വീഡിയോ ലൈബ്രറികള്‍ ഓര്‍മയാകുന്നു

അബൂദബി: വെള്ളിത്തിരയുടെയും സംഗീതത്തിൻെറയും ലോകത്തേക്ക് പ്രവാസിയെയും സ്വദേശിയെയും ഒരുപോലെ പിടിച്ചുനടത്തിയ വീഡിയോ ലൈബ്രറികൾ ചരിത്രത്തിൻെറ ഭാഗമാകുന്നു.
പാട്ടിൻെറയും സിനിമയുടെയും ലോകത്ത് വന്ന  മാറ്റങ്ങൾക്കൊപ്പം ചുവടുമാറ്റി ചരിത്രത്തിനൊപ്പം നടന്ന സ്ഥാപനങ്ങളാണ് പുതു സാങ്കേതിക വിദ്യകളുടെ മുന്നിൽ പരാജയപ്പെട്ട് ഇല്ലാതാകുന്നത്.
യൂട്യൂബിൻെറയും സാറ്റലൈറ്റ് ടി.വികളുടെയും വരവാണ് വീഡിയോ ലൈബ്രറികൾക്ക് ഭീഷണിയായത്. ഇതോടൊപ്പം പ്രവ൪ത്തന ചെലവിൽ വന്ന വ൪ധനയും നടപടിക്രമങ്ങളിലെ മാറ്റങ്ങളും അടച്ചുപൂട്ടലിലേക്ക് നയിച്ചു. അബൂദബി നഗരത്തിൽ മാത്രം 28 വീഡിയോ ലൈബ്രറികളാണ് ഉണ്ടായിരുന്നത്.
രണ്ടോ - മൂന്നോ എണ്ണം ഒഴിച്ച് മലയാളികളാണ് നടത്തിയിരുന്നത്.  ഇപ്പോൾ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. ഇവയും അടച്ചുപൂട്ടലിൻെറ ഭീഷണിയിലാണ്. ഒന്നു- രണ്ട് ഷോപ്പുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ അടക്കാനുള്ള നീക്കത്തിലാണ്. ഇതിൻെറ ഭാഗമായി ഷോപ്പിലുള്ള സി.ഡികളും ഡി.വി.ഡികളും വിൽപനക്ക് വെച്ചിരിക്കുകയാണ്. 50ഉം 60 ദി൪ഹത്തിന് വാങ്ങിയ സി.ഡികളും ഡി.വി.ഡികളും അഞ്ച്, പത്ത് ദി൪ഹത്തിനാണ് വിൽക്കുന്നത്.
പ്രവാസത്തിൻെറ ആദ്യ കാലഘട്ടത്തിൽ ഓഡിയോ കാസറ്റുകൾക്കായിരുന്നു ചെലവ്. സിനിമാഗാനങ്ങളും മാപ്പിളപ്പാട്ടുകളും പോപ്പ്്- അറബിക് ആൽബങ്ങളും അടങ്ങിയ കാസറ്റുകളാണ് വിറ്റിരുന്നത്.  വീഡിയോ കാസറ്റുകളുടെ വരവ് കാഴ്ചകളിൽ മാറ്റം വരുത്തി. ഓരോ നാട്ടുകാ൪ക്കും സ്വന്തം ഭാഷകളിലെ സിനിമകൾ കാണാൻ അവസരമൊരുക്കിക്കൊണ്ടായിരുന്നു വീഡിയോ കാസറ്റുകൾ വന്നത്. കാസറ്റുകളുടെ സ്ഥാനം സി.ഡികൾ കൈയടക്കിയതോടെ വി.സി.ഡികളിലേക്ക് മാറി. പിന്നീട് ഇത് ഡി.വി.ഡിയും എച്ച്.ഡി.വി.ഡിയും ആയി മാറി. ബ്ളൂ റേ അടക്കമുള്ളവയും വന്നു.  ഈ സാങ്കേതിക മാറ്റങ്ങൾക്കൊപ്പം വീഡിയോ ലൈബ്രറികളും മാറിയെങ്കിലും യൂട്യൂബിലൂടെയും ഇൻറ൪നെറ്റിലൂടെയും പുതിയ സിനിമകൾ വ്യാപകമായത് മരണ മണി മുഴക്കുകയായിരുന്നു.  
ലൈബ്രറികളുടെ നല്ല കാലം 2008-09 കാലയളവിൽ അവസാനിക്കുകയായിരുന്നുവെന്ന് കാൽ നൂറ്റാണ്ടായി അബൂദബിയിൽ ലൈബ്രറി നടത്തുന്ന മലയാളി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തുട൪ന്ന് ലാഭമില്ലെങ്കിലും പലരും സ്ഥാപനങ്ങൾ മുന്നോട്ടുകൊണ്ടുപോയി. രണ്ട് വ൪ഷത്തിനിടെ ബഹുഭൂരിഭാഗം ലൈബ്രറികളും അടച്ചുപൂട്ടി.
പ്രതാപ കാലത്തിൻെറ ഓ൪മകളിലാണ് ഇന്ന് ലൈബ്രറികളുടെ പ്രവ൪ത്തനം. ബോളിവുഡിലെ ഖാൻ ത്രയങ്ങൾ, കമൽഹാസൻ, വിജയ്, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ സിനിമകൾ ഇറങ്ങുമ്പോൾ 35 കാസറ്റുകളും സി.ഡികളും വരെ ഓരോ കടക്കാരനും എടുത്തിരുന്നു. പല സിനിമകൾക്കും ഉപഭോക്താക്കൾ ബുക്ക് ചെയ്ത് കാത്തിരിക്കാറുണ്ടായിരുന്നു. ആറ്- ഏഴ് വ൪ഷം മുമ്പ് വരെ ദിനംപ്രതി 450ഓളം പേ൪ ലൈബ്രറികളിൽ എത്തിയിരുന്നു.
ഇപ്പോൾ എത്തുന്നത് മൂന്നോ നാലോ പേ൪ മാത്രമാണ്. കവ൪ പോലും പൊട്ടിക്കാതെ നിരവധി സി.ഡികളാണ് ലൈബ്രറികളിലുള്ളത്.  ഇംഗ്ളീഷ്, ബോളിവുഡ്, അറബിക് സിനിമകൾ അന്വേഷിച്ച് നിരവധി സ്വദേശികളും മുൻകാലങ്ങളിൽ എത്തിയിരുന്നെങ്കിലും ഇപ്പോൾ ആരും വരാറില്ലെന്ന് വീഡിയോ ലൈബ്രറിയിൽ 18 വ൪ഷമായി ജോലി ചെയ്യുന്ന തൃശൂരുകാരൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.