വീട്ടുകാരെ മയക്കിക്കിടത്തി കവര്‍ച്ച: വേലക്കാരിയും കൂട്ടാളികളും പിടിയില്‍

ദുബൈ: ബ൪ദുബൈയിലെ വില്ലയിൽ വീട്ടുകാരെ ചായയിൽ ഉറക്കഗുളിക കല൪ത്തി മയക്കി പണവും ആഭരണങ്ങളും കവ൪ന്ന വേലക്കാരിയെയും കൂട്ടാളികളായ രണ്ടുപേരെയും ദുബൈ പൊലീസ് പിടികൂടി. ചായ കുടിച്ച് അവശനിലയിലായ വീട്ടുകാരെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീട്ടുകാ൪ അനധികൃതമായി നിയമിച്ച വേലക്കാരിയാണ് കവ൪ച്ച നടത്തി കടന്നത്. 50 വയസ്സുള്ള ഗൃഹനാഥനും ഭാര്യയും 14 വയസ്സുള്ള മകളും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിൽ വീട്ടിൽ കിടക്കുന്നതായി ആഗസ്റ്റ് 17നാണ് ബ൪ദുബൈ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഗൃഹനാഥൻ അബോധാവസ്ഥയിലായിരുന്നു. ഭാര്യയും മകളും ഛ൪ദിച്ച് അവശനിലയിലും. കടുത്ത വയറുവേദനയും ഇവ൪ക്ക് അനുഭവപ്പെട്ടിരുന്നു. തലേദിവസം റെസ്റ്റോറൻറിൽ നിന്ന് കഴിച്ച ഭക്ഷണത്തിൻെറ പ്രശ്നമാണെന്നാണ് ഇവ൪ കരുതിയിരുന്നത്. എന്നാൽ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ അമിതമായി ഉറക്കഗുളിക ഉള്ളിൽ കടന്നതാണ് കാരണമെന്ന് തെളിഞ്ഞു. ഗൃഹനാഥൻ സാധാരണ നിലയിലെത്തിയപ്പോൾ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാ൪ഥ സംഭവങ്ങളുടെ ചുരുളഴിഞ്ഞതെന്ന് ബ൪ദുബൈ പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ട൪ ലഫ്. കേണൽ തു൪ക്കി ബിൻ ഫാരിസ് പറഞ്ഞു.
സംഭവം നടക്കുന്നതിന് ആറുദിവസം മുമ്പാണ് വേലക്കാരിയെ നിയമിച്ചത്. സ്പോൺസറിൽ നിന്ന് ഒളിച്ചോടിയെത്തിയ വേലക്കാരിയെ അനധികൃതമായി നിയമിക്കുകയായിരുന്നു. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണമൊന്നും നടത്താതെയായിരുന്ന നിയമനം.
പകൽ സമയം ജോലിക്കെത്തുന്ന വേലക്കാരി രാത്രി തിരിച്ചുപോകാറാണ് പതിവ്. സംഭവ ദിവസം വേലക്കാരി തന്ന ചായ കുടിച്ചതിന് ശേഷമാണ് അബോധാവസ്ഥയിലായതെന്ന് ഗൃഹനാഥൻ ഓ൪ത്തെടുത്തു. തുട൪ന്ന് വേലക്കാരിയെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരിച്ചറിയൽ രേഖകളൊന്നുമില്ലാതിരുന്നതിനാൽ വേലക്കാരിയെ പിടികൂടുക പൊലീസ് സംഘത്തിന് എളുപ്പമായിരുന്നില്ല. എങ്കിലും ലഭ്യമായ വിവരങ്ങൾ വെച്ച് പൊലീസ് വേലക്കാരി താമസിച്ചിരുന്ന സ്ഥലത്തെത്തി അവരെ പിടികൂടുകയായിരുന്നു. കൂടെ താമസിച്ചിരുന്ന രണ്ടുപേരെയും പിടികൂടി. കൂട്ടാളിയാണ് കവ൪ച്ച ആസൂത്രണം ചെയ്തതെന്ന് വേലക്കാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സംഭവ ദിവസം വീട്ടുകാ൪ക്കെല്ലാം ചായയിൽ ഉറക്കഗുളിക കല൪ത്തി നൽകി. വീട്ടുകാ൪ മയക്കത്തിലായപ്പോൾ കൂട്ടാളികളെ വിവരമറിയിച്ചു. തുട൪ന്ന് മൂവരും ചേ൪ന്ന് പണവും ആഭരണങ്ങളും കവ൪ന്ന് കടക്കുകയായിരുന്നു.
അനധികൃതമായി വേലക്കാരിയെ നിയമിച്ച വീട്ടുകാരും സംഭവത്തിൽ കുറ്റക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഉറക്കഗുളികയുടെ അളവ് കുറച്ചുകൂടി കൂടുതലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു. പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.