എണ്ണ മേഖലയില്‍ സമര ഭീഷണി

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ മേഖല സമര ഭീഷണിയുടെ തീച്ചൂളയിൽ. വാ൪ഷിക ബോണസ് കുറച്ച നടപടിയിൽ പ്രതിഷേധിച്ചാണ് കുവൈത്ത് ഓയിൽ വ൪ക്കേഴ്സ് യൂനിയൻെറ ആഭിമുഖ്യത്തിൽ പണിമുടക്ക് ഭീഷണി മുഴക്കിയിരിക്കുന്നത്. എന്ന് മുതലാണ് പണിമുടക്കുകയെന്ന് യൂനിയൻ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ൪ക്കാറുമായുള്ള ച൪ച്ച പരാജയപ്പെട്ടതോടെ ഏത് സമയത്തും സമരമുണ്ടാവാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
രാജ്യത്തെ എണ്ണ മേഖലയിൽ 19,000 പേരാണ് ജോലി ചെയ്യുന്നത്. സ൪ക്കാ൪ കമ്പനികളിൽ നേരിട്ട് ജോലി ചെയ്യുന്നവരുടെ മാത്രം എണ്ണമാണിത്. ഇവരുടെ വാ൪ഷിക ബോണസ് കുവൈത്ത് പെട്രോളിയം കോ൪പറേഷൻ (കെ.പി.സി) അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. രാജ്യത്തിൻെറ സാമ്പത്തിക അവസ്ഥ അനുവദിക്കുന്നതിനെക്കാൾ വളരെ കൂടുതലാണ് നിലവിൽ എണ്ണ മേഖലയിലെ ജീവനക്കാ൪ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വാ൪ഷിക ബോണസ് എന്ന് വ്യക്തമാക്കിയായിരുന്നു ഇത്. ബജറ്റിൽ കാണിച്ചിരിക്കുന്ന ലാഭത്തിൻെറ 100 ശതമാനത്തിൽ കൂടുതൽ യഥാ൪ഥ ലാഭം ഉണ്ടാവുകയാണെങ്കിൽ അടിസ്ഥാന ശമ്പളത്തിൻെറ നാലിരട്ടി വരെ വാ൪ഷിക ബോണസ് ലഭിച്ചുകൊണ്ടിരുന്നതാണ് സ൪ക്കാ൪ വെട്ടിക്കുറച്ചത്.
എണ്ണ മേഖലയിലെ ജീവനക്കാ൪ക്ക് മികച്ച ശമ്പളമാണ് ലഭിക്കുന്നതെന്നും വാ൪ഷിക ബോണസ് പ്രവ൪ത്തന ലാഭത്തിന് അനുസൃതമാക്കുന്നതിൻെറ ഭാഗമായാണ് കുറച്ചതെന്നുമാണ് സ൪ക്കാ൪ നിലപാട്. എന്നാൽ, സൗദി അറേബ്യ, യു.എ.ഇ, ഖത്ത൪ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് പകുതി ശമ്പളമേ കുവൈത്തിലെ എണ്ണ മേഖലയിൽ ജോലി ചെയ്യുന്നവ൪ക്കുള്ളൂ എന്നാണ് യൂനിയൻ പറയുന്നത്. അതിനിടെ, ബോണസ് കൂടി കുറച്ചത് അംഗീകരിക്കാനാവില്ലെന്നും അവ൪ ചൂണ്ടിക്കാട്ടുന്നു.
പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുട൪ന്ന് കുവൈത്ത് ഓയിൽ വ൪ക്കേഴ്സ് യൂനിയൻ മേധാവി അബ്ദുൽ അസീസ് അൽ ശ൪ത്താനും പെട്രോളിയം മന്ത്രി അലി അൽ ഉമൈറും തമ്മിൽ കഴിഞ്ഞ ദിവസം ച൪ച്ച നടന്നിരുന്നു. എന്നാൽ, വെട്ടിക്കുറച്ച ബോണസ് പുന:സ്ഥാപിക്കാനാവില്ലെന്ന നിലപാടിൽ സ൪ക്കാ൪ ഉറച്ചുനിന്നതോടെ ച൪ച്ച അലസിപ്പിരിഞ്ഞു. കെ.പി.സി ഡയറക്ട൪ ബോ൪ഡിൻെറ തീരുമാനം റദ്ദാക്കാൻ സ൪ക്കാ൪ തയാറല്ലെന്ന് വ്യക്തമാക്കിയ മന്ത്രി പണിമുടക്കല്ല പ്രശ്ന പരിഹാരത്തിൻെറ വഴിയെന്ന് ജീവനക്കാരും യൂനിയനും മനസ്സിലാക്കണമെന്നും കൂട്ടിച്ചേ൪ത്തിരുന്നു.
യൂനിയൻ സമര ഭീഷണിയിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ സംജാതമാവുന്ന അവസ്ഥ നേരിടാൻ സ൪ക്കാ൪ ഒരുക്കമാണെന്ന് മന്ത്രി അലി അൽ ഉമൈ൪ പാ൪ലമെൻറിൽ വ്യക്തമാക്കിയിട്ടുണ്ട്. സ൪ക്കാ൪ കൂടുതൽ കാത്തിരിക്കില്ല. അടുത്തയാഴ്ച തുടക്കത്തിലെങ്കിലും സമര ഭീഷണിയിൽനിന്ന് പിന്മാറുന്നില്ലെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കും -മന്ത്രി വ്യക്തമാക്കി.
പണിമുടക്ക് അരങ്ങേറിയാലും ഉൽപാദനം തടസ്സപ്പെടാതെ നോക്കേണ്ടത് രാജ്യ താൽപര്യമാണെന്നും അതിനായി ആഭ്യന്തര മന്ത്രാലയത്തിൻെറയും നാഷണൽ ഗാ൪ഡിൻെറയും സഹായം തേടുമെന്നും അലി അൽ ഉമൈ൪ കൂട്ടിച്ചേ൪ത്തു.
അതിനിടെ, യൂനിയൻ പണിമുടക്ക് പ്രഖ്യാപിക്കുകയാണെങ്കിൽ അതെത്ര മാത്രം വിജയിക്കുമെന്നും കണ്ടറിയേണ്ടിവരും. കാരണം, കെ.പി.സിയിലെയും കുവൈത്ത് ഓയിൽ കമ്പനിയിലെയും കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിലെയും തൊഴിലാളി യൂനിയനുകളുടെ പന്തുണ കുവൈത്ത് ഓയിൽ വ൪ക്കേഴ്സ് യൂനിയനില്ലെന്ന് സൂചനയുണ്ട്.
അടുത്തിടെ ജീവനക്കാരെ സ്ഥലം മാറ്റിയത് റദ്ദാക്കുക, വിവിധ വിഭാഗങ്ങൾ ലയിപ്പിക്കാനുള്ള നടപടി പിൻവലിക്കുക, ആദ്യ അടിസ്ഥാന ശമ്പളത്തിന് പകരം അവസാനത്തെ അടിസ്ഥാന ശമ്പളം ബോണസിൻെറ അടിസ്ഥാനമായി പരിഗണിക്കുക, വിരമിക്കലിനെതിരെ കോടതി വിധി സമ്പാദിച്ചവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാൽ പണിമുടക്കില്ലെന്ന് ഈ യൂനിയനുകൾ കെ.പി.സി ഡയറക്ട൪ ബോ൪ഡുമായി നടത്തിയ ച൪ച്ചയിൽ ധാരണയായിട്ടുണ്ടെന്നാണറിയുന്നത്.
ലോകത്തിലെ നാലാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമായ കുവൈത്ത് മൂന്ന് റിഫൈനറികളിൽനിന്നായി ദിനംപ്രതി ശരാശരി 30 ലക്ഷം ബാരൽ പെട്രോളിയം ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിൽ 26 ലക്ഷം ബാരലെങ്കിലും കയറ്റിയയക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.