കോഴിക്കോട്: തൊഴിലവസരം ആവശ്യപ്പെട്ട് റാലിയിൽ പങ്കെടുത്തതിൻെറ പേരിൽ സംസ്ഥാനത്തെ പി.ജി നഴ്സിങ് വിദ്യാ൪ഥികളുടെ സ്റ്റൈപൻഡ് തടഞ്ഞു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂ൪, കോഴിക്കോട് സ൪ക്കാ൪ മെഡിക്കൽ കോളജുകളിലെ 220 പി.ജി നഴ്സിങ് വിദ്യാ൪ഥികളുടെ സ്റ്റൈപൻഡ് വിതരണമാണ് നി൪ത്തിവെച്ചത്.
പുതിയ ഉത്തരവിറങ്ങുംവരെ സ്റ്റൈപൻഡ് വിതരണം നി൪ത്തിവെക്കാനാണ് ആരോഗ്യവകുപ്പ് ഉത്തരവ്.
സ്റ്റൈപൻഡ് തടയണമെന്നു കാണിച്ച് സംസ്ഥാന നഴ്സിങ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ കത്ത് നഴ്സിങ് കോളജ് പ്രിൻസിപ്പൽമാ൪ക്ക് ലഭിച്ചു. പ്രോസ്പെക്ടസ് പ്രകാരം വിദ്യാ൪ഥികൾ ആക്ഷൻ കമ്മിറ്റിയുണ്ടാക്കുന്നതും റാലിയോ ധ൪ണയോ നടത്തുന്നതും ചട്ടവിരുദ്ധമെന്നാണ് കത്തിലുള്ളത്. അതിനാൽ, ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് നടന്ന റാലിയിൽ പങ്കെടുത്ത പി.ജി വിദ്യാ൪ഥികളുടെ സ്റ്റൈപൻഡ് തടയണമെന്നാണ് നി൪ദേശം. റാലി നടത്തിയ വിദ്യാ൪ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും വിശദീകരണം നഴ്സിങ് വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും വേണം. ഈ നടപടികളെല്ലാം പൂ൪ത്തിയാക്കിയ ശേഷമേ സ്റ്റൈപൻഡ് വിതരണം സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും കത്തിലുണ്ട്.
ഉപ ഡയറക്ടറുടെ നി൪ദേശം ലഭിച്ചതോടെ ഫെബ്രുവരിയിലെ സ്റ്റൈപൻഡ് വിതരണം പ്രിൻസിപ്പൽമാ൪ നി൪ത്തി.
13,900 രൂപയാണ് പി.ജി നഴ്സിങ് വിദ്യാ൪ഥികൾക്ക് പ്രതിമാസം നൽകുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ വാ൪ഡുകളിൽ നടത്തുന്ന സേവനത്തിനാണ് ഈ സ്റ്റൈപൻഡ്. റാലിയിൽ പങ്കെടുക്കാത്തവ൪ക്കും അവധിയിലുള്ളവ൪ക്കും സ്റ്റൈപൻഡ് നിഷേധിച്ചതായി പരാതിയുണ്ട്.
പുതുതായി അനുവദിച്ച കമ്യൂണിറ്റി ഹെൽത്ത് ഓഫിസ൪ തസ്തികയിലേക്ക് പി.ജി നഴ്സിങ് വിദ്യാ൪ഥികളെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാ൪ഥികൾ റാലി നടത്തിയത്.
തിരുവനന്തപുരത്ത് നടന്ന റാലി സ൪ക്കാറിനെതിരല്ലെന്നും ഭരണപക്ഷ എം.എൽ.എ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തത് ഇതിന് തെളിവാണെന്നും വിദ്യാ൪ഥികൾ പറയുന്നു.
ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടി.എൻ.എ.ഐ)പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റയാളാണ് നഴ്സിങ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറെന്നും ടി.എൻ.എ.ഐയുടെ പുതിയ ഭാരവാഹികൾ നേതൃത്വം നൽകിയ റാലിക്കുനേരെ പകപോക്കുകയാണ് ഉത്തരവിലൂടെ ഇവ൪ ചെയ്തതെന്നും ആരോപണമുണ്ട്.
സമരദിവസത്തെ സ്റ്റൈപൻഡ് തടയുന്നതിനു പകരം ഒരു മാസത്തേത് മുഴുവൻ റദ്ദാക്കുന്നതിൽ ദുരൂഹതയുണ്ടെന്നും വിദ്യാ൪ഥികൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.