കുവൈത്ത് സിറ്റി: ഈമാസം ഒന്ന് മുതൽ പുതിയ നിബന്ധനകൾ ഏ൪പ്പെടുത്തിയതോടെ കുവൈത്തിൽ കുടുംബ വിസ പുതുക്കുന്നതിനുള്ള കടമ്പകൾ വ൪ധിക്കുന്നു. അപ്രതീക്ഷിതമായി കൊണ്ടുവന്ന പരിഷ്കാരങ്ങൾ മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
കുടുംബ വിസ പുതുക്കുമ്പോൾ വിരലടയാള പരിശോധനക്കൊപ്പം വൈദ്യ പരിശോധനയും നി൪ബന്ധമാക്കിയിട്ടുണ്ട്. കുടുംബ വിസയിൽ രാജ്യത്ത് താമസിക്കുന്ന വിദേശികളിൽ ചിലരിൽ സാംക്രമിക രോഗങ്ങൾ കണ്ടെത്തിയതായ ആരോഗ്യ മന്ത്രാലയത്തിൻെറ റിപ്പോ൪ട്ടിനെ തുട൪ന്നാണ് എമിഗ്രേഷൻ വകുപ്പ് വിസ പുതുക്കുമ്പോൾ വൈദ്യ പരിശോധന നി൪ബന്ധമാക്കിയിരിക്കുന്നത്.
2011 സെപ്റ്റംബ൪ മൂന്നിന് മുമ്പ് രാജ്യത്തെത്തുകയും 21 വയസ്സ് പൂ൪ത്തിയായവരുമായ കുടുംബ വിസയിലുള്ളവ൪ക്കാണ് ഈമാസം ഒന്ന് മുതൽ വൈദ്യ പരിശോധന നി൪ബന്ധമാക്കിയിരിക്കുന്നത്. 18 വയസ്സ് കഴിഞ്ഞവ൪ക്ക് വിരലടയാള പരിശോധന നി൪ബന്ധമാക്കിയ കാര്യം കഴിഞ്ഞദിവസം ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
ആദ്യമായി കുടുംബ വിസയിലെത്തിയപ്പോൾ വിരലടയാള പരിശോധനകൾക്ക് വിധേയമാവാത്തവ൪ക്കാണ് ഇപ്പോൾ നി൪ബന്ധമാക്കിയിരിക്കുന്നത്. എന്നാൽ, മുമ്പ് വൈദ്യ പരിശോധന നടത്തിയവരാണെങ്കിലും പുതുക്കുമ്പോൾ വീണ്ടും പരിശോധനക്ക് വിധേയമാവണം.
2011 സെപ്റ്റംബ൪ മൂന്ന് മുതൽ കുടുംബ വിസയിൽ വരുന്ന 18 വയസ്സ് കഴിഞ്ഞവ൪ക്ക് വിരലടയാള പരിശോധനയും 21 വയസ്സ് പൂ൪ത്തിയായവ൪ക്ക് വൈദ്യ പരിശോധനയും ഏ൪പ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇതിനുമുമ്പ് കുവൈത്തിലെത്തിയവ൪ വിസ പുതുക്കുമ്പോഴാണ് ഇപ്പോൾ ഈ പരിശോധനകൾക്ക് വിധേയമാവേണ്ടി വരുന്നത്. വിരലടയാള പരിശോധനാ റിപ്പോ൪ട്ടിൻെറ കാര്യത്തിലേതുപോലെ തന്നെ വൈദ്യ പരിശോധന കഴിഞ്ഞാലും ഓൺലൈൻ ക്ളിയറൻസ് ജവാസാത്തിൽ എത്തിയാൽ മാത്രമേ വിസ പുതുക്കിനൽകുകയുള്ളൂ.
മുൻകൂട്ടി പ്രഖ്യാപിക്കാതെ നടപ്പാക്കിയ പരിഷ്കാരങ്ങൾ മലയാളികളടക്കമുള്ള നിരവധി പ്രവാസികളെ പ്രയാസത്തിലാക്കുന്നുണ്ട്. പുതിയ നിബന്ധനകളറിയാതെ വിസ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ജവാസാത്തുകളിൽ എത്തുന്നവരാണ് വെട്ടിലാവുന്നത്. നിബന്ധനകൾ വന്നതോടെ കുടുംബ വിസ പുതുക്കിക്കിട്ടാൻ മൂന്നാഴ്ചയിലധികം സമയമെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.