എസ്.സി ഫണ്ട് വകമാറ്റല്‍: ഭരണകക്ഷി അംഗങ്ങളും കൗണ്‍സില്‍ ബഹിഷ്കരിച്ചു

പത്തനംതിട്ട: ഇ.എം.എസ് ഭവന പദ്ധതിയിലെ എസ്.സി.ഫണ്ട് വകമാറ്റി ചെലവഴിച്ചതിൽ  പ്രതിഷേധിച്ച് ഭരണകക്ഷിയിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ നാലുപേ൪ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.  ഭരണകക്ഷിയിൽപ്പെട്ട അഡ്വ. റോഷൻ നായ൪, അനിൽ മണ്ണിൽ എന്നിവരും സ്വതന്ത്ര അംഗങ്ങളായ മുണ്ടുകോട്ടക്കൽ സുരേന്ദ്രനും ബി.ജെ.പിയിലെ കെ.ജി. പ്രകാശുമാണ് യോഗത്തിൻെറ അവസാനഘട്ടത്തിൽ ഇറങ്ങിപ്പോയത്.
ഇ.എം.എസ് ഭവന പദ്ധതിയുടെ കുമ്പഴ സ൪വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിൽ 7.55 ലക്ഷം രൂപ കുറവുണ്ടെന്ന ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തലും പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ  ച൪ച്ചചെയ്യാനുമായാണ് വെള്ളിയാഴ്ച അടിയന്തര കൗൺസിൽ യോഗം ചേ൪ന്നത്. കഴിഞ്ഞ ശനിയാഴ്ച കൂടിയ കൗൺസിൽ യോഗത്തിൽ പദ്ധതി തുകയിൽ കുറവ് കണ്ടെത്തിയത് ചൂടേറിയ ച൪ച്ചകൾക്ക് ഇടയാക്കിയിരുന്നു. തുട൪ന്നാണ് പ്രത്യേക അജണ്ടയായി വിഷയം വെള്ളിയാഴ്ച ച൪ച്ചക്കെടുത്തത്. 
ഇ.എം.എസ് ഭവന പദ്ധതിയുടെ എസ്.സി.പി ഫണ്ടിൽ ഏഴര ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ചെയ൪മാൻ ഇത് അംഗീകരിക്കാഞ്ഞതിൽ പ്രതിഷേധിച്ചാണ് നാല് അംഗങ്ങളും  ഇറങ്ങിപ്പോയത്. നേരത്തെ മുതൽ ചെയ൪മാനോട് ഇടഞ്ഞുനിൽക്കുന്നവരാണ് ഭരണകക്ഷിയിലെ രണ്ട് അംഗങ്ങളും.
എന്നാൽ ഇവരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് ചെയ൪മാൻ എ.സുരേഷ്കുമാ൪ പറഞ്ഞത്. എന്തെങ്കിലും ക്രമക്കേടുകളോ തിരിമറികളോ നടന്നിട്ടില്ല. എൽ.ഡി.എഫ് അംഗങ്ങൾ പോലും യാതൊരു ക്രമക്കേടും ആരോപിക്കുന്നില്ല. 
ബാങ്കിലെ ഒറ്റ അക്കൗണ്ടിൽ ജനറൽ ഫണ്ടും എസ്.സി ഫണ്ടും നിക്ഷേപിച്ചപ്പോഴുണ്ടായ തകരാറാണ് ഇതിന് ഇടയാക്കിയത്്. ഇത് ക്ളറിക്കൽ തകരാറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റ് എൻക്വയറിക്ക് സെക്രട്ടറി മറുപടി കൊടുത്തുവെന്നും ചെയ൪മാൻ പറഞ്ഞു. പദ്ധതിക്ക് എങ്ങനെ ഫണ്ട് കണ്ടെത്താൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ചെയ൪മാൻ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ചാണ് അംഗങ്ങൾ അഭിപ്രായം പറയേണ്ടതെന്നുമായി ചെയ൪മാൻ. 
ഇ.എം.എസ് ഭവന പദ്ധതിക്ക് പണം കണ്ടെത്താൻ കഴിയാതെ പദ്ധതിയെ അട്ടിമറിച്ചത് പാവങ്ങളോട് കാണിച്ച കൊടും ക്രൂരതയായെന്ന് എൽ.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടി ലീഡ൪ അഡ്വ.ടി.സക്കീ൪ ഹുസൈൻ പറഞ്ഞു. നഗരത്തിൽ 117 പേരാണ് വീടുവെക്കാൻ പണമില്ലാതെ വിഷമിക്കുന്നത്. ഇ.എം.എസ് ഭവന പദ്ധതിയിലെ പ്രതിസന്ധി മറികടക്കാൻ സ൪ക്കാ൪ കഴിഞ്ഞ മാ൪ച്ച് 14ന് ഉത്തരവിറക്കിയിട്ടും നഗരസഭക്ക് നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ല. വായ്പ തുക ഹഡ്കോയിൽ നിന്ന് ഏറ്റെടുത്ത് നൽകാൻ കഴിയാതെ വന്നതോടെ  തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ത്രിതല സഹകരണ സംഘങ്ങൾ വഴി പണം കണ്ടെത്താനാണ് നി൪ദേശിച്ചത്. 
എന്നാൽ ജില്ലാ ആസ്ഥാനത്തെ എല്ലാസഹകരണ ബാങ്കുകളും യു.ഡി.എഫ് പിടിച്ചെടുത്തെങ്കിലും പദ്ധതിക്ക് ആവശ്യമായ പണം ഈ ബാങ്കുകൾ വഴി സമാഹരിക്കാൻ കഴിഞ്ഞില്ല. ഇതിലൂടെപദ്ധതി അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. നഗരത്തിൽ ഭവന പദ്ധതി അട്ടിമറിച്ചതിൻെറ രണ്ട് പ്രതികൾ യു.ഡി.എഫ് സ൪ക്കാറും പത്തനംതിട്ട നഗരസഭയുമാണ്. 
യു.ഡി.എഫ് പദ്ധതിയുടെ ചരമഗീതം കുറിക്കുകയാണ് ചെയ്തത്. ഭരണകക്ഷി നിരുത്തരവാദപരമായാണ് ഇതിനെ കണ്ടത്. പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥരും അനാസ്ഥകാട്ടി. ബന്ധപ്പെട്ട ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പോലും ഇത് ച൪ച്ച ചെയ്തില്ല. നോക്കുകുത്തികളായ സ്റ്റാൻഡിങ് കമ്മിറ്റികളാണ് നഗരസഭയിലേത്.
പട്ടികജാതി ഫണ്ട് വകമാറ്റിയത് അംഗീകരിക്കാൻ കഴിയില്ലെന്നും തുക അഡ്ജസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും സക്കീ൪ ഹുസൈൻ പറഞ്ഞു.  ഇ.എം.എസ് ഭവന പദ്ധതിയിലെ അക്കൗണ്ടിൽ തുക കുറവ് കണ്ടെത്തിയത് നിരവധി സംശയങ്ങൾക്ക് ഇടനൽകുന്നതായി ഭരണകക്ഷി അംഗം അനിൽ മണ്ണിൽ പറഞ്ഞു. പാവപ്പെട്ട ആളുകൾക്കുവേണ്ടിയുള്ള ഭവന പദ്ധതി അട്ടിമറിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ചില അംഗങ്ങളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയ൪മാൻ പറഞ്ഞു. ഭവന പദ്ധതിയിലെ അംഗങ്ങൾക്കായി കുമ്പഴ സഹകരണ ബാങ്കിൽ നിന്നും വായ്പ എടുക്കാൻ തീരുമാനിച്ചതായും ചെയ൪മാൻ പറഞ്ഞു. 
കെ.ജാസിംകുട്ടി, എം.സി. ഷെരീഫ്, ആ൪. സാബു, വി.എ. ഷാജഹാൻ, റഷീദാബീവി, കെ.ജി. പ്രകാശ്, അഡ്വ. റോഷൻ നായ൪, ആനി സജി എന്നിവ൪ സംസാരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.