിക്കഴിഞ്ഞു. ഇവിടത്തെ മണ്ണ് മട്ടിമണല്‍ നിര്‍മാണത്തിനായാണ് കൊണ്ടുപോകുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിരവധി ടിപ്പര്‍ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് അതിവേഗം മലയിടിച്ച് നിരത്തുന്നത്. തുമ്പച്ചാല്‍ ശ്രീകൃഷ്ണ ക്ഷേത്രം റോഡിന്‍െറ മുകളിലോട്ട് മല തുരന്ന് പുതിയ റോഡ് ഉണ്ടാക്കിയിരിക്കുകയാണ്. ആറു മീറ്ററോളം ഉയരത്തില്‍ മണ്ണെടുത്ത് വെട്ടിയ ഈ റോഡാണ് ടിപ്പര്‍ ലോറികളുടെ സഞ്ചാരപാത. തുമ്പക്കോട്ട്മലയില്‍ കരിങ്കല്‍ ഖനനത്തിനായി പാറമട തെളിക്കാനാണ് കുന്നിടിക്കുന്നതെന്ന ആശങ്കയിലാണ് നാട്ടുകാര്‍. എന്നാല്‍, റിസോര്‍ട്ട് നിര്‍മാണത്തിനായാണ് മണ്ണെടുപ്പ് നടത്തുന്നതെന്നാണത്രെ കുന്നിടിക്കല്‍ ലോബിയുടെ പ്രചാരണം. ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന തുമ്പക്കോട്ട്മലയിലെ റവന്യൂ ഭൂമി കൈയേറ്റത്തിനിരയാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നാലു മീറ്റര്‍ വീതിയുള്ള തുമ്പച്ചാല്‍ ശ്രീകൃഷ്ണ ക്ഷേത്രം പഞ്ചായത്ത് റോഡ് ടിപ്പര്‍ ലോറികള്‍ക്ക് പാതയൊരുക്കാനായി അനുമതിയില്ലാതെ വീതി കൂട്ടിയിരിക്കുകയാണ്. മലയുടെ സമീപത്തെ വീടുകളും സ്ഥലവുമെല്ലാം കുന്നിടിക്കല്‍ ലോബി വിലക്ക് വാങ്ങിയതായാണ് അറിയുന്നത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തുമ്പക്കോട്ട്മല കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ വ്യാപക കുന്നിടിക്കല്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.