തൊടുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ട ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

തൊടുപുഴ: നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ട ആക്രമണം. രണ്ട് വാഹനങ്ങളിലായി വന്ന പത്തംഗസംഘം കമ്പ്യൂട്ടര്‍ സ്ഥാപനം അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ സ്വകാര്യചാനല്‍ കാമറമാനടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവം ചിത്രീകരിക്കാനെത്തിയ സ്വകാര്യചാനലിന്‍െറ കാമറ അക്രമിസംഘം അടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ റെസ്റ്റ് ഹൗസിന് സമീപത്തായിരുന്നു സംഭവം. ഇന്നോവ, സാന്‍ട്രോ വാഹനങ്ങളിലെത്തിയ സംഘം കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ആയുധങ്ങളുമായി ഇടിച്ചുകയറുകയായിരുന്നു. സ്ഥാപനത്തിന്‍െറ കാബിനുകളും ചില്ലുകളും അടിച്ചുതകര്‍ത്ത സംഘം ജീവനക്കാരായ ജിബിന്‍, റെയ്സണ്‍, ശരത് എന്നിവരെ പട്ടികകള്‍ കൊണ്ടും വടികൊണ്ടും മര്‍ദിച്ചു. ഈ സമയം സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രാദേശികചാനല്‍ ഓഫിസിലെ കാമറമാന്‍ സുനില്‍ രംഗം ചിത്രീകരിക്കാന്‍ ശ്രമിച്ചത് ക്വട്ടേഷന്‍ സംഘാംഗങ്ങളെ പ്രകോപിതരാക്കി. ചാനല്‍ കാമറമാന്‍െറ നേരെ അക്രമിസംഘം തിരിഞ്ഞു. തുടര്‍ന്ന് സുനില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രസ് ക്ളബിന് സമീപത്തുവെച്ച് ഇയാളെ തടഞ്ഞുനിര്‍ത്തി അക്രമിസംഘം കാമറ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. സുനിലിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇതിനിടെ, ഓടിക്കൂടിയ നാട്ടുകാര്‍ പിടിച്ചുമാറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാരില്‍ ചിലര്‍ക്കും മര്‍ദനമേറ്റു. നാട്ടുകാര്‍ സംഘടിച്ചതിനെത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. 15മിനിറ്റോളം നഗരമധ്യത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടില്ല. അക്രമികള്‍ നഗരത്തില്‍ എത്തിയ ദൃശ്യം പൊലീസ് കാമറയില്‍ പതിഞ്ഞെന്ന് പറയുമ്പോഴും ഇവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്‍െറ വീഴ്ചയാണെന്നും ആക്ഷേപം ഉയര്‍ന്നു. രക്ഷപ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ ഇന്നോവ വെങ്ങല്ലൂരിന് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. ഇതില്‍നിന്ന് വടിവാളുകള്‍ കണ്ടെടുത്തു. വാഹനം നിന്നുപോയതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് പോവുകയായിരുന്നെന്നാണ് കരുതുന്നത്. 18നും 30നും ഇടക്ക് വയസ്സുള്ളവരായിരുന്നു ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്.ഐ സുബ്രഹ്മണ്യന്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായി ഉണ്ടായ പ്രശ്നമാണ് സംഭവത്തിനുപിന്നിലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.