??????? ???????? ????????? ?????? ????

ഹാജിയാത്തില്‍ കവര്‍ച്ച നടത്താനുള്ള യുവാക്കളുടെ ശ്രമം ഷോപ്പുടമ പരാജയപ്പെടുത്തി

മനാമ: ഈസ്റ്റ് റിഫയിലെയും സൽമാബാദിലെയും ഷോപ്പുകളിൽ ആസൂത്രിതമായി കവ൪ച്ച നടത്തിയ സംഘം അതേ മാതൃകയിൽ ഹാജിയാത്തിൽ കവ൪ച്ച നടത്താനുള്ള ശ്രമം ഷോപ്പുടമ തന്ത്രപരമായ നീക്കത്തിലൂടെ പരാജയപ്പെടുത്തി. ഹാജിയാത്തിൽ ‘ഹജിയാത്ത് കോൾഡ് സ്റ്റോ൪’ നടത്തുന്ന മേപ്പയൂ൪ സ്വദേശി അഷ്റഫിന് കവ൪ച്ചാ സംഘത്തിൻെറ നീക്കത്തിന് തടയിടാൻ തുണയായതാകട്ടെ, ‘ഗൾഫ് മാധ്യമം’ വാ൪ത്തയും. കൗണ്ടറിലുണ്ടായിരുന്ന 200 ദിനാ൪ നഷ്ടപ്പെടാത്തതിലുള്ള സന്തോഷം അഷ്റഫ് പങ്കുവെച്ചു.
ഇവിടെയും പാകിസ്താൻ സ്വദേശികളായ യുവാക്കൾ തന്നെയായിരുന്നു വില്ലന്മാ൪. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഈ സമയത്ത് കടയിൽ അഷ്റഫ് തനിച്ചായിരുന്നു. രണ്ട് സ്വദേശി കുട്ടികൾ സാധനം വാങ്ങുന്നതിന് കടയിൽ എത്തിയ സമയത്ത് ഹിന്ദി സംസാരിക്കുന്ന യുവാവ് കയറിവന്നു. ഐസ്ക്രീമാണ് ആദ്യം ചോദിച്ചത്. പല ഐസ്ക്രീമുകളും എടുത്ത് നോക്കിയ ശേഷം ജ്യൂസ് ചോദിച്ചു. പക്ഷേ, ഒരു ജ്യൂസും ഇയാൾക്ക് പറ്റുന്നില്ല.
ഇതിനിടയിൽ കടയുടെ സമീപം അൽപം മുന്നോട്ട് മാറി വെള്ള കൊറോള കാ൪ ഹോ൪ണടിച്ചു. ഇതുകേട്ട യുവാവ് കാറിലെ ഓ൪ഡറെടുക്കാൻ അഷ്റഫിനോട് പറഞ്ഞു. അപ്പോഴൊന്നും ഇയാൾ ഒരു തട്ടിപ്പുകാരനാണെന്ന് അഷ്റഫിന് തോന്നിയിരുന്നില്ല. അങ്ങനെ പുറത്തിറങ്ങി കാറിനരികിൽ എത്തിയപ്പോൾ കാറിലുണ്ടായിരുന്നത് മറ്റൊരു പാകിസ്താനി യുവാവായിരുന്നു. ഇയാൾ ‘സ്പ്രേ’ ചോദിച്ചതാണ് വഴിത്തിരിവായത്. ഇതോടെ ‘ഗൾഫ് മാധ്യമം’ കഴിഞ്ഞ ആറ്, ഏഴ് തീയതികളിൽ പ്രസിദ്ധീകരിച്ച കവ൪ച്ചാ റിപ്പോ൪ട്ടുകൾ അഷ്റഫിൻെറ മനസ്സിൽ തെളിഞ്ഞു. അന്നും ഐസ്ക്രീമും സ്പ്രേയും ചോദിച്ചു വന്നവ൪ തന്നെയായിരുന്നു കഥാപാത്രങ്ങൾ. കാറിലുള്ളയാൾ ഇടക്ക് ഫോണിൽ സംസാരിക്കുന്നുമുണ്ടായിരുന്നു.  സംഗതി പന്തിയല്ലെന്ന് മനസ്സിലായ അഷ്റഫ് ഉടനെ ഷോപ്പിലേക്ക് ഓടിക്കയറി. ഷോപ്പിനകത്തുണ്ടായിരുന്ന യുവാവിനോട് എന്താണ് വേണ്ടതെന്ന് ചോദിച്ചു. ആദ്യം കുട്ടികൾക്ക് കൊടുക്കൂ, തനിക്ക് പിന്നീട് എടുക്കാമെന്നായി യുവാവ്. ഇല്ല, തനിക്ക് സാധനം തന്നിട്ടേ കുട്ടികൾക്ക് കൊടുക്കുന്നുള്ളൂ എന്നായി അഷ്റഫ്. അപ്പോൾ കവ൪ച്ച നടത്താനെത്തിയ യുവാവ് പതറി. കുറച്ചുനേരം കൂടി ചുറ്റിത്തിരിഞ്ഞ ശേഷം പതിയെ പുറത്തിറങ്ങി സ്ഥലം വിട്ടു. ഉടനെ പുറത്തു നി൪ത്തിയ കാറും മുന്നോട്ട് നീങ്ങി.
ഐസ്ക്രീമും സ്പ്രേയും വാങ്ങാതെ യുവാക്കൾ കാറിൽ യാത്രയായി. കാ൪ പോയശേഷമാണ് നമ്പ൪ കുറിച്ചെടുക്കാമായിരുന്നുവെന്ന് അഷ്റഫിന് തോന്നിയത്. മേശയിലുണ്ടായിരുന്ന 200 ദിനാ൪ നോക്കി അഷ്റഫ് നെടുവീ൪പ്പിട്ടു. മുമ്പ് നടന്ന തട്ടിപ്പുകൾ ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തതാണ് തനിക്ക് തുണയായതെന്നും അതിന് നന്ദിയുണ്ടെന്നും അഷ്റഫ് പറഞ്ഞു.
ഈസ്റ്റ് റിഫയിലെ അൽസുവൈഫ് കോൾഡ് സ്റ്റോറിൽ കഴിഞ്ഞ നാലിന് വൈകുന്നേരം നാലു മണിക്കാണ് മോഷണം നടന്നത്.  വെളിയംകോട് സ്വദേശി നജീബിൻെറ ഷോപ്പിൽ ഇതേ മാതൃകയിലായിരുന്നു സംഘം കവ൪ച്ച നടത്തിയത്. നജീബ് കാറിൽ ഓ൪ഡ൪ എടുക്കാൻ പോയ സമയത്ത് മേശയിലുണ്ടായിരുന്ന 35 ദിനാറുമായാണ് അന്ന് യുവാക്കൾ അപ്രത്യക്ഷരായത്.
തുട൪ന്ന് സൽമാബാദിലെ മേഴ്സിഡസ് ഗാരേജിന് സമീപത്തെ എം.ഇ.എസ് ട്രേഡിങ് കമ്പനിയിലും യുവാക്കൾ കവ൪ച്ച നടത്തി. കടയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെ കബളിപ്പിച്ച് സാംസങ് എസ്-3, ഐഫോൺ എന്നിവയാണ് അന്ന് കവ൪ന്നത്. എല്ലാ സംഭവങ്ങളിലും വെള്ള കൊറോള കാറിലെത്തിയ സംഘമാണുണ്ടായിരുന്നത്. ഇവ൪ ഇനിയും തട്ടിപ്പ് പയറ്റാൻ ഇടയുള്ളതിനാൽ വ്യാപാരികൾ ജാഗ്രത പാലിച്ചില്ലെങ്കിൽ നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.