പെരുമ്പാവൂ൪: പോഞ്ഞാശേരി -ചിത്രപ്പുഴ റോഡിൽ വേഗപ്പൂട്ടില്ലാതെ ചീറിപ്പായുന്ന ടിപ്പറുകൾ അപകടം വിതക്കുന്നു. ശനിയാഴ്ച ഊട്ടിമറ്റം ഭാഗത്ത് അമിതവേഗത്തിൽ വന്ന ടിപ്പ൪ എതിരെ വന്ന ബൈക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി സ്വകാര്യവ്യക്തിയുടെ വീടിൻെറ മതിൽ തക൪ത്തു. റോഡിൽ വീണ് പരിക്കേറ്റ കൂവപ്പടി സ്വദേശിയായ ബൈക്കുയാത്രക്കാരനെ നാട്ടുകാ൪ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.30നായിരുന്നു സംഭവം. പോഞ്ഞാശേരി ഭാഗത്തുനിന്ന് വന്ന ടിപ്പ൪ എതിരെ വന്ന മറ്റൊരു ടിപ്പറിൽ തട്ടിയ ശേഷമാണ് ബൈക്കുകാരനെ ഇടിച്ചിട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. നാട്ടുകാ൪ എത്തിയപ്പോഴേക്കും ടിപ്പറിൻെറ ഡ്രൈവറും ക്ളീനറും ഓടി രക്ഷപ്പെട്ടു. ബൈക് ടിപ്പറിൻെറ പിൻചക്രത്തിനടിയിൽ കുരുങ്ങിക്കിടന്നു.
ഈ റോഡിലൂടെ നിയന്ത്രണം ഇല്ലാതെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. ടിപ്പറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വേഗപ്പൂട്ടില്ലാതെ മരണപ്പാച്ചിൽ നടത്തിയിട്ടും അധികൃത൪ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് സമാനമായ അപകടം നടന്നിരുന്നു. വെങ്ങോല-കിഴക്കമ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയ തോടിന് കുറുകെയുള്ള മങ്കുഴിപ്പാലം അപകടാവസ്ഥയിലാണ്. 53 വ൪ഷം പഴക്കമുള്ള പാലത്തിൻെറ വീതികുറവും ഉറപ്പില്ലായ്മയും ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്. ഈ അവസ്ഥയിലും ടിപ്പറുകളുടെ അമിതവേഗം തുടരുകയാണ്. ടോറസ്, ടിപ്പ൪ തുടങ്ങിയ വലിയ വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. കാക്കനാട്, തൃപ്പൂണിത്തുറ, കിഴക്കമ്പലം, പുക്കാട്ടുപടി ഭാഗങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. പ്രദേശത്ത് പ്രവ൪ത്തിക്കുന്ന വ്യവസായ യൂനിറ്റുകളിലേക്കെത്തുന്ന ഭാരവാഹനങ്ങളുടെ സഞ്ചാരവും ഇതിലൂടെയാണ്. റോഡിൽ സ്ഥാപിച്ചിരുന്ന ഹമ്പുകൾ കോടതി നി൪ദേശത്തെ തുട൪ന്ന് അടുത്തകാലത്ത് നീക്കിയിരുന്നു. ഇത് വാഹനങ്ങളുടെ അമിതവേഗത്തിന് കാരണമായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.