റോഡിന്‍െറ വീതിയില്ലായ്മ; അന്തര്‍സംസ്ഥാന പാത വികസനത്തിന് വിലങ്ങുതടിയായി

മാവൂ൪: കോഴിക്കോട്-ഊട്ടി ഹ്രസ്വദൂര പാത അന്ത൪സംസ്ഥാന പാതയായി പ്രഖ്യാപിക്കുന്നതിന് റോഡിൻെറ വീതിയില്ലായ്മ തടസ്സമാകുന്നു. മാവൂരിൽനിന്ന് ചാത്തമംഗലം-കൊടിയത്തൂ൪ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എരഞ്ഞിമാവിലെത്തുന്നതാണ് റോഡ്. 2009ൽ സി.ആ൪.എഫ് ഫണ്ടിൽനിന്ന് അനുവദിച്ച പത്തര കോടിയോളം രൂപ വിനിയോഗിച്ചാണ് കോഴിക്കോട്-ഊട്ടി ഹ്രസ്വദൂര പാതക്കുവേണ്ടി റോഡ് നവീകരിച്ചത്.
മാവൂ൪ പഞ്ചായത്തിലെ തെങ്ങിലക്കടവിൽ തുടങ്ങി കൊടിയത്തൂ൪ പഞ്ചായത്തിലെ എരഞ്ഞിമാവുവരെയുള്ള പത്തര കിലോമീറ്റ൪ റോഡാണ് നവീകരിച്ചത്. അഞ്ചര മീറ്റ൪ വീതിയിലാണ് പദ്ധതിയനുസരിച്ച് ടാറിങ് ചെയ്യേണ്ടത്. റോഡ് കടന്നുപോകുന്ന കൊടിയത്തൂ൪, ചാത്തമംഗലം പഞ്ചായത്തുകളുടെ പരിധിയിലൊക്കെ ഈ അളവിനനുസൃതമായി തന്നെയാണ് ടാറിങ് ചെയ്തത്.
എന്നാൽ, മാവൂ൪ പഞ്ചായത്തിൻെറ പരിധിയിൽ വരുന്ന വിവിധ ഭാഗങ്ങളിലാണ് റോഡിന് വേണ്ടത്ര വീതിയില്ലാത്തത്. എളമരംകടവ്, താത്തൂ൪പൊയിൽ, പി.എച്ച്.ഇ.ഡി തുടങ്ങിയ സ്ഥലങ്ങളിൽ നിലവിൽ റോഡിന് നാലു മീറ്റ൪പോലും വീതിയിൽ ടാ൪ ചെയ്തിട്ടില്ല.
റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വീതികൂട്ടുന്നത് തുടങ്ങിയപ്പോൾ സ്വകാര്യ വ്യക്തികളൊക്കെ സ്ഥലം വിട്ടുനൽകി. എന്നാൽ, മാവൂ൪ പഞ്ചായത്തിൽ റോഡിന് വീതിയില്ലാത്ത സ്ഥലം ഏറ്റെടുക്കാൻ മുൻ പഞ്ചായത്ത് ഭരണസമിതിയോ നിലവിലെ ഭരണസമിതിയോ ദീ൪ഘവീക്ഷണത്തോടെയുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. നവീകരണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. അതിനുവേണ്ടി നിരവധി തവണ യോഗങ്ങളും നടത്തി. അതുപ്രകാരം എളമരം ഭാഗത്തെ ഏതാനും സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടുനൽകുകയും ചെയ്തു. ഈ സ്ഥലങ്ങളൊക്കെ കിട്ടിയ മുറക്കുതന്നെ കെട്ടിയെടുത്തെങ്കിലും പിന്നീട് ബാക്കി സ്ഥലങ്ങൾ ലഭ്യമാക്കാൻ ഒരു  ശ്രമവും നടത്തിയില്ല. അതോടെ സ്ഥലം നൽകിയവരൊക്കെ കബളിപ്പിക്കപ്പെട്ട അവസ്ഥയിലുമായി. റോഡിന് സ്ഥലം ഏറ്റെടുത്ത് നൽകാൻ അധികൃത൪ തയാറാകാതിരുന്നതോടെ റോഡ് നി൪മാണപ്രവൃത്തി ഏറ്റെടുത്തവ൪ കിട്ടിയ സ്ഥലത്ത് തോന്നിയ വീതിയിലാണ് ടാ൪ ചെയ്തത്. റോഡ് മിക്കയിടത്തും പല വീതിയിലും പഴയ റോഡിൽനിന്ന് ഏറെ ഉയ൪ത്തിയും ടാ൪ ചെയ്തതിനാൽ റോഡിലെ ഈ ചതിയിലകപ്പെട്ട് നിത്യേനയെന്നോണം അപകടങ്ങളും ഉണ്ടാകാറുണ്ട്. കോഴിക്കോട് നഗരത്തിൽനിന്ന് ഊട്ടിയിലേക്ക് ഇതുവഴി 12 കിലോമീറ്ററോളം ദൂരം കുറവാണ്. അധികൃത൪ അനാസ്ഥ വെടിഞ്ഞ് ഉണ൪ന്നുപ്രവ൪ത്തിക്കണമെന്നാണ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.