മെട്രോ യാര്‍ഡ് നിര്‍മാണം പുനരാരംഭിച്ചു

ആലുവ: ഭൂവുടമകള്‍ക്ക് ഭൂമിയുടെ വില നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം മുട്ടം മെട്രോ യാര്‍ഡ് നിര്‍മാണം തടസ്സപ്പെട്ടത് പുനരാരംഭിച്ചു. അഞ്ചു ദിവസത്തോളമായി നിലച്ചിരുന്ന നിര്‍മാണം തിങ്കളാഴ്ച പുനരാരംഭിക്കാനിരുന്നതാണ്. ഇതിനിടെയാണ് മണ്ണുമായി രാവിലെ എത്തിയ ലോറി ഭൂവുടമകള്‍ തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഏഴുമാസങ്ങള്‍ക്കുമുമ്പ് ഭൂവുടമകള്‍ക്ക് നല്‍കേണ്ടിയിരുന്ന പണം അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. പലതവണ ഭൂവുടമകള്‍ പണി തടസ്സപ്പെടുത്തിയപ്പോഴെല്ലാം കലക്ടറടക്കമുള്ളവര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. ഓരോ തവണയും സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ പണം നല്‍കുന്നതിന് ഓരോ തീയതികള്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ തീയതികളിലൊന്നും പണം നല്‍കാന്‍ അധികൃതര്‍ക്കായില്ല. ഇതിനെ തുടര്‍ന്നാണ് അഞ്ചുദിവസം മുമ്പ് വീണ്ടും സമരം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് കലക്ടര്‍ ചര്‍ച്ച നടത്തുകയും തിങ്കളാഴ്ചക്കകം പണം നല്‍കാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍, പണം കിട്ടിയാലേ പണി തുടരാന്‍ അനുവദിക്കുകയുള്ളൂവെന്ന നിലപാടാണ് ഭൂവുടമകള്‍ കൈക്കൊണ്ടത്. ഇതിനിടെ തിങ്കളാഴ്ച മുതല്‍ യാര്‍ഡിലെ പണികള്‍ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ പറയുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി യാര്‍ഡ് നിര്‍മാണ സ്ഥലത്തേക്ക് മണ്ണുമായി വന്ന ലോറി തിങ്കളാഴ്ച രാവിലെ ഭൂവുടമകള്‍ തടയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭൂവുടമകളായ കുന്നത്തേരി പണിക്കര്‍വീട്ടില്‍ സുധീര്‍ എന്നിവരെ ആലുവ പൊലീസ് അറസ്റ്റുചെയ്തു. നിര്‍മാണ സ്ഥലത്തേക്ക് അതിക്രമിച്ചുകടന്നെന്ന കരാറുകാരന്‍െറയും മെട്രോ അധികൃതരുടെയും പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കൂടുതല്‍ ഭൂവുടമകള്‍ സ്റ്റേഷനിലെത്തി. മെട്രോ യാര്‍ഡിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കാനുള്ള പദ്ധതികളും ഇവര്‍ ആലോചിച്ചിരുന്നു. ഇതിനിടെ പണം ഉടന്‍ ലഭ്യമാക്കുമെന്ന അറിയിപ്പ് കലക്ടറേറ്റില്‍നിന്ന് ഭൂവുടമകള്‍ക്ക് ലഭിക്കുകയും ഇതിനെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോവുകയും ചെയ്തതായി സി.ഐ ബി. ഹരികുമാര്‍ പറഞ്ഞു. പിന്നീട് അറസ്റ്റ് ചെയ്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രശ്നങ്ങള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഉച്ചക്ക് ശേഷം മെട്രോ യാര്‍ഡിലേക്കുള്ള മണ്ണടി പുനരാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.