മറ്റു ജി.സി.സി പൗരന്മാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യം കുവൈത്ത്

കുവൈത്ത് സിറ്റി: സ്വകാര്യ-സ൪ക്കാ൪ മേഖലകളിൽ മറ്റു ജി.സി.സി പൗരന്മാ൪ കൂടുതൽ ജോലി ചെയ്യുന്ന രാജ്യമെന്ന ബഹുമതി കുവൈത്തിന്. മറ്റ് ജി.സി.സി വിദ്യാ൪ഥികൾ കൂടുതൽ പഠിക്കുന്ന അംഗരാജ്യമെന്ന സ്ഥാനം ലഭിച്ചതിനു പിന്നാലെയാണ് സൗദി,യു.എ.ഇ, ഖത്ത൪, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യക്കാ൪ കൂടുതൽ ജോലി ചെയ്യുന്ന ജി.സി.സി രാജ്യമെന്ന സ്ഥാനവും കുവൈത്തിന് ലഭിച്ചിരിക്കുന്നത്.
ഈ മാസം പത്തിന് കുവൈത്തിൽ നടക്കുന്ന ഗൾഫ് കോപറേറ്റീവ് കൗൺസിലിൻെറ 34 ാമത് ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.സി സെക്രട്ടറിയേറ്റ് തയാറാക്കിയ റിപ്പോ൪ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 2012 ലെ സ്ഥിതിവിവര കണക്കനുസരിച്ച് കുവൈത്തിനെ കൂടാതെ വിവിധ ജി.സി.സി രാജ്യങ്ങളിലെ 10,000 ത്തോളം പേ൪ രാജ്യത്ത് ഗവൺമെൻറ് തലങ്ങളിലും സ്വകാര്യ മേഖലകളിലും ഉദ്യോഗാ൪ഥികളായുണ്ടെന്നാണ് കണക്ക്. ഇത് എല്ലാ ജി.സി.സി രാജ്യങ്ങളിലും കൂടി ജോലി ചെയ്യുന്ന ആകെ  പൗരന്മാരുടെ 65.4 ശതമാനം വരുമെന്നാണ് റിപ്പോ൪ട്ട്. മറ്റ് എല്ലാ ജി.സി.സി രാജ്യങ്ങളിലും കൂടി ജോലി ചെയ്യുന്ന അംഗരാജ്യങ്ങളിലുള്ളവരുടെ ആകെ എണ്ണം 16000 ആണ്.
യു.എ.ഇ യാണ് മറ്റ് ജി.സി.സി പൗരന്മാ൪ കൂടുതൽ ജോലി നോക്കുന്ന രണ്ടാമത്തെ അംഗരാജ്യം.  3700 ജി.സി.സി പൗരന്മാരാണ് യു.എ.ഇ യിലെ സ്വകാര്യ-പൊതുമേഖലാ സെക്ടറുകളിൽ ജോലിയെടുക്കുന്നത്.
1472 ജി.സി.സി പൗരന്മാ൪ക്ക് സ്വകാര്യ-സ൪ക്കാ൪ സ്ഥാപനങ്ങളിൽ ഇടം നൽകിയ ഖത്തറാണ് ഈ ഗണത്തിൽ മൂന്നാമത്. ബഹ്റൈൻ (180), ഒമാൻ (42), സൗദി (19) എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ തുട൪ന്നുള്ള സ്ഥാനങ്ങൾ പങ്കിട്ടത്. റിപ്പോ൪ട്ട് അനുസരിച്ച് 19 പേരുമായി ഈ ഗണത്തിൽ ഏറ്റവും പിന്നിലാണ് സൗദിയുടെ സ്ഥാനം. മെച്ചപ്പെട്ട വേതനവും ജോലിയിലെ സുരക്ഷയും മറ്റ് ജീവിത സൗകര്യങ്ങളും പരിഗണിച്ചാവും കുവൈത്തിൽ ജോലി ചെയ്യാൻ മറ്റ് ജി.സി.സിയിലെ പൗരന്മാ൪ ആഗ്രഹിക്കുന്നതെന്നാണ് വിലയിരുത്തൽ. സ൪ക്കാ൪ തലത്തിൽ കുവൈത്തിൽ ജോലി ചെയ്യുന്ന മറ്റ് ജി.സി.സി പൗരന്മാരിൽ സൗദികളാണ് കൂടുതൽ.
ഈ കാലയളവിൽ 10054 സൗദി പൗരന്മാരാണ് രാജ്യത്ത് ഉദ്യോഗം വരിച്ചുകൊണ്ടിരുന്നത്. 4495 പേരുമായി ഒമാനികളാണ് കുവൈത്തിൽ ജോലി ചെയ്യുന്ന രണ്ടാമത്തെ ജി.സി.സി പൗരന്മാരുള്ള രാജ്യം. ഇവിടെ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ എണ്ണം  903 ആണ്. യു.എ.ഇയും ഖത്തറുമാണ്  ഈ ഗണത്തിൽ മറ്റുള്ള സ്ഥാനത്തുള്ളത്. മുൻ വ൪ഷങ്ങളെ  അപേക്ഷിച്ച് കുവൈത്തിൽ ജോലി ചെയ്യുന്ന മറ്റ് ജി.സി.സി പൗരന്മാരുടെ എണ്ണം നാൾക്കുനാൾ വ൪ധിക്കുന്നുണ്ടെന്നാണ് റിപ്പോ൪ട്ടിൽ സൂചിപ്പിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.