ഇന്ത്യന്‍ എംബസിയില്‍ ഇപ്പോള്‍ കോളുകള്‍ സ്വീകരിക്കുന്നില്ല!

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ടെലഫോൺ കോളുകൾക്ക് മറുപടി നൽകാകാൻ ആളില്ല. കഴിഞ്ഞ ആറു മാസത്തോളമായി എംബസിയുടെ റിസപ്ഷനിൽ ആളില്ലാതായതോടെയാണ് ലാൻറ് ഫോൺ വിളികൾക്ക് മറുപടി ലഭിക്കാതായത്. ഏപ്രിലിൽ നേരത്തെയുണ്ടായിരുന്ന റിസപ്ഷനിസ്റ്റ് രാജിവെച്ച ഒഴിവിലേക്ക് നിയമനം നടന്നെങ്കിലും അവരെ മറ്റു ജോലികൾക്ക് നിയോഗിച്ചതിനാൽ റിസപ്ഷൻ ഒഴിഞ്ഞു കിടക്കുകയാണ്. ഇതുമൂലം അത്യാവശ്യ കാര്യങ്ങൾക്ക് എംബസിയുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടാൻ ഇന്ത്യക്കാ൪ക്കോ ഖത്ത൪ ഭരണവിഭാഗത്തിലെ വിവിധ വകുപ്പുകൾക്കോ സാധിക്കുന്നില്ല.
ബോൺ കാൻസ൪ ബാധിച്ച് ഹമദ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മലപ്പുറം സ്വദേശിനി മാധവിയുടെ യാത്രാരേഖകൾ ശരിയാക്കി നൽകണമെന്ന് ആവശ്യപ്പെടുന്നതിനായി ഹമദ് ആശുപത്രിയിലുള്ള ആഭ്യന്തര വകുപ്പിനു കീഴിലെ ഉദ്യോഗസ്ഥ൪ കഴിഞ്ഞ രണ്ടു ദിവസമായി എംബസിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. സ്പോൺസ൪ പാസ്പോ൪ട്ട് സി.ഐ.ഡി വിഭാഗത്തിന് കൈമാറിയതിനാൽ മാധവിക്ക് തുട൪ ചികിൽസക്കായി നാട്ടിലേക്ക് മടങ്ങണമെങ്കിൽ എംബസി ഔ് പാസ് നൽകണം. ഇത് ഉടൻ ശരിയാക്കി നൽകണമെന്ന് ആവശ്യപ്പെടാനാണ് ഹമദ് ആശുപത്രിയിലെ ആഭ്യന്തരവകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ൪ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചന്നത്.
ഔദ്യാഗിക രേഖകളിലും വെബ്സൈറ്റിലും നൽകിയിട്ടുള്ള എംബസിയുടെ നമ്പറിൽ വിളിച്ചാലാണ് മറുപടി ലഭിക്കാത്തത്. 2013 ഏപ്രിൽ പകുതി വരെയാണ് റിസപ്ഷനിൽ ജോലിക്കാരി ഉണ്ടായിരുന്നത്. ഇവ൪ രാജിവെച്ചതിന് ശേഷം ഉടൻ തന്നെ പുതിയ നിയമനം നടന്നിരുന്നു. എന്നാൽ പുതിയ ജോലിക്കാരിയെ റിസപ്ഷനിൽ നിന്നും ഭരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇതേ തുട൪ന്ന് കഴിഞ്ഞ മെയ് മാസം മുതൽ റിസപ്ഷനിൽ ആളില്ലാത്ത അവസ്ഥയുണ്ടെന്ന് എംബസി ജീവനക്കാ൪ തന്നെ സമ്മതിക്കുന്നു. അതേസമയം എക്സ്റ്റൻഷൻ നമ്പറുകളിൽ വിളിക്കുന്നവ൪ക്ക് തൊഴിൽ വകുപ്പുമായും മറ്റു വകുപ്പുകളുമായും ബന്ധപ്പെടാൻ സാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു. എക്സ്റ്റൻഷൻ നമ്പറുകൾ അറിയാത്തവ൪ക്ക് ക്യൂടെൽ ഡയറക്ടറിയിൽ നിന്നും വെബ്സൈറ്റിൽ നിന്നും മറ്റു ഔദ്യാഗിക രേഖകളിൽ നിന്നും ലഭിക്കുന്നത് റിസപ്ഷനിലെ പ്രധാന നമ്പറാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.