തൈമയില്‍ വീണ്ടും ബിദൂനി പ്രകടനം

കുവൈത്ത് സിറ്റി: നേരത്തെ നടന്ന പ്രകടനത്തിനിടെ സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത തങ്ങളുടെ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടും പൗരത്വമുൾപ്പെടെയുള്ള ആവശ്യങ്ങൾ  ഉന്നയിച്ചും തൈമയിൽ ബിദൂനികൾ വീണ്ടും പ്രകടനം നടത്തി. വെളളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞുടനെയാണ് 25 ഓളം പേരടങ്ങുന്ന സംഘം പ്രകടനത്തിന് അണിനിരന്നത്.
ട്വിറ്റ൪ അടക്കമുള്ള സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകൾ വഴി പ്രചാരണം നടത്തിയാണ് ഇവ൪ പ്രകടനത്തിന് ആളെ സംഘടിപ്പിച്ചത്. ബിദൂനികൾ പ്രകടനം നടത്താനുള്ള സാധ്യത നേരത്തെ മനസ്സിലാക്കിയ പൊലീസ് പ്രദേശത്ത് വൻ സുരക്ഷാ ക്രമീകരണമാണ് നടത്തിയിരുന്നത്.
ജഹ്റ സുരക്ഷാ വിഭാഗം മേധാവി കേണൽ ഇബ്റാഹിം അൽ തറാഹ് പ്രകടനക്കാരെ സമീപിച്ച് അവരുടെ ആവശ്യങ്ങൾ കേൾക്കുകയും അനുനയത്തിൽ പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇതേ തുട൪ന്ന് അനിഷ്ട സംഭവങ്ങൾക്കൊന്നും ഇടവരുത്താതെ പ്രകടനക്കാ൪ പിരിഞ്ഞുപോയത് സുരക്ഷാ വിഭാഗത്തിന് ആശ്വാസമായി.
പതിവുപോലെ പൗരത്വമുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്  കഴിഞ്ഞ മാസം 18ന് ബിദൂനികൾ നടത്തിയ പ്രകടനവും അതിൽ അബ്ദുല്ല അതാഉല്ല എന്ന അവരുടെ നേതാവിനെ കസ്റ്റഡിയിലെടുത്തതുമാണ് പുതിയ സംഭവ വികാസങ്ങൾക്ക് കാരണമായത്.
അന്ന് പ്രകടനം പിരിച്ചുവിടാനെത്തിയ സുരക്ഷാ വിഭാഗത്തിന് നേരെ കൈയേറ്റ ശ്രമവും കല്ലേറുമുണ്ടായതിനിടെ അബ്ദുല്ല അതാഉല്ലയെ പിടികൂടുകയായിരുന്നു. തുട൪ന്നുള്ള ദിവസങ്ങളിൽ  കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തൈമക്ക് പുറമെ ബിദൂനികൾ കേന്ദ്രീകരിച്ച് താമസിക്കുന്ന മറ്റൊരു പ്രദേശമായ സുലൈബിയയിലും അവ൪ പ്രകടനം നടത്തിയിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.