കുളത്തൂപ്പുഴയില്‍ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

കുളത്തൂപ്പുഴ: അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. എട്ടുപേരെ അവശനിലയിൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പതേക്ക൪ തടത്തരികത്ത് വീട്ടിൽ അനശ്വര, വില്ലുമല മാമൂട്ടിൽ വീട്ടിൽ ശ്രീഹരി, മരുതിമൂട് വീട്ടിൽ സുരഞ്ജന, അനീഷ് ഭവനിൽ അനുഗ്രഹ, അമ്പതേക്ക൪ തടത്തരികത്ത് വീട്ടിൽ ദു൪ഗ, വൈഷ്ണവി, അനുഭവനിൽ അനൂപ്, കൃഷ്ണവിലാസം വീട്ടിൽ ഗൗരീകൃഷ്ണ എന്നിവരെ പുനലൂ൪ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുളത്തൂപ്പുഴ വില്ലുമല അങ്കണവാടിയിലെ കുട്ടികളെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ശക്തമായ ഛ൪ദിയെത്തുട൪ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചക്കുള്ള കഞ്ഞി കുടിച്ച ശേഷമാണ് കുട്ടികൾക്കിടയിൽ അസ്വസ്ഥത പ്രകടമായത്.
അങ്കണവാടിയിലെ പതിനാറ് കുട്ടികളിൽ ആറുപേ൪ ആദ്യം അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛ൪ദിക്കുകയുമായിരുന്നു. തുട൪ന്ന് അങ്കണവാടി ടീച്ചറും രക്ഷിതാക്കളും ചേ൪ന്ന് ഇവരെ കുളത്തൂപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. എന്നാൽ, വീണ്ടും കുട്ടികൾ ഛ൪ദിക്കുകയും പലരും അവശരാവുകയും ചെയ്തതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി എന്നിവ൪ ഇടപെട്ട് താലൂക്കാശുപത്രിയിലേക്ക് കുട്ടികളെ മാറ്റുകയായിരുന്നു. താലൂക്കാശുപത്രിയിലെത്തിയതോടെ അവശയായി ബോധംകെട്ട് വീണ അങ്കണവാടി ടീച്ച൪ ശശികുമാരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികൾക്ക് ഉച്ചക്കഞ്ഞി വെച്ചുനൽകിയ അരിയിൽ പൂപ്പൽ ബാധ ഏറ്റതാകാം ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ, പതിനാറ് കുട്ടികൾ ഉണ്ടായിരുന്ന അങ്കണവാടിയിൽ എട്ടു കുട്ടികൾ മാത്രമാണ് ഭക്ഷ്യവിഷബാധക്ക് ചികിത്സ തേടിയിട്ടുള്ളത്. കഞ്ഞി കുടിച്ച മറ്റു കുട്ടികൾ ബുദ്ധിമുട്ടുകൾ യാതൊന്നും പ്രകടിപ്പിക്കാത്തതിനാൽ  മറ്റ് പോഷകാഹാരങ്ങളിൽനിന്നും സംഭവിച്ചതാകാമെന്നും ആരോഗ്യ വകുപ്പ് അധികൃത൪ സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.