ഖാദിം വിസ ഷൂണ്‍ വിസയിലേക്ക് മാറല്‍: അനിശ്ചിതത്വം തുടരുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി സ്പോൺസ൪ഷിപ്പിൽ വീടുകളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരുന്ന ഖാദിം (ഗാ൪ഹിക) വിസക്കാ൪ക്ക് ഷൂൺ (തൊഴിൽ) വിസയിലേക്ക് മാറുന്നതിന് രണ്ട് മാസത്തേക്ക് അനുവാദം നൽകിയിട്ടും അനിശ്ചിതത്വം തുടരുന്നു. ഇതുസംബന്ധിച്ച തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള ശീതസമരത്തെ തുട൪ന്നാണ് നിരവധി മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾ ത്രിശങ്കുവിലായത്.
ഖാദിം വിസ ഷൂൺ വിസയിലേക്ക് മാറ്റുന്നതിന് രണ്ട് മാസത്തേക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സെപ്റ്റംബ൪ പകുതിയോടെ തൊഴിൽ മന്ത്രാലയം അണ്ട൪ സെക്രട്ടറി അബ്ദുൽ മുഹ്സിൻ അൽ മുതൈരി വ്യക്തമാക്കിയിരുന്നു. ഇത് ഒക്ടോബ൪ ഒന്നിന് പ്രാബല്യത്തിൽ വരികയും ഷൂൺ ഓഫീസുകളിൽ ഇതുസംബന്ധിച്ച നടപടികൾ തുടങ്ങുകയും ചെയ്തു. ഷൂൺ ഓഫീസുകളിൽനിന്ന് സാലറി സ൪ട്ടിഫിക്കറ്റ് സമ൪പ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂ൪ത്തിയാക്കുകയും 50 ദീനാ൪ അടച്ച് ഹെൽത്ത് ഇൻഷൂറൻസ് എടുക്കുകയുമടക്കം ചെയ്തിട്ടും ജവാസാത്തുകളിൽ (പാസ്പോ൪ട്ട് ഓഫീസ്) എത്തുമ്പോൾ അന്തിമ നടപടിയുണ്ടാവാത്ത അവസ്ഥയാണ്. തങ്ങൾക്ക് ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ജവാസാത്ത് ഉദ്യോഗസ്ഥ൪ വ്യക്തമാക്കുന്നത്.
എന്നാൽ, വാസ്തയുള്ളവ൪ക്ക് ജവാസാത്തുകളിൽനിന്ന് വിസ ട്രാൻസ്ഫ൪ നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി നൽകുന്നുമുണ്ട്. മലയാളികളടക്കം നിരവധി പേ൪ ഇങ്ങനെ ഖാദിം വിസ ഷൂൺ വിസയിലേക്ക് മാറ്റിക്കഴിഞ്ഞു. അതേസമയം,, പതിനായിരങ്ങൾ ഇത് സാധിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് മാസത്തെ കാലാവധി കഴിഞ്ഞാൽ വിസാ മാറ്റം നടക്കില്ലെന്നതിനാൽതന്നെ ഇതിന് എത്രയും പെട്ടെന്ന് പരിഹാരമായില്ലെങ്കിൽ ഇവ൪ വലയും.
ഖാദിം വിസ ഷൂൺ വിസയിലേക്ക് മാറ്റുന്നതിന് അനുമതി നൽകി തൊഴിൽ മന്ത്രാലയം സമ൪പ്പിച്ച ശിപാ൪ശ അന്തിമ അനുമതി നൽകേണ്ട ആഭ്യന്തര മന്ത്രാലയം തള്ളിയതായി റിപ്പോ൪ട്ടുണ്ടായിരുന്നു. ഗാ൪ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയം തൊഴിൽ മന്ത്രാലയത്തിൻെറ പരിധിയിൽപ്പെടുന്നതല്ലെന്നും ഇത് കൈകാര്യം ചെയ്യേണ്ട തങ്ങളുമായി വിഷയം നേരത്തേ കൂടിയാലോചിച്ചില്ലെന്നും പറഞ്ഞായിരുന്നു ആഭ്യന്തര മന്ത്രാലയത്തിൻെറ നടപടി. എന്നാൽ, ഇതിനിടയിലും പല൪ക്കും വിസാ മാറ്റം സാധ്യമാവുകയും ചെയ്തു. അനുമതി നൽകിയതായി ഇതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ വ്യക്തമാക്കാത്ത സാഹചര്യത്തിൽ മിക്കവ൪ക്കും നടപടിക്രമങ്ങൾ പൂ൪ത്തിയാക്കാനുമായിട്ടില്ല. വിവിധ ഗവ൪ണറേറ്റുകളിലെ ജവാസാത്ത് ഉദ്യോഗസ്ഥരുടെ ഇഷ്ടം പോലെയാണ് ഇപ്പോൾ ഇതുസംബന്ധിച്ച കാര്യങ്ങൾ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.
എല്ലാ വ൪ഷവും നിശ്ചിതകാലത്തേക്ക് ഇത്തരത്തിൽ വിസാ മാറ്റത്തിന് അനുമതി നൽകാറുണ്ട്. സാധാരണ ജൂൺ ഒന്ന് മുതൽ നവംബ൪ 30 വരെയാണ് വിസാ മാറ്റം അനുവദിക്കാറുള്ളത്. എന്നാൽ, ഇത്തവണ അതുണ്ടായില്ല. വിസ മാറുന്നതിനുള്ള അനുവാദം നൽകണമെന്നാവശ്യപ്പെട്ട് തൊഴിൽ മന്ത്രാലയം പതിവുപോലെ മേയ് മാസത്തിൽ നൽകിയ അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളുകയായിരുന്നു.
രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വ൪ധിക്കാൻ കാരണമാവുന്നു, സ്പോൺസറുടെ അടുത്തുള്ള തൊഴിൽ ഉപേക്ഷിച്ച് ഗാ൪ഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം വ൪ധിക്കാൻ ഇടയാക്കുന്നു, തങ്ങളുടെ കീഴിലുള്ള ഗാ൪ഹിക തൊഴിലാളികൾ ഷൂൺ വിസയിലേക്ക് മാറുന്നതോടെ സ്പോൺസ൪ക്ക് പുതിയ ഗാ൪ഹിക തൊഴിലാളികളെ കൊണ്ടുവരേണ്ടിവരുന്നു, ഇതിന് ചെലവ് ഏറെ വരുന്നതായി സ്വദേശികൾ പരാതി പറയുന്നു തുടങ്ങിയ കാരണങ്ങളാണ് വിസ മാറ്റത്തിന് അനുമതി തള്ളാനുള്ള കാരണങ്ങളായി ആഭ്യന്തര മന്ത്രാലയം അന്ന് പറഞ്ഞിരുന്നത്.
എന്നാൽ, ശക്തമായ റെയ്ഡുകളിലൂടെയും മറ്റും നിരവധി വിദേശികളെ നാടുകടത്തുകയും നിയമപരമായ പരിരക്ഷയില്ലാത്ത പലരും ജോലി വിടുകയും ചെയ്തതോടെ രാജ്യത്ത് തൊഴിലാളി ക്ഷാമം ഏറെയുണ്ടായ സാഹചര്യത്തിലാണ് രണ്ടു മാസത്തേക്ക് വിസാ മാറ്റത്തിന് അനുമതി നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചത്.
രാജ്യത്തെ തൊഴിൽ വിപണിയിലേക്ക് പുതുതായി ആവശ്യം വരുന്ന തൊഴിലാളികളെ പുറത്തുനിന്ന് കൊണ്ടുവരുന്നതിന് പകരം നിലവിൽ രാജ്യത്തുള്ളവരെ തന്നെ ഉപയോഗപ്പെടുത്തുകയാണ് വിസ മാറ്റം നടപടിയിലൂടെ തൊഴിൽ  വകുപ്പ് ലക്ഷ്യമിടുന്നത്. വിദേശത്തു നിന്നുള്ള റിക്രൂട്ട്മെൻറ് ഇല്ലാതെ തന്നെ  ജോലിക്കാരെ കണ്ടെത്താൻ സ്ഥാപനങ്ങൾക്ക്  കഴിയും എന്ന മെച്ചവുമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.