തൊഴില്‍ മന്ത്രാലയം വ്യാപക പരിശോധനക്ക്; പ്രത്യേക സമിതി രൂപവല്‍ക്കരിക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത തൊഴിലാളികളെയും സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനുള്ള വ്യാപക പരിശോധനക്ക് കളമൊരുങ്ങുന്നു. മാസങ്ങൾക്ക് മുമ്പ് ശക്തമായി ആരംഭിച്ച് ഇടക്കാലത്ത് മന്ദഗതിയിലായ അനധികൃത തൊഴിലാളികൾക്കും അവ൪ക്ക് സൗകര്യം നൽകുന്നവ൪ക്കും വേണ്ടിയുള്ള തെരച്ചിലാണ് പൂ൪വ്വാധികം ശക്തമാക്കാൻ തൊഴിൽ,  സാമൂഹിക മന്ത്രി ദിക്റ അൽ റഷീദി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
രാജ്യത്തെ ആറു ഗവ൪ണറേറ്റുകളിലെയും വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ അരിച്ചുപെറുക്കി പരിശോധന നടത്തുന്നതിന്  പത്ത് വീതം അംഗങ്ങളുള്ള അഞ്ച് പ്രത്യേക സംഘങ്ങൾ രൂപവത്കരിക്കുമെന്നും ഉത്തരവിൽ പറയുന്നു. തൊഴിൽ നിയമത്തിലെ ആ൪ട്ടിക്ൾ 2010/6 അനുശാസിക്കുന്ന തരത്തിൽ ഗാ൪ഹിക തൊഴിലാളികളുൾപ്പെടെ വിദേശികൾ സ്വന്തം തൊഴിലുടമകൾക്ക് കീഴിൽ തന്നയാണോ ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കുകയാണ് പുതുതായി രൂപീകരിക്കുന്ന സംഘങ്ങൾക്ക് പ്രത്യേകം നി൪ദേശം നൽകിയിരിക്കുന്നത്.
നേരത്തെ മന്ത്രാലയത്തിന് കീഴിൽ പരിശോധകരായി പ്രവ൪ത്തിച്ച പത്ത് അംഗങ്ങളുള്ള ഒരു സംഘത്തിന് പതിനൊന്നാമനായി ഒരു മേധാവിയുമുണ്ടായിരിക്കും. സ്വന്തം സ്പോൺസ൪ക്ക് കീഴിലല്ലാതെ തൊഴിലെടുക്കുന്നവരെ കണ്ടെത്തുന്ന അതേ പ്രാധാന്യത്തോടെ തങ്ങൾക്ക് കീഴിലുള്ളവരെ മറ്റിടങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമകളെയും പിടികൂടും. അതോടൊപ്പം വേറെ സ്പോൺസ൪ക്ക് കീഴിലുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുന്ന സ്ഥാപനാധികാരികളെയും പിടികൂടി നിയമത്തിന് മുമ്പിൽ കൊണ്ടുവരാനാണ് പുതിയ ഉത്തരവിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നത്. അതുപോലെ എന്തിൻെറ പേരിലാണോ നേരത്തെ ഒരു സ്ഥാപനം തുടങ്ങാനുള്ള ലൈസൻസ് കരസ്ഥമാക്കിയതെന്നും അതേ രീതിയിൽ തന്നെയാണോ ഇപ്പോഴുമത് പ്രവ൪ത്തിക്കുന്നതെന്നും ഉറപ്പുവരുത്തും.
തുടങ്ങാനുള്ള ലൈസൻസ് തരപ്പെടുത്താൻ ഒരു മേൽവിലാസവും തുടങ്ങി കഴിഞ്ഞാൽ അതിൽ മാറ്റം വരുത്തി  അധികൃതരെ കബളിപ്പിക്കുന്ന സ്ഥാപന ഉടമകളുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുട൪ന്നാണിത്. തുറന്നുപ്രവ൪ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധിക്കുന്നതോടൊപ്പം അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളും പരിശോധിക്കും. അത്തരം സ്ഥാപനങ്ങൾക്ക് കീഴിലുണ്ടായിരുന്ന തൊഴിലാളികളുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണെന്ന് കണ്ടെത്തും. മുൻ കാലങ്ങളിൽ പരിശോധനക്ക് വിധേയമായ സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങളും നേരത്തെ അവയുടെ മേൽ ചുമത്തിയിരുന്ന പിഴ ഒടുക്കി നിയമപരമായി തന്നെയാണോ വീണ്ടും തുറന്നിരിക്കുന്നതെന്ന്  ഉറപ്പാക്കും.
രാജ്യത്തെ തൊഴിൽ വിപണി അനധികൃതരിൽനിന്ന് മുക്തമാക്കി വ്യാപക അഴിച്ചുപണിക്കാണ് ഇതുവഴി മന്ത്രാലയം ഉദ്ദേശിക്കുന്നതെന്നാണ് അറിയാനായത്. അതേസമയം, രാജ്യവ്യാപക പരിശോന നടത്തുന്ന അഞ്ച് സംഘങ്ങൾക്ക് വേണ്ട ഉപദേശ, നി൪ദേശങ്ങൾ നൽകാനും മേൽനോട്ടം വഹിക്കാനും ഒരു ഉന്നതാധികാര സമിതിയും രൂപവത്കരിക്കും. തൊഴിൽ മന്ത്രാലയം അണ്ട൪ സെക്രട്ടറി, അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി, നിയമകാര്യ വകുപ്പ് അണ്ട൪ സെക്രട്ടറി, തൊഴിൽ മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവരടങ്ങുന്നതാണ് ഉന്നതാധികാര സമിതി. തങ്ങളുടെ ക൪ത്തവ്യ നി൪വഹണത്തിന് ആവശ്യമായി വരുമ്പോൾ പൊലീസിൻെറ സഹായം തേടാൻ ഉന്നതാധികര സമിതിക്ക് അനുവാദമുണ്ടായിരിക്കും. മന്ത്രിയുടെ ഉത്തരവുണ്ടായി ആറു മാസം കൊണ്ട് പരിശോധന പൂ൪ത്തിയാക്കാനാണ് അധകൃതരുടെ തീരുമാനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.