കുവൈത്ത് സിറ്റി: ശൈഖ് നാസ൪ അൽ മുഹമ്മദ് അസ്വബാഹ് സ൪ക്കാറിൻെറ പതനത്തിലേക്ക് നയിച്ച ബാങ്ക് അക്കൗണ്ട് സംഭവം അന്വേഷിക്കാൻ പാ൪ലമെൻറ് സമിതിയെ നിയോഗിച്ചു. ഏഴംഗ സമിതിയെയാണ് ഇതിനായി പാ൪ലമെൻറ് നിയോഗിച്ചത്. എം.പിമാരായ തലാൽ അൽ ജലാൽ, സഅ്ദൂൻ അൽ ഹമ്മാദ്, റിയാദ് അൽ അദ്സാനി, അബ്ദുല്ല അൽ തുറൈജ്, അലി അൽ ഉമൈ൪, മുബാറക് അൽ ഹാരിസ്, മൻസൂ൪ അൽ ശിമ്മരി എന്നിവരാണ് സമിതിയിലുള്ളത്. സമിതി ഒരു മാസത്തിനകം വിഷയം വിശദമായി പഠിച്ച് പാ൪ലമെൻറിൽ റിപ്പോ൪ട്ട് സമ൪പ്പിക്കണം.
2006നും 2102നും ഇടക്ക് പാ൪ലമെൻറ് അംഗങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്ന അനധികൃത ബാങ്ക് നിക്ഷേപങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കണമ്മൊവശ്യപ്പെട്ട് ബുധനാഴ്ചത്തെ പാ൪ലമെൻറ് സമ്മേളനത്തിൽ 19 എം.പിമാരാണ് അപേക്ഷ സമ൪പ്പിച്ചത്. ചില അംഗങ്ങൾ എതി൪ത്തതിനെ തുട൪ന്ന് നടന്ന വോട്ടെടുപ്പിൽ സഭയിൽ ഹാജരായ 49 എം.പിമാരിൽ 39 പേ൪ അനുകൂലമായി വോട്ട് ചെയ്തു. എട്ട് പേ൪ എതി൪ത്തപ്പോൾ രണ്ട് പേ൪ വിട്ടുനിന്നു.
2009ലെ പാ൪ലമെൻറിലെ 13 അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപങ്ങൾ കണ്ടെത്തിയതായിരുന്നു ആരോപണത്തിനിടയാക്കിയത്. 90 മില്യൻ ഡോളറിലധികം വരുന്ന ഈ പണം പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ വേളയിൽ സ൪ക്കാറിനെ അനുകൂലിക്കുന്നതിന് പ്രതിഫലമായി നൽകിയതാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വൻ പ്രതിഷേധമുയ൪ത്തിയതിൻെറ ഫലമായാണ് ശൈഖ് നാസ൪ സ൪ക്കാ൪ രാജിവെക്കാൻ നി൪ബന്ധിതമായത്.
പബ്ളിക് പ്രോസിക്യൂഷൻ ഇതുസംബന്ധിച്ച് കേസെടുക്കുകയും 13 എം.പിമാരെയും ചോദ്യം ചെയ്യുകയുമുണ്ടായെങ്കിലും സ൪ക്കാറിൻെറ ഭാഗത്തുനിന്ന് പിന്തുണയില്ലാതിരുന്നതിനെ തുട൪ന്ന് തുട൪നടപടികളുണ്ടായില്ല.
2012 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിനെ തുട൪ന്നുവന്ന പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന പാ൪ലമെൻറ് ഈ വിഷയം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. മുസല്ലം അൽ ബ൪റാക്, മുഹമ്മദ് അൽ ദല്ലാൽ, മുഹമ്മദ് ഹൈഫി, റിയാദ് അൽ അദ്സാനി എന്നിവരായിരുന്നു അംഗങ്ങൾ. വിശദമായ അന്വേഷണം നടത്തിയ സമിതി ധനമന്ത്രി, സെൻട്രൽ ബാങ്ക് ഗവ൪ണ൪ അടക്കമുള്ളവരെ ചോദ്യംചെയ്യുകയും മുൻ പ്രധാനമന്ത്രി ശൈഖ് നാസ൪ അൽ മുഹമ്മദ് അസ്വബാഹിനോട് ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ജൂണിൽ ഭരഘഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച് കോടതി പാ൪ലമെൻറ് പിരിച്ചുവിട്ടതോടെ സമിതിയും ഇല്ലാതാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.