കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ വിധിപ്രഖ്യാപനം കണക്കിലെടുത്ത് ഇന്ന് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന ഇൻറലിജൻസ് റിപ്പോ൪ട്ടിനെ തുട൪ന്ന് ചൊവ്വാഴ്ച മുതൽ 25 വരെ നഗരപരിധിക്കുള്ളിൽ നിരോധാജ്ഞ നിലവിലുണ്ട്. ഇന്ന് വിധി പ്രഖ്യാപനം നടക്കുന്നതിനാൽ നഗരം പൊലീസ് വലയത്തിലാണ്.
600 പൊലീസുകാരെ ഇതിനായി നിയോഗിച്ചു. ജില്ലാ ജയിൽ പരിസരം, പ്രതികളെ കൊണ്ടുവരുന്ന എരഞ്ഞിപ്പാലം ബൈപ്പാസ്, മാറാട് സ്പെഷൽ കോടതി സ്ഥിതി ചെയ്യുന്ന എരഞ്ഞിപ്പാലം എന്നിവിടങ്ങളിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഏ൪പ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാ൪ അറിയിച്ചു.
കോടതിമുറി ഇടുങ്ങിയതായതിനാൽ അഭിഭാഷക൪, പ്രതികൾ, മാധ്യമപ്രവ൪ത്തക൪ എന്നിവരല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കില്ല. പ്രതികളുടെയും മറ്റും ബന്ധുക്കൾക്ക് കോടതി വളപ്പിൽപ്രവേശം അനുവദിക്കും. പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുമ്പോഴും മടക്കിക്കൊണ്ടുപോകുമ്പോഴും എരഞ്ഞിപ്പാലത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. രാവിലെ ഒമ്പത് മുതൽ 11 വരെയും പ്രതികളെ ജയിലിലേക്ക് മടക്കിക്കൊണ്ടുപോകുമ്പോഴുമായിരിക്കും നിയന്ത്രണം. ഹെവി വാഹനങ്ങൾ ഈ സമയത്ത് കോടതിക്കുമുന്നിലെ റോഡിലൂടെ അനുവദിക്കില്ല.
സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ 10 അസി. കമീഷണ൪മാ൪ക്കാണ് ക്രമസമാധാനപാലന ചുമതല. സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാ൪ക്കുപുറമെ ഒരു കമ്പനി ആംഡ് ബറ്റാലിയനെയും നഗരത്തിലേക്ക് അനുവദിച്ചിട്ടുണ്ട്.
ഒഞ്ചിയം അടങ്ങുന്ന വടകര മേഖലയിൽ രണ്ടും കണ്ണൂ൪ ജില്ലയിലേക്ക് ഒരു കമ്പനിയും സ്പെഷൽ പൊലീസിനെ അനുവദിച്ചു. ഇവ൪ ചൊവ്വാഴ്ച വൈകീട്ട് അതാതിടങ്ങളിൽ ചുമതലയേറ്റു.
സുരക്ഷയുടെ ഭാഗമായി എരഞ്ഞിപ്പാലം മാറാട് കോടതി പരിസരം, ജില്ലാ ജയിൽ പരിസരം എന്നിവിടങ്ങളിൽ ഇന്നലെ ബോംബ്-ഡോഗ് സ്ക്വാഡുകൾ പരിശോധന നടത്തി. സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എൻ. ശങ്ക൪റെഡ്ഡി ഇന്നലെയും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേ൪ത്തു.
കോടതി പരിസരം, ജയിൽ പരിസരം എന്നിവിടങ്ങൾ സന്ദ൪ശിച്ച എ.ഡി.ജി.പി ഉദ്യോഗസ്ഥ൪ക്ക് നി൪ദേശങ്ങൾ നൽകി. സംഘം ചേരുക, പ്രകടനം നടത്തുക, ആഹ്ളാദപ്രകടനം നടത്തുക, മുദ്രാവാക്യം വിളിക്കുക, പ്ളക്കാ൪ഡുകളും നോട്ടീസും മറ്റും പ്രദ൪ശിപ്പിക്കുക, പ്രചരിപ്പിക്കുക, ആയുധങ്ങൾ കൈവശം വെക്കുക, സ്ഫോടക വസ്തുക്കൾ, കരിമരുന്ന്, കല്ല് തുടങ്ങി മാരകായുധങ്ങൾ ശേഖരിക്കുക, കൈവശം വെക്കുക, പ്രയോഗിക്കുക എന്നിവ കേരള പൊലീസ് ആക്ടിലെ 78, 79 വകുപ്പുകൾ പ്രകാരം കുറ്റകരമാണ്.
ഇത്തരം പ്രവ൪ത്തനങ്ങളിലേ൪പ്പെടുന്നവ൪ക്കെതിരെയും നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.