എംബസികളിലും അഭയകേന്ദ്രങ്ങളിലും പകര്‍ച്ചവ്യാധികള്‍ തടയാന്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശ എംബസികളിലും അഭയകേന്ദ്രങ്ങളിലും പക൪ച്ച വ്യാധികൾ തടയുന്നതിന് മുൻകരുതലുകൾ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് നി൪ദേശം നൽകി. ഇതോപ്യൻ എംബസിയുടെ അഭയകേന്ദ്രത്തിൽ 15 അന്തേവാസികൾക്ക്  ക്ഷയരോഗ ബാധ റിപ്പോ൪ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നി൪ദേശം. രാജ്യത്തെ എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ പല എംബസികളുടെയും അഭയകേന്ദ്രങ്ങൾ അന്തേവാസികളുടെ ബാഹുല്യം കാരണം വീ൪പ്പുമുട്ടുകയാണ്. സാധാരണ ഫ്ളാറ്റുകളിൽ  നാൽപതും അമ്പതും പേരാണ് പല അഭയകേന്ദ്രങ്ങളിലും താമസിക്കുന്നത്. അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ല. രോഗങ്ങൾ പട൪ന്നുപിടിക്കാൻ ഇത് കാരണമാകും. ദിവസങ്ങൾക്ക് മുമ്പ് ഇത്യോപ്യൻ വീട്ടുജോലിക്കാ൪ക്കുള്ള  അഭയകേന്ദ്രത്തിൽ 15 അന്തേവാസികൾക്ക് ക്ഷയരോഗ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. അഭയകേന്ദ്രത്തിലെ അന്തേവാസികൾ  പ്രാഥമിക കൃത്യങ്ങൾക്ക് പോലും പ്രയാസപ്പെടുന്നതായി കഴിഞ്ഞ ദിവസം പ്രാദേശിക പത്രം വാ൪ത്ത നൽകുകയും ചെയ്തു. ഇതോടെ ആരോഗ്യ മന്ത്രാലയം ഈ വിഷയത്തിൽ തങ്ങൾക്കുള്ള ഉത്കണ്ഠ വിദേശകാര്യ വകുപ്പിനെ അറിയിച്ചു. രാജ്യത്തെ എല്ലാ വിദേശ നയതന്ത്ര കാര്യാലയങ്ങളോടും അഭയകേന്ദ്രങ്ങളുടെ  കാര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ആവശ്യപ്പെടണമെന്ന് വിദേശകാര്യ വകുപ്പിന് ആരോഗ്യ മന്ത്രാലയം നി൪ദേശം നൽകിയിരിക്കുകയാണ്.
അഭയ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 2010ൽ സ൪ക്കാ൪ പെരുമാട്ടച്ചട്ടം ഉണ്ടാക്കിയിരുന്നു.  ഒരു കെട്ടിടത്തിൽ താമസിപ്പിക്കാവുന്ന പരമാവധി അന്തേവാസികളുടെ എണ്ണം, കെട്ടിടത്തിൽ ഉണ്ടായിരിക്കേണ്ട മുറികൾ, ഇവയിൽ ഒരുക്കേണ്ട സൗകര്യങ്ങൾ തുടങ്ങിയവ പെരുമാറ്റച്ചട്ടത്തിൽ നിഷ്ക൪ഷിച്ചിട്ടുണ്ട്. എന്നാൽ പല എംബസികളും പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നില്ലെന്നതാണ് വസ്തുത. സാൽമിയയിലെ  ഇന്ത്യൻ എംബസി അഭയകേന്ദ്രത്തിന്റെ അവസ്ഥയും പരിതാപകരമാണെന്ന് പലതവണ പരാതികൾ ഉയ൪ന്നിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.