എ.ടി.എം കൗണ്ടറുകളില്‍ പണം തട്ടിയ വിരുതന്‍ പിടിയില്‍

ജിദ്ദ: എ.ടി.എം കൗണ്ടറുകൾക്കു സമീപം നിന്നു പ്രായമായവരെ പണമെടുക്കാൻ സഹായിച്ച് കാശു തട്ടുന്ന വിരുതനെ ജിദ്ദ പൊലീസ് പിടികൂടി. ആളുകളെ മയക്കുമരുന്ന് നൽകി വശത്താക്കുകയും സഹായത്തിനെന്ന പേരിൽ എ.ടി.എം കൗണ്ടറുകളിലെത്തുന്ന പ്രായമായവരെ പിന്തുടരുകയും ചെയ്യുന്ന ഇയാൾ ലക്ഷങ്ങളുടെ റിയാലും സ്വത്തും കൈവശപ്പെടുത്തിയതായി ജിദ്ദ പൊലീസ് വക്താവ് നവാഫ് ബിൻ നാസിൽ അൽ ബൂഖ് പറഞ്ഞു.
യമൻ സ്വദേശിയായ ഈ മുപ്പത്തിമൂന്നുകാരനെ പൊലീസ് പിടികൂടുമ്പോൾ 48522 റിയാൽ കൈവശമുണ്ടായിരുന്നു. മൂന്നിടങ്ങളിൽ നിന്നാണ് ഈ തുക കൈക്കലാക്കിയതെന്ന് അയാൾ പൊലീസിനോട് സമ്മതിച്ചു. മോഷണം, വ്യാജരേഖയുണ്ടാക്കൽ, ആൾമാറാട്ടം, ചതി, ലഹരി ഉപയോഗം എന്നീ കുറ്റങ്ങളാണ് യുവാവിൻെറ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത്. ടി.എമ്മുകൾ ചുറ്റിപ്പറ്റി നിൽക്കുകയും പണമെടുക്കാൻ എത്തുന്ന പ്രായമായവരുടെ കാഴ്ചക്കുറവോ മറ്റു അപരിചിതത്വമോ ശ്രദ്ധയിൽ പെട്ടാൽ അവരെ പിന്തുടരുകയായിരുന്നു ഇയാളുടെ രീതി. വ്യാജ എ.ടി.എം കാ൪ഡ് കൈവശം വെച്ച ശേഷം ഇരയെ സമീപിച്ച് അവരെ പണമെടുക്കാൻ സഹായിക്കും. അവ൪ക്കാവശ്യമുള്ള പണം എടുത്തുകൊടുക്കുന്നതിനൊപ്പം നല്ലൊരു തുക മോഷ്ടാവും കൈക്കലാക്കും. പിന്നീട് തൻെറ കൈയിലുള്ള വ്യാജകാ൪ഡ് സൂത്രത്തിൽ ഇടപാടുകാരന് നൽകി മുങ്ങുകയായിരുന്നു രീതി. അവ൪ വ്യാജകാ൪ഡ് തിരിച്ചറിഞ്ഞ് ബാങ്കിൽ ബന്ധപ്പെട്ട് ഇടപാട് മരവിപ്പിക്കുന്നതിനിടെ മോഷ്ടാവ് തനിക്ക് ആവശ്യമുള്ള തുക പിൻവലിച്ചിരിക്കും. ഇങ്ങനെ 8,97,099 റിയാൽ അപഹരിച്ചിട്ടുണ്ടെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. ജിദ്ദയിലെ മഹ്ജ൪, ജാമിഅ, മുശ്രിഫ, ശറഫിയ്യ, സഗ൪, ബവാദി എന്നിവിടങ്ങളിലായി 79 തട്ടിപ്പുകേസുകളാണ് പൊലീസ് ഇയാളുടെ പേരിൽ കണ്ടെത്തിയത്. അനധികൃതമായാണ് ഇയാൾ രാജ്യത്തേക്ക് കടന്നതെന്നും വൻതോതിൽ ലഹരിപദാ൪ഥങ്ങൾ കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.