കൊച്ചി: വായകൂട്ടാതെ ആ൪ത്തിരമ്പിയ കാണികളും നി൪ത്താതെ അലമുറയിട്ട വാദ്യഘോഷങ്ങളും ചേ൪ന്നതോടെ നിശ്ശബ്ദത എന്തെന്ന് സ്റ്റേഡിയം അറിഞ്ഞില്ല. മൾട്ടി സ്റ്റാ൪ സിനിമയുടെ റിലീസ് ദിന തിയറ്റ൪ പൊലെ പുരുഷാരത്തെ സാക്ഷിയാക്കി കൊച്ചിയിൽ സെലിബ്രിറ്റി ലീഗ് ക്രിക്കറ്റ് മത്സരം അരങ്ങേറി. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെ വീ൪ മറാത്തിയും ക൪ണാടക ബുൾഡോസേഴ്സ്ും തമ്മിലെ മത്സരം ആരംഭിച്ചപ്പോഴേക്കും കലൂ൪ സ്റ്റേഡിയം പരിസരം നിറഞ്ഞിരുന്നു. മത്സരം പാതി പിന്നിട്ടതോടെ സ്റ്റേഡിയത്തിൻെറ പകുതിയോളം കാണികൾ കവ൪ന്നു. നിലക്കാത്ത ആരവത്താൽ ഗാലറി തിമി൪ക്കുന്നതിനിടെ 5.45ഓടെ കേരള സ്ട്രൈക്കേഴ്സ് ടീം സ്റ്റേഡിയത്തിലെത്തി. ഗാലറികളെ അഭിവാദ്യം ചെയ്ത് ടീം കളികണ്ടു. തൊട്ടുപിന്നാലെ ബ്രാൻഡ് അംബാസഡ൪ ഭാവന എത്തിയതോടെ വീണ്ടും ആരവം. ഇതിനിടെ, കോടിയേരി ബാലകൃഷ്ണനും സ്റ്റേഡിയത്തിലെത്തി.
ആദ്യമത്സരത്തിന് ശേഷം കേരള സ്ട്രൈക്കേഴ്സ് താരങ്ങൾ വാം അപ്പിനായി മൈതാനത്തിറങ്ങിയതോടെ മിനിറ്റുകൾ നീണ്ട കാതടപ്പിക്കുന്ന ശബ്ദഘോഷം. ആവേശം നൃത്തമായും ജയ് വിളികളുമായി തുടരുന്നതിനിടെ, നിശ്ചയിച്ചതിലും 25 മിനിറ്റ് വൈകി കേരള സ്ട്രൈക്കേഴ്സ് -ചെന്നൈ മത്സരത്തിന് തുടക്കമായി. പാലക്കാട്ട് ചികിത്സയിലായതിനാൽ നോൺ പ്ളെയിങ് ക്യാപ്റ്റനും കേരള ടീമിൻെറ ഉടമകളിൽ ഒരാളുമായ മോഹൻലാലും മംഗലാപുരത്ത് ഷൂട്ടിങ്ങിലായതിനാൽ മെഗാസ്റ്റാ൪ മമ്മൂട്ടിയും മത്സരം കാണാൻ എത്തിയില്ല. കഴിഞ്ഞ തവണ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിന് മുന്നിലായിരുന്നു മത്സരമെങ്കിൽ ഇത്തവണ കാൽ ഭാഗത്തോളം ഒഴിഞ്ഞുകിടന്നു. പ്രമുഖ താരങ്ങളൊന്നും കളിക്കാനില്ലാത്തതാണ് കാണികളെ അകറ്റിയത്. സ്ക്രീനിൽ ക്രിക്കറ്റ് താരമായി നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന നിവിൻ പോളിയും കൊച്ചിയിൽ കളിക്കാനിറങ്ങിയില്ല്ള.
ടോസ് നേടി കേരള സ്ട്രൈക്കേഴ്സ് ബാറ്റിങ് തെരഞ്ഞെടുത്തതോടെ സ്റ്റേഡിയം അത്യാവേശത്തിലായി. ആദ്യപന്ത് എറിഞ്ഞതോടെ ആരംഭിച്ച ആ൪ത്തലക്കൽ പെട്ടെന്ന് നിന്നു. രണ്ടാം പന്തിൽ ബിനീഷ് കോടിയേരിയുടെ വിക്കറ്റ് റണ്ണൗട്ടിലൂടെ നഷ്ടമായതോടെ സ്റ്റേഡിയം നിശ്ശബ്ദമായി. രാജീവ് പിള്ളക്ക് കൂട്ടായി അ൪ജുൻ നന്ദകുമാ൪ എത്തിയതോടെ ഗാലറിക്ക് വീണ്ടും ജീവൻവെച്ചു. ഒരോ റണ്ണിനും നിലക്കാതെ ആരവം. ചെന്നൈ റൈനോസിൻെറ ബ്രാൻഡ് അംബാസഡറായ തൃഷ സ്ക്രീനിൽ മിന്നിത്തെളിഞ്ഞതോടെ നിറഞ്ഞകൈയടി. ഇരുടീമിൻെറയും ബ്രാൻഡ് അംബാസഡ൪മാരായ ചലച്ചിത്ര താരങ്ങളായ സോണിയ അഗ൪വാൾ, മൈഥിലി തുടങ്ങിയവരും ഇന്ദ്രജിത്, പ്രിയദ൪ശൻ, ടിനി ടോം തുടങ്ങിയവരും ആവേശം പക൪ന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്നു. വിക്കറ്റ് വീഴുമ്പോഴും റൺസെടുക്കുമ്പോഴും ഒരുപോലെ ആഘോഷിച്ച കൊച്ചി, ചെന്നൈക്കാരുടെ സുന്ദരനിമിഷങ്ങളിൽ അവ൪ക്കൊപ്പവും നിന്നു. ചെന്നൈ ബാറ്റിങ്ങിനിറങ്ങിയപ്പോഴും കാഴ്ചകാ൪ക്ക് മാറ്റമുണ്ടായിരുന്നില്ല. ശിങ്കാരിമേളത്തിനൊപ്പം താളംചവിട്ടിയും മെക്സിക്കൻ തിരമാലകൾ തീ൪ത്തും കൊച്ചി കളി ആഘോഷിച്ചു. കൊടികളും വിശ്രമമില്ലാതെ ഗാലറിയിലൂടെ ഓടിനടന്നു. മോഹൻലാൽ അടക്കമുള്ളവരുടെ ഫ്ളക്സുകളുമായാണ് കാണികൾ എത്തിയത്്. മലയാള ചലച്ചിത്രതാരങ്ങളുടെ ടീമായ കേരള സ്ട്രൈക്കേഴ്സിൽ രാജീവ് പിള്ള, മണിക്കൂട്ടൻ, കലാഭവൻ പ്രജോദ് തുടങ്ങിയവരായിരുന്നു പ്രധാനികൾ. ചെന്നൈക്കായി വിശാൽ, ഭരത്, ശന്തനു എന്നിവരും മൈതാനത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.