സത്രം പ്രദേശത്ത് വ്യാപക റവന്യൂ-വനം ഭൂമി കൈയേറ്റം

വണ്ടിപ്പെരിയാ൪: പെരിയാ൪ വന്യജീവി സങ്കേതത്തോട് ചേ൪ന്ന് വള്ളക്കടവ് സത്രം പ്രദേശത്ത് റവന്യൂ-വനം ഭൂമികളിൽ കൈയേറ്റം വ്യാപകമാകുന്നു.
പീരുമേട് താലൂക്കിലെ മഞ്ചുമല വില്ലേജിൽപ്പെട്ട സ൪വേ നമ്പ൪ 167, 182ലായുള്ള ഭൂമികളിലാണ് വ്യാപക കൈയേറ്റം നടക്കുന്നത്. സ൪വേ നമ്പ൪ 182ൽപ്പെട്ട ഏക്ക൪ കണക്കിന് ഭൂമി റവന്യൂ വകുപ്പ് വനംവകുപ്പിന് കൈമാറി വിജ്ഞാപനം ഇറക്കിയെങ്കിലും ഏറ്റെടുക്കൽ നടപടി മുടങ്ങി ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളത്. അതിനാൽ ഈഭൂമിയിൽ എന്ത് പ്രവ൪ത്തനങ്ങൾ നടത്തിയാലും ഇരുവകുപ്പും നടപടിയെടുക്കാൻ തയാറാകുന്നില്ല. ഇത് മറയാക്കിയാണ് സ്വകാര്യവ്യക്തികൾ കൈയേറ്റം നടത്തുന്നത്.
ചങ്ങനാശേരി സ്വദേശി സത്രം പ്രദേശത്ത് 22 ഏക്ക൪ പാട്ട ഭൂമിയാണ് വാങ്ങിയതെങ്കിലും അമ്പതേക്കറോളമാണ് ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത്. പട്ടയ ഭൂമിയോട് ചേ൪ന്നുണ്ടായിരുന്ന പഴയ നടപ്പാത ഒഴിവാക്കി റവന്യൂ ഭൂമിയിൽ പത്തടി വീതിയിൽ റോഡ് നി൪മിക്കുകയും കോൺക്രീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. റവന്യൂ ഭൂമിയിലൂടെയുള്ള നടപ്പാതകൾ വലിയ റോഡുകളാക്കി നി൪മാണം നടത്തിയിട്ടും അധികൃത൪ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വള്ളക്കടവ് സ്വദേശിയിൽ നിന്ന് മൂന്ന് സെൻറ് മാത്രം വിലയ്ക്ക് വാങ്ങിയ പ്രദേശവാസി മൂന്നേക്കറിലധികം സ്ഥലമാണ് കൈവശം വെച്ചിരിക്കുന്നത്. ഏലം,കാപ്പി,കുരുമുളക് എന്നിവ കൃഷി ചെയ്തിരിക്കുന്നു. പട്ടയ ഭൂമിയോട് ചേ൪ന്ന് കിടക്കുന്ന റവന്യൂ ഭൂമികളിലെ പോതപ്പുല്ലുകൾ നീക്കം ചെയ്ത് ഏലം, കാപ്പി എന്നിവ നട്ടുപിടിപ്പിച്ച് ആരംഭിച്ച ചെറിയ കൈയേറ്റങ്ങൾ ഇപ്പോൾ ഏക്ക൪ കണക്കിന് ഭൂമിയിലേക്ക് വ്യാപിച്ചിരിക്കുന്നു. 
രാത്രിയിൽ ഔദ്യാഗിക വാഹനങ്ങൾ ഒഴിവാക്കി വില്ലേജ് ഓഫിസിലെ ജീവനക്കാ൪ മുതലുള്ള ഉദ്യോഗസ്ഥ൪ വൻകിടക്കാരുടെ കോട്ടേജുകളിൽ എത്തുന്നതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. 
വനപ്രദേശത്തോട് ചേ൪ന്ന് കിടക്കുന്ന പ്രദേശത്ത് മ്ളാവ്,കേഴ,കാട്ടുപന്നി, മുയൽ എന്നിവ ധാരാളമായുള്ളതിനാൽ കാട്ടിറച്ചിയും മദ്യവുമടങ്ങിയ സൽക്കാരമാണ് ഇവ൪ക്കായി ഒരുക്കുന്നത്. 
സംസ്ഥാന സ൪ക്കാറിൻെറ സീറോ ലാൻഡ്ലെസ് പദ്ധതിക്കായി സത്രം മേഖലയിൽ സ൪വേ ആരംഭിക്കുന്നതിന് മുമ്പ് സ്വകാര്യ വ്യക്തികൾ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പുൽമേടുകളിലേക്ക് വേലികൾ നി൪മിച്ച് ഭൂമി അധീനതയിലാക്കിയിട്ടുണ്ട്. പ്രദേശവാസികൾ തങ്ങളുടെ സ്ഥലത്തോട് ചേ൪ന്നുകിടക്കുന്ന പ്രദേശത്ത് പ്രവ൪ത്തനം നടത്തിയാൽ റവന്യൂ-വനം വകുപ്പ് സംഘമെത്തി വിളകൾ വെട്ടി നശിപ്പിക്കുകയും കേസുകളിൽ കുടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഇരുപതിൽപ്പരം കേസുകൾ നിലവിലുണ്ടെന്നാണ് സ്ഥലവാസി പറയുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.