ദുബൈ: തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയിൽ കേരളത്തിലെ ആം ആദ്മി പ്രവ൪ത്തക൪ക്ക് യു.എ.ഇയിൽ നിന്നൊരു ഗാനോപഹാരം. ‘ചൂലിൻെറ ഇന്ദ്രജാലം’ (മാജിക് ഓഫ് ബ്രൂം) എന്ന പേരിൽ പുറത്തിറക്കിയ ആൽബം യുട്യൂബിൽ ഹിറ്റായി മാറുകയാണ്. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പ്രവ൪ത്തക൪ ഗാനം ഉപയോഗപ്പെടുത്തുന്നുണ്ട്.
ആം ആദ്മി പാ൪ട്ടി സിന്ദാബാദ്... അഴിമതിയുടെ ദു൪ഭരണം മൂ൪ദാബാദ്...എന്ന് തുടങ്ങുന്ന ആൽബത്തിൻെറ രചനയും സംഗീതവും നി൪വഹിച്ചിരിക്കുന്നത് ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് അത്തോളി സ്വദേശി സുബൈ൪ അന്നശ്ശേരിയെന്ന യുവാവാണ്.
ആം ആദ്മി അനുഭാവികളായ സഹതാമസക്കാരുമായുള്ള ച൪ച്ചയിലാണ് ആൽബമെന്ന ആശയം രൂപപ്പെട്ടതെന്ന് സുബൈ൪ പറഞ്ഞു. മജീദ്, ഷെമീ൪, ഇല്യാസ്, രിഫാഇ, രതീഷ് തുടങ്ങിയവരായിരുന്നു ച൪ച്ചകളിൽ പങ്കെടുത്തത്. സാധാരണക്കാരൻെറ പാ൪ട്ടിയെന്ന ഇമേജാണ് ഇവരെ ആം ആദ്മിയിലേക്ക് ആക൪ഷിച്ചത്. ഫേസ്ബുക്കിലൂടെയും മറ്റ് സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിലൂടെയും പരിചയപ്പെട്ട യു.എ.ഇയിലെ ആം ആദ്മി പ്രവ൪ത്തകരുമായി വിഷയം ച൪ച്ച ചെയ്തു. ആപ് യു.എ.ഇ ഫോറത്തിൻെറ ചുമതലയുള്ള വാഹിദുമായി സംസാരിച്ചപ്പോൾ ആൽബം നി൪മിക്കാനുള്ള പണം മുടക്കാൻ അവ൪ തയാറായി. കേരള ഘടകവുമായി ഇക്കാര്യം ച൪ച്ച നടത്തുകയും ചെയ്തു. വാഹിദ്, അസീസ് ദാസ്, സന്തോഷ്, ജേക്കബ്, ജെയിംസ്, തോമസ് എന്നിവരാണ് ആൽബം നി൪മാണത്തിനുള്ള തുക പങ്കിട്ടെടുത്തത്. ഹിന്ദിയിൽ ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ആ ഭാഷയിൽ വേറെയും ഗാനങ്ങളുണ്ടെന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മലയാളത്തിലിറക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നീടുള്ള പ്രവ൪ത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. മൂന്ന് ദിവസം കൊണ്ട് സുബൈ൪ പാട്ടെഴുതി ട്യൂണിട്ടു. അൻവ൪ അമൻ ഓ൪ക്കസ്ട്രയൊരുക്കി. കൊച്ചിയിലെ സ്റ്റുഡിയോയിൽ റെക്കോഡിങ് നടത്തി. പിന്നണി ഗായകൻ സിയാവുൽ ഹഖാണ് പാടിയത്. യു.എ.ഇയിലും നാട്ടിലുമായി ആൽബത്തിൻെറ ചിത്രീകരണം പൂ൪ത്തിയാക്കി. എച്ച്.പി ഹരി സംവിധാനം നി൪വഹിച്ചു. 20,000 രൂപയോളം ചെലവിൽ 10 ദിവസം മാത്രമെടുത്താണ് ആൽബം ഒരുക്കിയത്. നാല് ദിവസം മുമ്പ് യുട്യൂബിൽ അപ്ലോഡ് ചെയ്ത പാട്ട് ഇതുവരെ പതിനായിരത്തോളം പേ൪ കണ്ടെന്ന് സുബൈ൪ പറയുന്നു. ആൽബം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. ധാരാളം പേ൪ അഭിനന്ദിച്ചു.
ചെറുപ്പം മുതലേ പാട്ടുകാരനായ സുബൈറിന് നാട്ടിൽ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വിവാഹ വീടുകളിലും സുഹൃത്തുക്കളുമൊത്തുള്ള ഒത്തുചേരലിലും പാടുമെന്ന് മാത്രം. ജോലി തേടി 11 വ൪ഷം മുമ്പ് കടൽ കടന്നതാണ് തന്നിലെ ഗായകനെ വള൪ത്തിയതെന്ന് സുബൈ൪ പറയുന്നു. ഡ്രൈവ൪ ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിൽ ഗാന രചനയും ആലാപനവും നടത്തും. സ്വന്തം കൈയിൽ നിന്ന് പണം മുടക്കി നൂറു സ്വപ്നം, ഗേൾഫ്രണ്ട് എന്നീ ആൽബങ്ങൾ നി൪മിച്ചു. നിരവധി സ്വപ്നങ്ങളുമായി ഗൾഫിലത്തെുന്ന പ്രവാസി പകുതി പോലും പൂ൪ത്തിയാക്കാനാവാതെ മടങ്ങുന്നതാണ് നൂറു സ്വപ്നത്തിൻെറ പ്രമേയം. കലയെ മനുഷ്യ നന്മക്കായി ഉപയോഗപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് പരിമിതികൾക്കിടയിലും ഗാന സപര്യയുമായി സുബൈ൪ മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.