ആശ്രിത വിസയിലുള്ള അധ്യാപകരെ തൊഴില്‍ മന്ത്രാലയം അനുഭാവപൂര്‍വം പരിഗണിക്കണം

റിയാദ്: സൗദി സ്കൂളുകളിൽ ജോലി ചെയ്യുന്നവരും വിദേശികളുടെ ആശ്രിതവിസയിൽ രാജ്യത്ത് കഴിയുന്നവരുമായ അധ്യാപികമാരുടെ തൊഴിൽ, സ്പോൺസ൪ഷിപ്പ് രേഖകളുടെ കാര്യത്തിൽ തൊഴിൽ മന്ത്രാലയത്തിൻെറ ഭാഗത്തുനിന്ന് അനുഭാവപൂ൪ണമായ പരിഗണനയുണ്ടാവണമെന്ന് സൗദി ചേംബ൪ കൗൺസിലിലെ വിദേശ വിദ്യാഭ്യാസ സമിതി മേധാവി ഡോ. മൻസൂ൪ അൽഖനീസാൻ അഭ്യ൪ഥിച്ചു. വിദേശി ജോലിക്കാരുടെ ആശ്രിതവിസയിൽ കഴിയുന്ന ഭാര്യമാരും മക്കളും സ്കൂളിൻെറ സ്പോൺസ൪ഷിപ്പിലേക്ക് മാറണമെന്ന് തൊഴിൽ മന്ത്രാലയം നി൪ബന്ധം പിടിക്കുന്നത് രാജ്യത്തെ അഞ്ച് ലക്ഷം വിദ്യാ൪ഥികളുടെ പഠനത്തെയും ഭാവിയെയും ബാധിക്കും. അധ്യാപനത്തിന് യോഗ്യരായവ൪ക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന പെ൪മിറ്റ് കാ൪ഡും റസിഡൻസ് രേഖകളും ഉള്ളവ൪ക്ക് നി൪ണിതവ൪ഷത്തേക്ക് ജോലി ചെയ്യാൻ ഇളവ് അനുവദിക്കണം. അതോടൊപ്പം സ്കൂളുകൾക്ക് ആവശ്യമായ വിസ അനുവദിക്കാനുള്ള നടപടിയും തൊഴിൽ മന്ത്രാലയം ലളിതമാക്കണം. വിസയിലോ സ്പോൺസ൪ഷിപ്പ് മാറ്റത്തിലോ അധ്യാപകരെ കണ്ടത്തൊൻ സ്കൂളുകൾക്ക് ഭാരിച്ച സംഖ്യ ചെലവ് വരുമെന്നതും തൊഴിൽ മന്ത്രാലയത്തിൻെറ പരിഗണനയിലുണ്ടാവണം.
നിലവിൽ ആശ്രിത വിസയിൽ അധ്യാപികമാരായി ജോലി ചെയ്യുന്നവരിൽ 30 മുതൽ 40 ശതമാനം പേരും സ്പോൺസ൪ഷിപ്പ് മാറാൻ തയാറല്ല. 40 ശതമാനത്തോളം അധ്യാപികമാരുടെ ഒഴിഞ്ഞുപോക്ക് വിദേശസ്കൂളുകൾക്ക് പുതിയ അധ്യയന വ൪ഷത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡോ. മൻസൂ൪ പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലക്ക് തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്ന തീരുമാനത്തിൽ നിന്ന് തൊഴിൽ മന്ത്രാലയം പിന്മാറണമെന്ന് കമ്മിറ്റി മേധാവി അഭ്യ൪ഥിച്ചു. തൊഴിൽ, വിദ്യാഭ്യാസ, ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്തമായി ആലോചിച്ചാണ് ഇത്തരം പ്രശ്നങ്ങളിൽ പ്രായോഗിക തീരുമാനമുണ്ടാവേണ്ടതെന്നും ചേംബ൪ കൗൺസിൽ പ്രതിനിധി നി൪ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.