ഒമാനില്‍ മലയാളിയെ പാക് സംഘം തട്ടിക്കൊണ്ടുപോയി

സോഹാ൪: മലയാളി യുവാവിനെ പാകിസ്താൻ സംഘം തട്ടിക്കൊണ്ടുപോയി. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് സംഘത്തിൻെറ ഭീഷണി.
സൊഹാ൪ സനാഇയയിലെ ‘കിനൂസ് അൽ ഫലാജ്’ വ൪ക്ഷോപ് ജീവനക്കാരനും പാലക്കാട് പുതുക്കോട് കണ്ണമ്പ്ര സ്വദേശിയുമായ മുഹമ്മദ് ഹനീഫയെയാണ് (30) തട്ടിക്കൊണ്ടുപോയി ഒളി സങ്കേതത്തിൽ പാ൪പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ  മുഖം മറച്ച പാകിസ്താൻ വേഷധാരികൾ കാറിലെത്തി ഹനീഫയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഒളിസങ്കേതത്തിലെത്തിയ സംഘം ഹനീഫയുടെ മൊബൈൽ ഫോണിൽനിന്ന് വീട്ടുകാരുടെയും ബന്ധുക്കളുടെയും നമ്പറുകൾ കൈവശപ്പെടുത്തി അവരോട് ഇൻറ൪നെറ്റ് കോളിലൂടെ  മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
 ഹനീഫയുടെ സൗദിയിലുള്ള അളിയനെ വിളിച്ച് 2000 ഒമാനി റിയാൽ മണിക്കൂറുകൾക്കകം സൊഹാ൪  കെ.എഫ്.സിക്ക് സമീപത്തെ തോട്ടത്തിൽ എത്തിക്കണമെന്നാണ് ആദ്യം മുന്നറിയിപ്പ് നൽകിയത്. തുട൪ന്ന് ഹനീഫിൻെറ പാലക്കാട്ടെ വീട്ടിലേക്ക് വിളിച്ച് പാകിസ്താനിലെ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ ഹനീഫയെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തങ്ങളുടെ ഭാഷ വീട്ടുകാ൪ക്ക് മനസ്സിലാകുന്നില്ലെന്ന് തിരിച്ചറിഞ്ഞ സംഘം ഫോൺ ഹനീഫക്ക് കൈമാറുകയും ബന്ദിയായ വിവരം പറയാൻ ആവശ്യപ്പെടുകയുമായിരുന്നു.
ചപ്പാത്തി ഉണ്ടാക്കി കടകളിലും റൂമുകളിലും കൊണ്ടുപോയി കൊടുക്കുകയും ശേഷിക്കുന്ന സമയം തൊഴിലുടയുടെ പേരിലുള്ള വ൪ക്ഷോപ്പിൽ ജോലിയെടുക്കുകയും ചെയ്തിരുന്ന ഹനീഫ സ്വന്തമായി കഫ്റ്റീരിയ തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. കഫ്റ്റീരിയ തുടങ്ങുന്നതിനുള്ള തുകയും വ൪ക് ഷോപ്പിലെ കളക്ഷൻ തുകയും എണ്ണി ത്തിട്ടപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ട്  ഹനീഫയുടെ മുറിയിൽനിന്ന് പണം അപഹരിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ബന്ദിയാക്കി പണം തട്ടാൻ സംഘം വഴി തേടുകയായിരുന്നുവെന്ന് കരുതുന്നു.
സനാഇയയിലെ മലയാളി സുഹൃത്തുക്കൾ ഹനീഫയുടെ മോചനത്തിന് ശ്രമം നടത്തിവരികയാണ്. ഹനീഫയുടെ സ്പോൺസറും പൊലീസ് ഉദ്യോഗസ്ഥനുമായ അഹ്മദ് അൽ ജബ്രി നൽകിയ പരാതിയെ തുട൪ന്ന് സൊഹാ൪ പൊലീസ് സൈബ൪സെല്ലിൻെറ സഹായത്തോടെ അന്വേഷണം ഊ൪ജിതമാക്കിയിട്ടുണ്ട്. സംഘത്തിൻെറ ഒളി ത്താവളത്തെ കുറിച്ചുള്ള വിവരമറിയാൻ വിദഗ്ധ സംഘത്തിൻെറ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും  ഹനീഫയെ സുരക്ഷിതമായി മോചിപ്പിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടിൽ ലഭിച്ച ഭീഷണി സന്ദേശത്തിൻെറ അടിസ്ഥാനത്തിൽ ഹനീഫയുടെ ഭാര്യാപിതാവ് അബ്ദുൽ അസീസ് വടക്കഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  സൊഹാറിൽ മൂന്ന് വ൪ഷമായി ജോലി ചെയ്തുവരുന്ന മുഹമ്മദ് ഹനീഫ നാട്ടിൽ അവധിക്ക് പോയി തിരിച്ചുവന്നിട്ട് ഏഴ് മാസമേ ആയിട്ടുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.