മഞ്ചേരി: എസ്റ്റിമേറ്റ് കാണാതായതിനെതുട൪ന്ന് ഒരുകോടിരൂപ ട്രഷറിയിൽ നിന്ന് മടക്കിയ സംഭവത്തിൽ മഞ്ചേരി ജനറൽ ആശുപത്രി പഴയ ബ്ളോക്കിൻെറ നവീകരണ പദ്ധതിയുടെ എസ്റ്റിമേറ്റ് ആരോഗ്യ ഡയറക്ടറേറ്റിൽ വീണ്ടും നേരിട്ടെത്തിച്ചു.
മൂന്നര വ൪ഷം മുമ്പ് ഇടതു സ൪ക്കാ൪ അനുവദിച്ച ഫണ്ട് ജനപ്രതിനിധികളുടെ പിടിപ്പുകേടുകാരണം ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല.
നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി കാത്തിരിക്കുന്നതിനിടയിലാണ് ഒന്നരമാസം മുമ്പ് പണം ട്രഷറിയിൽ നിന്ന് മടങ്ങിയതറിഞ്ഞത്.
ഇക്കാര്യം ആശുപത്രിയിൽ അറിയിക്കാതെ ആരോഗ്യ ഡയറക്ടറേറ്റിലെ പ്രൊജക്ട് ചുമതലയുളള അഡീഷണൽ ഡയറക്ട൪ മൂടിവെക്കുകയായിരുന്നു. പണം എത്താത്തത് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒരുവ൪ഷം മുമ്പാണ് 99.99 ലക്ഷത്തിൻെറ എസ്റ്റിമേറ്റ് സ൪ക്കാറിലേക്ക് അനുമതിക്കായി നൽകിയത്. എസ്റ്റിമേറ്റിന് അനുമതിയും ലഭിച്ചിരുന്നു.
പിന്നെയും എസ്റ്റിമേറ്റ് നൽകില്ലെന്ന കാരണം പറഞ്ഞ് പണം തടയുകയും ട്രഷറിയിൽ നിന്ന് മടങ്ങുകയും ചെയ്തത് ദുരൂഹമാണ്.
നേരത്തെ നൽകിയ എസ്റ്റിമേറ്റ് ഒരുതവണകൂടി ജനറൽ ആശുപത്രി സൂപ്രണ്ട് ആരോഗ്യ ഡയറക്ടറിലേക്ക് പ്രത്യേക ദൂതൻ വഴി കഴിഞ്ഞദിവസം കൊടുത്തുവിട്ടു.
ജനറൽ ആശുപത്രി താലുക്ക് ആശുപത്രിയായിരുന്ന കാലത്ത് നി൪മിച്ച പഴയകെട്ടിടം നവീകരിക്കാനാണ് പി.കെ. ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് ഒരുകോടി അനുവദിച്ചത്. 35 രോഗികളെ കിടത്തിചികിൽസിക്കാൻ സൗകര്യമുളള കെട്ടിടത്തിൽ ഏതാനും വാ൪ഡുകളിലെ രോഗികളെ പുതിയകെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
വൈദ്യുതീകരണം മുഴുവൻ മാറ്റാൻ 55 ലക്ഷം, മറ്റു പണികൾക്ക് 45 ലക്ഷം എന്നിങ്ങനെയാണ് എസ്റ്റിമേറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.