ആരോഗ്യ ഇന്‍ഷുറന്‍സ്: അംഗീകൃത കമ്പനികളുടെ പട്ടിക പുറത്തിറക്കി

ദുബൈ: ദുബൈയിലെ താമസക്കാ൪ക്കുള്ള നി൪ബന്ധിത ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന അംഗീകൃത കമ്പനികളുടെ പട്ടിക ദുബൈ ഹെൽത്ത് അതോറിറ്റി പുറത്തിറക്കി. 43 ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്കും ഏഴ് പാ൪ടിസിപേറ്റിങ് ഇൻഷുറൻസ് കമ്പനികൾക്കുമാണ് അനുമതി. കുറഞ്ഞ വരുമാനക്കാ൪ക്ക് ഇൻഷുറൻസ് ഉറപ്പാക്കാൻ കൂടുതൽ യോഗ്യതാ മാനദണ്ഡങ്ങൾക്ക് വിധേയമായവയാണ് പാ൪ടിസിപേറ്റിങ് കമ്പനികൾ. 50 കമ്പനികൾക്കും ആരോഗ്യ ഇൻഷുറൻസ് പെ൪മിറ്റ് അനുവദിച്ചിട്ടുണ്ട്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും അംഗീകാരം ലഭിച്ചവയിൽ പെടും. ഒരുവ൪ഷത്തേക്ക് 500 മുതൽ 700 ദി൪ഹം വരെയാണ് പ്രീമിയമായി ഈടാക്കുക.    
4000 ദി൪ഹത്തിന് താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഒരുക്കുകയാണ് പാ൪ടിസിപേറ്റിങ് കമ്പനികളുടെ ചുമതല. ചെറിയ ലാഭം മാത്രമേ കമ്പനികൾക്ക് ഇത്തരം തൊഴിലാളികളിൽ നിന്ന് ലഭിക്കൂ. അതിനാൽ ഈ കമ്പനികൾക്ക് കൂടുതൽ യോഗ്യതാ മാനദണ്ഡങ്ങൾ ഏ൪പ്പെടുത്തിയിരുന്നു. സന്തോഷം എന്ന് അ൪ഥം വരുന്ന ഇസഹ്ദ് എന്നാണ് ഇൻഷുറൻസ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇൻഷുറൻസ് കമ്പനികളെല്ലാം ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ഓൺലൈൻ മാനേജ്മെൻറ് സംവിധാനമായ eClaimlink.ae ഉപയോഗപ്പെടുത്തണം.
നിരവധി ഘട്ടങ്ങളായാണ് ആരോഗ്യ ഇൻഷുറൻസ് ദുബൈയിൽ നടപ്പാക്കുക. ആയിരവും അതിൽ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഈ വ൪ഷം ഒക്ടോബറിനകം ഇൻഷുറൻസ് പരിരക്ഷ ഏ൪പ്പെടുത്തിയിരിക്കണം. 100 മുതൽ 999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 2015 ജൂലൈ വരെയും 100ൽ താഴെ തൊഴിലാളികളുള്ളവ൪ക്ക് 2016 ജൂൺ വരെയും സമയമുണ്ട്. ഇണകൾ, ആശ്രിത൪, വീട്ടുവേലക്കാ൪ എന്നിവ൪ക്കും 2016 ജൂണാണ് അന്തിമ സമയപരിധി.
ജനറൽ ഫിസിഷ്യൻെറ സേവനം, വിദഗ്ധ ഡോക്ട൪മാരുടെ സേവനം, ശസ്ത്രക്രിയ, ലബോറട്ടറി പരിശോധനകൾ, അടിയന്തര സ൪വീസുകൾ, പ്രസവ പരിചരണം എന്നിവ ഇൻഷുറൻസ് പരിരക്ഷക്ക് കീഴിൽ വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.