അപകടത്തില്‍ കണ്ണ് നഷ്ടപ്പെട്ട കൊല്ലം സ്വദേശിക്ക് 1.66 കോടി രൂപ നഷ്ടപരിഹാരം

ദുബൈ: ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ ഇടതുകണ്ണ് നഷ്ടമായ മലയാളി യുവാവിന് അബൂദബി പ്രാഥമിക കോടതി വിധിച്ച 10 ലക്ഷം ദി൪ഹം (1.66 കോടി രൂപ) നഷ്ടപരിഹാരം സുപ്രീംകോടതി ശരിവെച്ചു. കൊല്ലം ചെറിയഴീക്കൽ നമ്പിശ്ശേരി വീട്ടിൽ രാജു പ്രേംകുമാറിനാണ് വൻ തുക നഷ്ടപരിഹാരം ലഭിച്ചത്.
അബൂദബിയിലെ കോൺട്രാക്റ്റിങ് കമ്പനിയിൽ സ൪വേയറായി ജോലി ചെയ്യുകയായിരുന്നു പ്രേംകുമാ൪. കമ്പനിയുടെ പ്രോജക്റ്റായ ഷഹാമ സാദിയാത്ത് റോഡിൻെറ നി൪മാണ ജോലിക്കിടെ 2009 മെയ് 11നായിരുന്നു അപകടം. ജോലി സ്ഥലത്തുണ്ടായിരുന്ന ഷവൽ യന്ത്രം രാജുവിൻെറ പിൻഭാഗത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പ്രേംകുമാറിൻെറ മുഖം തൊട്ടുമുന്നിൽ ഉറപ്പിച്ചിരുന്ന ടോട്ടൽ സ്റ്റേഷൻ എന്ന വലിയ കാമറയിൽ ഇടിച്ചു. സുരക്ഷാ കണ്ണട പൊട്ടി കണ്ണുകൾക്കും മുഖത്തും സാരമായി പരിക്കേറ്റു. പ്രാഥമിക ചികിത്സക്ക് ശേഷം അബൂദബി മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റി. 20 ദിവസം ചികിത്സയിലിരുന്നെങ്കിലും ഇടതുകണ്ണിൻെറ കാഴ്ച പൂ൪ണമായി നഷ്ടപ്പെട്ടു. മുഖത്തെ എല്ലുകൾ പൊട്ടുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു.
തുട൪ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിന് മുമ്പ് 30 ലക്ഷം ദി൪ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന അബൂദബി പ്രാഥമിക കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതി 10 ലക്ഷം ദി൪ഹം നഷ്ടപരിഹാരം വിധിച്ചു. എന്നാൽ ജോലി ചെയ്തിരുന്ന കമ്പനിയും ഇൻഷുറൻസ് കമ്പനിയും വിധിക്കെതിരെ അപ്പീൽ പോയി. അപ്പീൽ കോടതി പ്രാഥമിക കോടതിയുടെ വിധി ശരിവെച്ചു. വീണ്ടും എതി൪കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും പ്രാഥമിക കോടതിയുടെ വിധി ശരിവെച്ചതോടെ പ്രേംകുമാറിന് നഷ്ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങുകയായിരുന്നു. ഇപ്പോൾ നാട്ടിലുള്ള പ്രേംകുമാറിന് നഷ്ടപരിഹാര തുകക്കുള്ള ചെക്ക് ഉടൻ കൈമാറുമെന്ന് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.