മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിന് തുടക്കം

ദുബൈ: മൊബൈൽ നമ്പ൪ മാറാതെ സേവനദാതാവിനെ മാറ്റാൻ കഴിയുന്ന പോ൪ട്ടബിലിറ്റി സംവിധാനത്തിന് രാജ്യത്ത് തുടക്കമായി. ആദ്യ ഘട്ടത്തിൽ ഇത്തിസാലാത്ത് ഉപഭോക്താക്കൾക്ക് നമ്പറിൽ മാറ്റമില്ലാതെ ഡുവിലേക്ക് മാറുന്നതിനുള്ള രജിസ്ട്രേഷനാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത മാസത്തോടെയായിരിക്കും സംവിധാനം പൂ൪ണമായും നിലവിൽ വരിക. ഡുവിൽ നിന്ന് ഇത്തിസാലാത്തിലേക്ക് മാറാനുള്ള സൗകര്യവും അടുത്ത മാസത്തോടെ സജ്ജമാകും.
ഡുവിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഇത്തിസാലാത്ത് ഉപഭോക്താക്കൾ ‘CHANGE’ എന്ന സന്ദേശം 3553 എന്ന നമ്പറിലേക്ക് അയക്കുകയാണ് വേണ്ടത്. തുട൪നടപടികൾ കമ്പനി ഉപഭോക്താക്കളെ അറിയിക്കും. ഈ വ൪ഷാവസാനത്തോടെ മൊബൈൽ നമ്പ൪ പോ൪ട്ടബിലിറ്റി സംവിധാനം ഒരുക്കണമെന്ന് ഇരുകമ്പനികളോടും ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം നടന്ന ഗൾഫ് ഇൻഫ൪മേഷൻ ടെക്നോളജി എക്സിബിഷനോടനുബന്ധിച്ചാണ് അതോറിറ്റി ഈ ആവശ്യം ഉന്നയിച്ചത്.
ജൂൺ വരെയുള്ള കണക്കനുസരിച്ച് ഇത്തിസാലാത്തിന് 8.29 ദശലക്ഷവും ഡുവിന് 6.65 ദശലക്ഷവും ഉപഭോക്താക്കളാണുള്ളത്. ഇതിൽ 87 ശതമാനവും പ്രീപെയ്ഡ് ഉപഭോക്താക്കളാണ്. സേവന ദാതാവിനെ മാറ്റുന്ന പ്രീപെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം കുറവായിരിക്കുമെന്ന് ഡു ചീഫ് എക്സിക്യൂട്ടിവ് ഉസ്മാൻ സുൽത്താൻ അഭിപ്രായപ്പെട്ടു. നാലുവ൪ഷം മുമ്പ് സംവിധാനം നടപ്പാക്കിയിരുന്നുവെങ്കിൽ ഡുവിന് അനുകൂലമായ സാഹചര്യമുണ്ടായിരുന്നു. എന്നാൽ സാങ്കേതിക സൗകര്യങ്ങൾ ഒരുങ്ങാതിരുന്നത് മൂലമാണ് സംവിധാനം വൈകിയതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കൂടുതൽ മെച്ചപ്പെട്ട സേവനം ആഗ്രഹിക്കുന്ന കോ൪പറേറ്റ് ഉപഭോക്താക്കൾ നമ്പ൪ പോ൪ട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധ൪ അഭിപ്രായപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.