ചാരുംമൂട്: ഓണവിപണി ലക്ഷ്യമാക്കി ചാരുംമൂട് മേഖലയിലെ വിവിധ ഭാഗങ്ങളിൽ സ്പിരിറ്റ് ലോബി സജീവമായി. നൂറനാട്, താമരക്കുളം, ഭരണിക്കാവ്, പാലമേൽ, വള്ളികുന്നം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് മദ്യലോബി സ്പിരിറ്റ്, വ്യാജമദ്യം എന്നിവ നിറച്ച ഗോഡൗണുകൾ വ്യാപകമായി ഒരുക്കിയിട്ടുള്ളതായി സൂചനയുള്ളത്. കഴിഞ്ഞദിവസം ഭരണിക്കാവ് പഞ്ചായത്തിലെ തെക്കേ മങ്കുഴിയിൽ വീടിൻെറ പിന്നാമ്പുറത്ത് ഓലകൊണ്ട് മൂടിയ നിലയിൽ ഒമ്പത് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളിക്ക് സമീപം ആയിരക്കണക്കിന് ലിറ്റ൪ സ്പിരിറ്റ് കടത്തുന്നതിനിടെ വള്ളികുന്നം സ്വദേശിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കായംകുളം ലോബിയാണ് വ്യാജമദ്യം നി൪മിക്കാനാവശ്യമായ സ്പിരിറ്റ് എത്തിക്കുന്നതെന്നാണ് സൂചന. നൂറനാട്, ഭരണിക്കാവ്, താമരക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ ഗോഡൗണുകളിൽ സ്പിരിറ്റ് എത്തിച്ച് ആവശ്യക്കാ൪ക്ക് വിതരണം ചെയ്യുകയാണ് പതിവ്. 30 ലിറ്റ൪ വീതമുള്ള കന്നാസുകളിൽ എത്തിക്കുന്ന സ്പിരിറ്റ് പെട്ടെന്ന് ആൾക്കാ൪ ശ്രദ്ധിക്കാത്ത പ്രദേശങ്ങളിലുള്ള വീടുകളിൽ നിശ്ചിത തുക നൽകി സൂക്ഷിക്കാനേൽപിക്കും. ഇവിടെനിന്ന് ആവശ്യമനുസരിച്ച് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. അധികൃതരുടെ ഒത്താശയോടെ ബൈക്കുകളിലും കാറുകളിലുമായാണ് സ്പിരിറ്റ് വ്യാജമദ്യശാലകളിലേക്ക് പോകുന്നത്.
ഗോഡൗണുകളിൽ എത്തുന്ന സ്പിരിറ്റ് വ്യാജ വിദേശമദ്യ നി൪മാണത്തിനാണ് കൂടുതലായി ഉപയോഗിക്കുന്നത്. കള൪ ചേ൪ത്ത് വിദേശമദ്യം നി൪മിക്കുന്ന നിരവധി ഡിസ്റ്റിലറികൾ മധ്യതിരുവിതാംകൂറിൻെറ വിവിധ ഭാഗങ്ങളിൽ പ്രവ൪ത്തിക്കുന്നുണ്ട്. ഇവിടെനിന്ന് ലഭിക്കുന്ന വ്യാജ വിദേശമദ്യം മേഖലയിലെ വിവിധ ഭാഗങ്ങളിൽ പ്രവ൪ത്തിക്കുന്ന അനധികൃത മിനിബാറുകളിൽ എത്തിച്ച് വിൽപന നടത്തുകയാണ് ചെയ്യുന്നത്. ഈ മേഖലയിൽ വീടുകൾ കേന്ദ്രീകരിച്ച് നിരവധി മിനിബാറുകൾ പ്രവ൪ത്തിക്കുന്നതായും സൂചനയുണ്ട്. ഇത്തരം മിനിബാറുകൾക്കായി വ്യാജ വിദേശമദ്യം എത്തിച്ചുകൊടുക്കുന്ന സംഘങ്ങളും സജീവമാണ്.
കള്ളിൽ ചേ൪ക്കാനും സ്പിരിറ്റ് ഉപയോഗിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലേക്ക് സ്പിരിറ്റ് എത്തുന്നത് ആര്യങ്കാവ്, പുളിയറ ചെക്പോസ്റ്റുകൾ വഴിയാണ്. ലോറികളിൽ കച്ചി നിറച്ചും കാറ്റാടി കഴകളുടെയും മുട്ട ഡിഷുകളുടെയും പിന്നിൽ സ്പിരിറ്റ് നിറച്ചാണ് കടത്തുന്നത്. മത്സ്യംനിറച്ച കണ്ടെയ്ന൪ ലോറികളിലും വ്യാപകമായി സ്പിരിറ്റ് എത്തുന്നുണ്ട്. വ്യാജമദ്യലോബിയുടെ മാസപ്പടിക്കാരാണ് പൊലീസ്-എക്സൈസ് അധികൃതരിലെ ചിലരെന്നും ആക്ഷേപമുണ്ട്. വ്യാജമദ്യലോബികളായ വൻകിടക്കാരുടെ ഗോഡൗണുകൾ റെയ്ഡ്ചെയ്യാനോ പരിശോധന നടത്താനോ അധികൃത൪ തയാറാകാത്തത് ഇതുമൂലമാണെന്നും പറയപ്പെടുന്നു. ആയിരക്കണക്കിന് ലിറ്റ൪ സ്പിരിറ്റിൻെറ വൻ കടത്ത് നടക്കുമ്പോഴും 100 മില്ലി മുതൽ രണ്ടോ മൂന്നോ ലിറ്റ൪ സ്പിരിറ്റും ചാരായവും കൈവശം വെക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന ചെറുകിടക്കാ൪ മാത്രമാണ് പലപ്പോഴും പിടിയിലാകുന്നത്. കൃത്യമായി അധികൃത൪ക്ക് വിവരം ലഭിച്ചാലും റെയ്ഡ് നടത്താൻ തയാറാകില്ല. മാഫിയകളുടെ കുടിപ്പകമൂലം ലഭിക്കുന്ന വിവരംമൂലമാണ് നൂറുകണക്കിന് ലോഡ് കടത്തുന്നതിനിടെ ഒറ്റപ്പെട്ട കേസുകളെങ്കിലും പിടിക്കപ്പെടുന്നത്. പലപ്പോഴും റെയ്ഡിന് പോകുന്നവ൪ മദ്യലോബിയെ വിവരം അറിയിക്കുന്നതിനാൽ മുൻകരുതലെടുത്ത് അവ൪ രക്ഷപ്പെടുകയും ചെയ്യും. ഓണക്കാലം മദ്യദുരന്തത്തിൽ മുങ്ങാതിരിക്കാൻ അധികൃത൪ ഇനിയെങ്കിലും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.