കനോലി കനാല്‍ നവീകരണം: പ്രാരംഭ പ്രവൃത്തികള്‍ തിങ്കളാഴ്ച തുടങ്ങും

കോഴിക്കോട്: കനോലി കനാൽ നവീകരണത്തിനുള്ള പ്രാരംഭപ്രവൃത്തികൾ തിങ്കളാഴ്ച തുടങ്ങും. കനാലിൽ പ്രവൃത്തി നടത്തേണ്ട സ്ഥലം, ദൂരം, ആഴം എന്നിവ തിട്ടപ്പെടുത്താനുള്ള അളവെടുക്കലാണ് നടക്കുക.
ജലസേചന വകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് ഇത് നടത്തുന്നത്. ആറ് ജീവനക്കാരും കൂടെയുണ്ടാവും. കനാലിൽ പുതിയറ മുതൽ 30 മീറ്ററായി തിരിച്ചാണ് അളവെടുക്കൽ നടത്തുന്നത്. വഞ്ചിയിൽ കനാലിൽ ഇറങ്ങി കാടുകളും പട൪പ്പുകളും വെട്ടുകയും ആഴം അളക്കുകയും ചെയ്യും. സംരക്ഷണ ഭിത്തിയിൽ പലഭാഗത്തായി തക൪ന്ന ഭാഗങ്ങളുടെ കണക്കും എടുക്കും.
കനാൽ വൃത്തിയാക്കിയിട്ട് വ൪ഷങ്ങളായതിനാൽ പ്രവൃത്തി ഏറെ ദുഷ്കരമാവും. അതിനാൽ രണ്ടാഴ്ചയോളം വേണ്ടിവരുമെന്നാണ് കരുതുന്നത്. തുട൪ന്ന് ജലസേചന വകുപ്പിനും ജലഗതാഗത വകുപ്പ് അധികൃത൪ക്കും റിപ്പോ൪ട്ട് കൈമാറും. ഇവയുടെ അനുമതിയോടെയാണ് നവീകരണ പ്രവൃത്തി ആരംഭിക്കുക. കനാലിൽനിന്നെടുക്കുന്ന ചളി എന്തുചെയ്യുമെന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നുണ്ടെങ്കിലും ചളി എടുത്ത ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ജലസേചന വകുപ്പ് അധികൃതരും കനാൽ വികസന സമിതിയും.
 മണൽ പോലുള്ള വസ്തുക്കളാണ് ലഭിക്കുന്നതെങ്കിൽ തുട൪പ്രവ൪ത്തനങ്ങൾ പ്രയാസകരമാവില്ല. എരഞ്ഞിക്കലിലെ സ്വകാര്യവ്യക്തിയുടെ സ്ഥലം, സരോവരം പാ൪ക്കിനു പിന്നിലെ റോഡ്, പൂളാടിക്കുന്ന്-വെങ്ങളം ബൈപാസ് റോഡ് എന്നിവിടങ്ങളിൽ ചളി നിക്ഷേപിക്കാമെന്ന് നി൪ദേശമുയ൪ന്നിരുന്നു. ക്വാറികളിൽ ചളി ഇടാൻ സന്നദ്ധതയുള്ളവരെ തേടാം എന്ന ആശയവും മുന്നിലുണ്ട്. വ൪ഷങ്ങൾക്കുമുമ്പ് കനാൽ വൃത്തിയാക്കിയപ്പോൾ സ്വകാര്യവ്യക്തികളുടെ പറമ്പുകളിലും ചെങ്കൽ ക്വാറികളിലുമൊക്കെയാണ് ചളി നിക്ഷേപിച്ചിരുന്നത്.
പലപ്പോഴും ഇത്തരം കാര്യങ്ങളിൽ തടഞ്ഞ് ഫണ്ട് ലാപ്സാവുന്ന അവസ്ഥയും ഉണ്ടായതിനാൽ പ്രവൃത്തി ഉടൻ തുടങ്ങണമെന്ന് കനോലി കനാൽ വികസന സമിതി ആവശ്യപ്പെടുകയായിരുന്നു. അളവെടുക്കൽ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് ചളി നീക്കൽ ആരംഭിക്കുക.
 പുതിയറ മുതൽ എരഞ്ഞിക്കൽ വരെയുളള 8.8 കി.മീറ്റ൪ ഭാഗം ചളി നീക്കുകയും കാട് വെട്ടിത്തെളിക്കുകയും 607 മീറ്റ൪ സ്ഥലത്ത് പാ൪ശ്വഭിത്തി നി൪മിക്കുകയുമാണ് ആദ്യഘട്ടത്തിൽ ചെയ്യുക. 83,000 ക്യുബിക് മീറ്റ൪ ചളി നീക്കാനുണ്ടാവുമെന്നാണ് കണക്ക്. നബാ൪ഡിൽനിന്ന് ലഭ്യമാക്കിയ 2.41 കോടി ചെലവിലാണ് പ്രവൃത്തി നടക്കുക. തുട൪ന്ന് കുണ്ടുപറമ്പ് മുതൽ അരയിടത്തുപാലം വരെയുള്ള ഭാഗത്ത് സൗന്ദര്യവത്കരണ നടപടികളും നടക്കും.
പടവുകളും നടപ്പാതകളും ഒരുക്കി ജനസമ്പ൪ക്കമുള്ള സ്ഥലമാക്കി കനാൽ തീരത്തെ മാറ്റുകയാണ് ലക്ഷ്യം.  മാലിന്യനിക്ഷേപം രൂക്ഷമായ സ്ഥലങ്ങളിൽ പരിസ്ഥിതി സൗഹൃദ വേലികളും നി൪മിക്കും. ഇതിൻെറ രൂപകൽപന സംബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആ൪കിടെക്റ്റ്സിൻെറ ആഭിമുഖ്യത്തിൽ ച൪ച്ച നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.