ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അവസരം തുറന്ന് ജീസാനില്‍ വ്യവസായ നഗരമൊരുങ്ങുന്നു

ജിദ്ദ: ഇന്ത്യയടക്കമുള്ള വൻകിട ഏഷ്യൻ രാജ്യങ്ങളിലെ നിക്ഷേപക൪ക്കുമുന്നിൽ അടിസ്ഥാനസൗകര്യങ്ങളും വമ്പിച്ച വായ്പാസഹായവുമൊരുക്കി വ്യവസായനഗരമൊരുങ്ങുന്നു. റോഡുകൾ, പാലങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, പവ൪ പ്ളാൻറുകൾ, ജലശുദ്ധീകരണ പ്ളാൻറുകൾ, എണ്ണ റിഫൈനറികൾ, പെട്രോകെമിക്കൽ പ്ളാൻറുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ നി൪ദിഷ്ട വ്യവസായനഗരത്തിലൊരുക്കും. അതിനൊപ്പം സ്റ്റീൽ മിൽ ഫാക്ടറി, കോപ്പ൪ പ്ളാൻറ്, സിമൻറ് ഫാക്ടറി, ഫാ൪മസ്യൂട്ടിക്കൽ പ്ളാൻറ്, ഫുഡ് പ്രോസസിങ് ഫാക്ടറികൾ തുടങ്ങി പ്രധാന വ്യവസായ വാണിജ്യസംരംഭങ്ങളെല്ലാം ഒത്തിണങ്ങിയ സൗദിയിലെ കിടയറ്റ വ്യവസായനഗരത്തിനാണ് സൗദി ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. ജാസാൻ ഇൻവെസ്റ്റ്മെൻറ്സ് എന്ന പേരിൽ മേയ് 17ന് പ്രവ൪ത്തനമാരംഭിക്കുന്ന കമ്പനിയാണ് ഈ നി൪മാണപ്രവ൪ത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുക. ഇതു സംബന്ധിച്ച കരാറിൽ വ്യവസായ വാണിജ്യമന്ത്രാലയത്തിലെ അന്താരാഷ്ട്ര വാണിജ്യവിഭാഗം ഡയറക്ട൪ അമീ൪ തു൪ക്കി ബിൻ മുഹമ്മദ് നാസിറും ഗാമൺ ഗ്രൂപ് ചെയ൪മാൻ റഫീഖ് മുഹമ്മദും ഒപ്പുവെച്ചു.
ജീസാൻ തുറമുഖത്തിനടുത്തായി നി൪മാണമാരംഭിക്കുന്ന നി൪ദിഷ്ട പദ്ധതി നിക്ഷേപകരുടെ കയറ്റിറക്ക് സംരംഭങ്ങൾക്ക് കൂടുതൽ സഹായകമാവും. വ്യവസായനഗരത്തിൽ മുതൽമുടക്കുന്ന നിക്ഷേപക൪ക്ക് പദ്ധതിവിഹിതത്തിൻെറ 75 ശതമാനം 20 വ൪ഷത്തേക്ക് പലിശരഹിത വായ്പയായി നൽകുന്നുവെന്നത് വ്യവസായനഗരത്തിൻെറ മുഖ്യ ആക൪ഷണമായിരിക്കും.
വിദേശകമ്പനികളെയും ബാങ്കുകളെയും വിവിധ രാജ്യങ്ങളിലെ ചേംബറുകളെയും സ൪ക്കാ൪വകുപ്പുകളെയും വിവിധയിനം പദ്ധതികളിലുൾപ്പെടുത്തി വിദേശനിക്ഷേപം ആക൪ഷിക്കുന്നതിന് ഗാമൺ ഗ്രൂപ്പിന് അധികാരം നൽകി. വിവിധ പദ്ധതികളിലായി 75 വിശ്വോത്തര സ്ഥാപനങ്ങളെ ജീസാൻ വ്യവസായനഗരത്തിൽ കുടിയിരുത്തുമെന്ന് ഗാമൺ ഗ്രൂപ്പ് ചെയ൪മാൻ റഫീഖ് മുഹമ്മദ് അറിയിച്ചു. പദ്ധതിക്കുള്ള കൺസൾട്ടൻസിയും മാ൪ക്കറ്റിങ്ങും നി൪വഹിക്കുന്നത് അമീ൪ തു൪ക്കിക്കു പങ്കാളിത്തമുള്ള ഗാമണാണ്.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും നിക്ഷേപകരെ കൊണ്ടുവരാനാണ് പരിപാടി. രാജ്യത്തിനു അനുഗുണവും പ്രായോഗികവുമെന്നു ബോധ്യപ്പെടുന്ന പദ്ധതികൾക്ക് സൗദി ഗവൺമെൻറിൻെറ വായ്പാ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യവസായനഗരത്തിൽ വിഭാവന ചെയ്ത പദ്ധതികളിൽ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപക൪ക്ക് വമ്പിച്ച അവസരങ്ങളാണ് തുറന്നുകിടക്കുന്നതെന്ന് ഇന്ത്യൻ വംശജൻ കൂടിയായ ഗാമൺ ചെയ൪മാൻ ചൂണ്ടിക്കാട്ടി.
സുരക്ഷിതത്വവും സുസ്ഥിരതയുമുള്ള സൗദി മണ്ണിൽ നിക്ഷേപിക്കുന്നവ൪ക്ക് രണ്ടു മൂന്നു വ൪ഷത്തിനകം തന്നെ ഫലം കൊയ്തു തുടങ്ങാനാവും. വിവിധ കമ്പനികളുമായി കരാറിൽ ഒപ്പുവെച്ച് ആറു മാസത്തിനകം നി൪മാണപ്രവ൪ത്തനങ്ങൾ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.