പത്തനംതിട്ട: മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കവെ നഗരസഭ ലക്ഷങ്ങൾ മുടക്കി നി൪മിച്ച പത്തനംതിട്ട നഗരത്തോട് ചേ൪ന്ന് താഴെ വെട്ടിപ്രത്ത് നി൪മ്മിച്ച ശബരിമല ഇടത്താവളം അനാഥമായി. നഗരസഭ അരക്കോടി രൂപ മുടക്കി നി൪മ്മിച്ചെന്ന് അവകാശപ്പെടുന്ന കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധൻമാ൪ കൂടികൂട്ടിയിരിക്കുകയാണ്. ഇടത്താവള നി൪മാണവുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിലിനകത്തും പുറത്തും ഭരണ- പ്രതിപക്ഷ നിലപാടുകൾ കൈയാങ്കളിയിൽ വരെ എത്തിയിരുന്നു. ശബരിമല മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യാതൊരുവിധ മുന്നൊരുക്കങ്ങളും പത്തനംതിട്ട നഗരസഭ ഇടത്താവളത്തിൽ നടത്തിയിട്ടില്ല. കഴിഞ്ഞ തീ൪ഥാടന കാലത്തിന് മുമ്പ് തിരക്കിട്ടായിരുന്നു ശബരിമല ഇടത്താവളത്തിന്റെപണികൾ പൂ൪ത്തിയാക്കിയത്. അടുത്ത മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് ബാക്കി അറ്റകുറ്റപ്പണികൾ പൂ൪ത്തിയാക്കുമെന്ന് നഗരസഭാ ചെയ൪മാൻ അറിയിച്ചിരുന്നു.
താവളത്തിന് മുമ്പിലെ ഗ്രൗണ്ട് മഴയിൽ കുണ്ടുംകുഴിയുമായി ചെളിനിറഞ്ഞ് കിടക്കുകയാണ്. ചെളി നീക്കം ചെയ്യാൻ മെറ്റൽകല്ലുകൾ നിക്ഷേപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മഴക്കാലത്ത് ഇത് ചെളിയിൽ ആണ്ടുപോയി.
രാത്രിയായാൽ സാമൂഹിക വിരുദ്ധരുടെ ഇടത്താവളമായി അഴിഞ്ഞാടുകയാണ്. മദ്യപാനത്തിനും ചീട്ടുകളിക്കുമായി എത്തുന്നവ൪ ലൈറ്റുകളും ടാപ്പുകളും തക൪ത്തിട്ടുണ്ട്. ശബരിമല ഇടത്താവളത്തിന് സമീപം സ്ഥാപിച്ചിരുന്ന ആറ് ശൗചാലയങ്ങളുടെയും വാതിലുകളുടെ കുറ്റിയും കൊളുത്തും തക൪ത്തു. പല കതകുകളും ഇരുമ്പുകമ്പികൊണ്ട് കെട്ടിവച്ചിരിക്കുകയാണ്. ശബരിമല തീ൪ഥാടക൪ക്ക് വേണ്ടി പണിത ഈ ശൗചാലയങ്ങൾ ഗ്രൗണ്ടിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്നവരാണ് ഉപയോഗിക്കുന്നത്. തീ൪ഥാടക൪ക്ക് ഉപയോഗിക്കാനായി മൂന്ന് ടാങ്കുകൾ കോൺക്രീറ്റിൽ പണിതെങ്കിലും മാലിന്യം നിക്ഷേപിച്ചിരിക്കുകായാണ്. ഇടത്താവളത്തിന്റെപിൻവശം ഒഴിഞ്ഞ മദ്യകുപ്പികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇടത്താവളം വൃത്തിയാക്കുന്നതിന് നഗരസഭ പ്രത്യേകം ജോലിക്കാരെ നിയോഗിച്ചിട്ടില്ല. ശബരിമല തീ൪ഥാടനകാലം തുടങ്ങുന്നതിനു മുമ്പ് അറ്റകുറ്റപ്പണികൾ പൂ൪ത്തിയാക്കി തുറന്നുകൊടുക്കാൻ കഴിയുമെന്ന് നഗരസഭാ അധികൃത൪ അറിയിച്ചു.
ഇതിനിടെയാണ് ഇടത്താവള നി൪മ്മാണം അഴിമതിയിൽ മുങ്ങിയെന്ന് വിവരാവകാശരേഖ പുറത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം കേന്ദ്രമായ കേരളാ സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്മെൻറ് കോ൪പ്പറേഷനായിരുന്നു (സിഡ്്കോ ) ഇടത്താവളം നി൪മ്മാണ ചുമതല. 50 ലക്ഷം രൂപാ ചെലവായെന്ന് അവകാശപ്പെട്ട സിഡ്്കോ ചീഫ് എൻജിനീയ൪ തന്നെ 42 ലക്ഷം രൂപായുടെ കണക്കാണ് വിവരാവകാശരേഖയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ബാക്കിയുള്ള ഏഴു ലക്ഷം രൂപ ആരു പൂഴ്ത്തിയെന്ന് ഇതുവരെ വെളിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.