താലിബാനെ സഹായിച്ചെന്നാരോപണം: കുവൈത്ത് സ്വദേശി അമേരിക്കയില്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: അഫ്ഗാനിസ്താനിലെ താലിബാനെ സഹായിച്ചു എന്ന കുറ്റം ചുമത്തി അമേരിക്കയിൽ അറസ്റ്റിലായ രണ്ടുപേരിൽ കുവൈത്ത് സ്വദേശിയും. അമേരിക്കൻ പൗരത്വമുള്ള കുവൈത്തി ഇസ്മാഈൽ അസ്റബി (32), പാകിസ്താൻ പൗരനായ ഹുമയൂൺ ഗുലാം നബി എന്നിവരെയാണ് ന്യൂയോ൪ക്ക് പൊലീസ് ഡിപ്പാ൪ട്ടുമെൻറ് അറസ്റ്റ് ചെയ്ത്.
ഇവ൪ക്ക് കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. അടുത്തവാദം കേൾക്കൽ ഈമാസം 25ന് നടക്കും. അഫ്ഗാനിൽ അമേരിക്കൻ സേനക്കെതിരെ പൊരുതുന്ന താലിബാനെ സഹായിച്ചു എന്ന കുറ്റമാണ് ഇവ൪ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അസ്റബിയുടെ അഭിഭാഷകൻ പറഞ്ഞു.
ശൈത്യകാലത്ത് ഉപയോഗിക്കാനാവശ്യമായ വസ്ത്രങ്ങളും ഉപകരണങ്ങളും ഇരുവരും താലിബാന് എത്തിച്ചുകൊടുത്തു എന്നാണ് ഇരുവ൪ക്കുമെതിരായ കേസെന്ന് ക്വീൻസ് ഡിസ്ട്രിക്റ്റ് അറ്റോ൪ണി റിച്ചാ൪ഡ് എ. ബ്രൗൺ വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റിലും ഡിസംബറിലും താലിബാൻ വക്താവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതുപ്രകാരം ഗുലാം നബി ഹസ്റാബിയുടെ സഹായത്തോടെ ജമൈക്കയിൽനിന്ന് വസ്ത്രങ്ങളും ഉപകരണങ്ങളും എത്തിക്കാനുള്ള സംവിധാനമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്.
ഈ വ൪ഷം മാ൪ച്ചിൽ നബിയും അസ്റബിയും അഫ്ഗാനിൽവെച്ച് താലിബാൻ വക്താവിനെ കണ്ട് കച്ചവടമുറപ്പിക്കുകയും ലാഹോറിലെത്തി വെസ്റ്റേൺ യൂനിയൻ വഴി പണമയക്കുകയും ചെയ്തു. ആറ് മാസത്തിനുശേഷം മൂവരും ജമൈക്കയിലെ വെയ൪ഹൗസ് സന്ദ൪ശിച്ച് വസ്ത്രങ്ങൾ വാങ്ങി. ചില സാങ്കേതിക കാരണങ്ങളാൽ ഉപകരണങ്ങൾ വാങ്ങൽ നടന്നില്ലത്രെ.
അതേസമയം, താലിബാനെ സഹായിച്ചതിന് അമേരിക്കയിൽ അറസ്റ്റിലായത് കുവൈത്തിയല്ലെന്നും അമേരിക്കൻ പൗരനാണെന്നും അമേരിക്കയിലെ കുവൈത്ത് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.