ആരോഗ്യ മന്ത്രി വിശ്വാസവോട്ട് നേടി

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹ് പാ൪ലമെൻറിൽ വിശ്വാസവോട്ട് നേടി. പത്ത് എം.പിമാ൪ സമ൪പ്പിച്ച അവിശ്വസ പ്രമേയം വോട്ടിനിട്ടപ്പോൾ പരാജയപ്പെടുകയായിരുന്നു. 50 അംഗ പാ൪ലമെൻറിൽ ഹാജരായ 49 എം.പിമാരിൽ 31 അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ എതി൪ത്തപ്പോൾ 12 പേ൪ മാത്രമാണ് അനുകൂലിച്ചത്. ആറ് പേ൪ വിട്ടുനിന്നു. മന്ത്രിമാ൪ പാ൪ലമെൻറിൻെറ ഭാഗമാണെങ്കിലും അവിശ്വാസ പ്രമേയത്തിൽ വോട്ടവകാശമില്ല.
എം.പി ഹുസൈൻ അൽ ഖുവൈആൻ സമ൪പ്പിച്ച ആരോഗ്യ മന്ത്രിക്കെതിരായ കുറ്റവിചാരണ പ്രമേയ നോട്ടീസിന്മേൽ ഈമാസം 13ന് നടന്ന ച൪ച്ചക്കുപിന്നാലെ പത്ത് എം.പിമാ൪ സമ൪പ്പിച്ച അവിശ്വാസ പ്രമേയമാണ് ചൊവ്വാഴ്ച ചേ൪ന്ന പാ൪ലമെൻറ് ചൊവ്വാഴ്ച പരിഗണിച്ചത്. ഹുസൈൻ ഖൈവുആൻ, റിയാദ് അൽ അദ്സാനി, ഹംദാൻ അൽ അസ്മി, അബ്ദുൽ കരീം അൽ കന്ദരി, ഉസാമ താഹൂസ്, മജീദ് മൂസ, ആദിൽ ജാറല്ല, തലാൽ സഅദ് ജലാൽ, മുഹമ്മദ് തന അൽ അൻസി, സഫാ ഹാശിം എന്നിവരാണ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസിൽ ഒപ്പുവെച്ചിരുന്നത്.
ആരോഗ്യ മന്ത്രാലയത്തിലെ സാമ്പത്തികവും ഭരണപരവുമായ അഴിമതികൾ, കാര്യങ്ങൾ യഥാവിധി നടക്കുമെന്ന് ഉറപ്പുവരുത്തുന്നതിലെ അലംഭാവം, നാല് ആശുപത്രി പദ്ധതികൾ നിലച്ചത്, ഡോക്ട൪മാരോടുള്ള മോശം പെരുമാറ്റം, അമീരി ആശുപത്രിയിലെ ഡോ. കിഫായ അബ്ദുൽ മലികിൻെറ സ്ഥലം മാറ്റം തുടങ്ങിയവയാണ് ആരോഗ്യ മന്ത്രിക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങ്ങൾ. അവിശ്വസ പ്രമേയത്തെ അനുകുലിക്കുന്ന മൂന്നും എതി൪ക്കുന്ന മൂന്നും എം.പിമാ൪ക്ക് സംസാരിക്കാൻ സമയം നൽകിയശേഷമായിരുന്നു വോട്ടെടുപ്പ്.
വിശ്വാസവോട്ട് നേടിയ ശേഷം സംസാരിച്ച ആരോഗ്യ മന്ത്രി സഹമന്ത്രിമാ൪ക്കും തന്നിൽ വിശ്വാസം രേഖപ്പെടുത്തിയ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി. അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹിൻെറയും കുവൈത്ത് ജനതയുടെയും താൽപര്യങ്ങൾക്കുവേണ്ടി സ൪ക്കാറിൻെറ ഭാഗമായി പലതും ചെയ്യാൻ വിശ്വാസവോട്ട് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അൽഹമദ് അസ്വബാഹ്, പാ൪ലമെൻററി കാര്യ, ആസൂത്രണ മന്ത്രി റോള ദശ്തി, മുനിസിപ്പൽ, ഭവന മന്ത്രി സാലിം അൽ ഉതൈന എന്നിവ൪ക്കെതിരായ കുറ്റവിചാരണ പ്രമേയ നോട്ടീസുകളും ചൊവ്വാഴ്ച പാ൪ലമെൻറ് പരിഗണിച്ചു. രാത്രി വൈകിയും ഇതിൻെറ നടപടിക്രമങ്ങൾ തുടരുകയാണ്. പ്രധാനമന്ത്രിക്കെതിരെ നാലും ഉതൈനക്കെതിരെ രണ്ടും ദശ്തിക്കെതിരെ ഒന്നും കുറ്റവിചാരണ പ്രമേയ നോട്ടീസുകളാണുള്ളത്. റിയാദ് അൽ അദ്സാനി, ഡോ. ഖാലിദ് അൽ അബ്ദുല്ല, ഹുസൈൻ ഖൈറുആൻ, സഫ അൽ ഹാശിം, ഫൈസൽ അൽദുവൈസാൻ, അബ്ദുല്ല അൽ തമീമി തുടങ്ങിയവരാണ് കുറ്റവിചാരണ പ്രമേയ നോട്ടീസുകൾ സമ൪പ്പിച്ച എം.പിമാ൪.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.