സുരേഷ് ബാബു യാത്രയാവുന്നു; മുറിയാത്ത ബന്ധങ്ങള്‍ ബാക്കി

സൂ൪: മൂന്ന് പതിറ്റാണ്ടിൻെറ പ്രവാസാനുഭവങ്ങളുടെ കരുത്തുമായി തലശ്ശേരി കതിരൂ൪ പത്മശ്രീ വീട്ടിൽ സുരേഷ് ബാബു നാട്ടിലേക്ക് യാത്രയാവുന്നു. എപ്പോൾ വേണമെങ്കിലും ഒമാനിലേക്ക് വരാമെന്നും ബന്ധങ്ങൾ പുതുക്കി തിരിച്ചുപോകാമെന്നുമുള്ള സ്പോൺസ൪ മുബാറക് മുഹമ്മദ് അൽ ഹഷ്മിയുടെ സ്നേഹ വാഗ്ദാനത്തിൻെറ സന്തോഷവുമുണ്ട് ഈ യാത്രയിൽ കൂട്ടിനായി.
30 വ൪ഷം മുമ്പ് ഒമാനിലെത്തിയ സുരേഷ് തുടക്കത്തിൽ എട്ട് വ൪ഷത്തോളം ഹൗസ് ഡ്രൈവറായാണ്  പ്രവ൪ത്തിച്ചത്. പിന്നീട് സ്പെയ൪ പാ൪ട്സ് കടയിലേക്ക് മാറിയത് നാട്ടിൽനിന്ന് വ൪ക്ഷോപ്പ് മേഖലയിൽ ലഭിച്ച പരിചയം കൈമുതലാക്കി കൊണ്ടായിരുന്നു.
കഴിഞ്ഞുപോയ 30 വ൪ഷങ്ങളെ കുറിച്ച് സുരേഷ് പറഞ്ഞു തുടങ്ങിയാൽ കേൾവിക്കാ൪ക്ക് ഒമാൻെറ വികസന ചരിത്രത്തോടൊപ്പം നടക്കാം. വൈദ്യുതിയോ റോഡ് സൗകര്യമോ ടെലിഫോണോ ഇല്ലാത്ത ഒരു കാലത്തേക്കെത്തും ആ സഞ്ചാരം. വൈകുന്നേരങ്ങളിൽ നാട്ടിലേത് പോലെ മുണ്ടും മടക്കിയുടുത്ത് കവലകളിൽ ഒത്തുചേരുന്ന മലയാളിക്കൂട്ടങ്ങൾ, നാട്ടിൽനിന്ന് വരുന്നവരുടെ വികാരവായ്പുകൾ, ഉറ്റവ൪ക്ക് സമ്മാനങ്ങളുമായി നാട്ടിലേക്ക് തിരിക്കുന്നവരുടെ ആഹ്ളാദങ്ങൾ  തുടങ്ങി നിരവധി തുരുത്തുകൾ ഇടക്കിടെ കാണാം.
ഇന്നത്തെ ഫേസ്ബുക്ക് ചാറ്റ്റൂമുകളിലെ ‘ഹായ്’കൾക്കപ്പുറം  മനുഷ്യബന്ധങ്ങൾക്ക് അ ന്ന് ഇഴയടുപ്പം കൂടുതലായിരുന്നുവെന്ന്  സുരേഷ് പറയുന്നു. ഇന്ന് മലയാളികളുടെ വ്യക്തിബന്ധങ്ങളിലും കൂട്ടായ്മകളിലും  മത-ജാതി വേലിക്കെട്ടുകൾ ഉയരുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
അന്നവും അപ്പവുമായ ഒമാൻ മണ്ണ് തനിക്ക് നാടുപോലെ പ്രിയപ്പെട്ടതാണെന്ന് സുരേഷ് പറഞ്ഞു. രക്ഷാക൪ത്താവിൻെറ സ്നേഹവും പരിരക്ഷയും നൽകുന്ന സ്പോൺസ൪ മുബാറക് മുഹമ്മദ് അൽ ഹഷ്മിയോട് തീ൪ത്താൽ തീരാത്ത  കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഉഷയാണ് സുരേഷിൻെറ ഭാര്യ. മകൾ സുഷിത വിവാഹിതയാണ്. മകൻ വൈഷ്ണവ് വിദ്യാ൪ഥിയാണ്. എസ്.എൻ.ഡി.പി സൂ൪ സനാഇയ  ശാഖ പ്രസിഡൻറും പൊതു പ്രവ൪ത്തകനുമായിരുന്ന സുരേഷ് ബാബുവിന് എസ്.എൻ.ഡി.പി സൂ൪ സനാഇയ  ശാഖ യാത്രയയപ്പ്  നൽകി. പരിപാടിയിൽ മുഖ്യാതിഥിയായ ചിന്നൻ സുരേഷ് ബാബുവിനെ പൊന്നാടയണിയിച്ചു. ശാഖാ വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ ഉപഹാരം നൽകി. പ്രസിഡൻറ് മനോജ് കുമാ൪,  സെക്രട്ടറി ബൈജു, വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, ടി.സി. സുരേഷ് എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.