വിദേശികളുടെ എണ്ണം കുറക്കാന്‍ പാര്‍ലമെന്‍റില്‍ കരടുപ്രമേയം

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യാ സന്തുലനം നിലനി൪ത്താൻ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കണമെന്ന ആവശ്യവുമായി പാ൪ലമെൻറിൽ കരടുപ്രമേയം. ഇതിനുള്ള വിവിധ നി൪ദേശങ്ങളുമായി എം.പി അബ്ദുല്ല അൽ തമീമിയാണ് പ്രമേയം അവതരിപ്പിച്ചത്.
ഉയ൪ന്ന യോഗ്യതയില്ലാത്ത വിദേശികൾക്ക് രാജ്യത്ത് പരമാവധി തുടരാവുന്ന സമയപരിധി അഞ്ച് വ൪ഷമായി പരിമിതപ്പെടുത്തണമെന്നതാണ് 15 ആ൪ട്ടിക്കിളുകളുള്ള കരടുപ്രമേയത്തിലെ പ്രധാന നി൪ദേശം. ഇത് ഒരു സാഹചര്യത്തിലും നീട്ടിക്കൊടുക്കരുതെന്നും വ്യക്തമാക്കുന്നു. ജി.സി.സി, യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും പൗരന്മാരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഉയ൪ന്ന യോഗ്യത എന്താണെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നില്ല.
കുവൈത്തിലുള്ള ഒരു വിദേശ രാജ്യക്കാരുടെയും എണ്ണം സ്വദേശി ജനസംഖ്യയുടെ പത്ത് ശതമാനത്തിൽ കൂടാതെ നോക്കണമെന്നാണ് മറ്റൊരു സുപ്രധാന നി൪ദേശം. നിലവിൽ 12,40,000 സ്വദേശികളാണുള്ളത്. ഇതുപ്രകാരം ഒരു വിദേശ രാജ്യത്തുനിന്ന് പരമാവധി 1,24,000 പേ൪ മാത്രമേ കുവൈത്തിലുണ്ടാവാവൂ എന്ന് കരടുപ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാരും അഞ്ച് ലക്ഷത്തിലധികം ഈജിപ്തുകാരും രണ്ട് ലക്ഷത്തിലധികം ബംഗ്ളാദേശികളും കുവൈത്തിലുണ്ട്.
ആശ്രിത, സന്ദ൪ശക വിസകളുടെ നിയന്ത്രണമാണ് കരടുപ്രമേയത്തിൽ പറയുന്ന മറ്റൊരു പ്രധാന നി൪ദേശം. അഞ്ച് വ൪ഷ കാലാവധിയുള്ള വിദേശികൾക്ക് തങ്ങളുടെ ബന്ധുക്കളെ ആശ്രിത വിസയിലോ സന്ദ൪ശക വിസയിലോ കൊണ്ടുവരാനുള്ള അനുമതിയുണ്ടാവില്ല. നിലവിൽ അഞ്ച് വ൪ഷത്തിലധികമായി കുവൈത്തിലുള്ള ഈ വിഭാഗക്കാരുടെ ഇഖാമ നിയമം നടപ്പായി മൂന്ന് മാസത്തിനകം റദ്ദാക്കണമെന്നും നി൪ദേശമുണ്ട്. ഇത്തരത്തിൽ റദ്ദാക്കപ്പെട്ട ഇഖാമയുള്ളവരെ ജോലിക്ക് വെക്കുന്നവ൪ക്ക് രണ്ട് വ൪ഷം തടവും 10,000 ദീനാ൪ പിഴയും ശിക്ഷ നൽകാനും കരടുപ്രമേയം നി൪ദേശിക്കുന്നു.
രണ്ട് ലക്ഷ്യങ്ങളാണ് ഇത്തരമൊരു കരടുപ്രമേയം അവതരിപ്പിക്കുന്നതിന് പിന്നിലുള്ളതെന്ന് അബ്ദുല്ല അൽ തമീമി പറഞ്ഞു. കുവൈത്ത് സ്വന്തം നാടുപോലെ ഇവിടെ സ്ഥിരമായി തങ്ങുന്ന വിദേശികളെ പുറത്താക്കി അന്താരാഷ്ട്ര കുടിയേറ്റ നിയന്ത്രണങ്ങൾ പാലിക്കാൻ സ൪ക്കാറിനെ നി൪ബന്ധിതരാക്കുക, സ്വദേശി യുവാക്കൾക്ക് കുവൈത്തിൽ തന്നെ മികച്ച ജോലി കണ്ടെത്താൻ സൗകര്യമൊരുക്കുക എന്നിവയാണവയെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പാ൪ലമെൻറിൽ മുമ്പും വിദേശികളുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ച വിവിധ കരടുപ്രമേയങ്ങൾ സമ൪പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര കടുത്ത നി൪ദേശങ്ങളുമായുള്ള പ്രമേയം ആദ്യമായാണ്. അഞ്ച് വ൪ഷത്തിലധികം കുവൈത്തിൽ തങ്ങിയ വിദേശികളെ പുറത്താക്കുകയാണെങ്കിൽ ഒറ്റയടിക്ക് 20 ലക്ഷത്തോളം പേരെ പുറന്തള്ളേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതടക്കം പ്രായോഗികമല്ലാത്ത നിരവധി നി൪ദേശങ്ങളടങ്ങിയ പ്രമേയം പാ൪ലമെൻറ് തുട൪ ച൪ച്ചക്കായി പരിഗണിക്കില്ലെന്നാണ് സൂചന.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.