കുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗതക്കുരുക്കിന് കാര്യമായ ശമനമുണ്ടാക്കുമെന്ന് കരുതുന്ന മെട്രോ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നീക്കങ്ങൾ സജീവമായി. മെട്രോ, റെയിൽവെ റൂട്ടുകളെക്കുറിച്ച് പഠിക്കാൻ ട്രാൻസ്പോ൪ട്ട് അസിസ്റ്റന്റ് അണ്ട൪ സെക്രട്ടറി മുഅ്ജിബ് അദ്ദുവസ്രിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചതോടെയാണിത്. മെട്രോ പദ്ധതിക്ക് കഴിഞ്ഞവ൪ഷം മന്ത്രിസഭാ യോഗം അനുമതി നൽകിയിരുന്നു.
കമ്മിറ്റി അംഗങ്ങളായി ഗതാഗത മന്ത്രാലയ കൂടിയാലോചന സമിതി അംഗം നജീബ് അസ്സഈദ്, ടെക്നിക്കൽ മേധാവി അബ്ദുരിദാ ആബിദീൻ, കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ട൪ സഅദ് അൽ മുഹൈലബി, കര ഗതാഗത വകുപ്പ് മേധാവി അബ്ദുൽ ഹാദി, റെയിൽവെ മോണിറ്റ൪ ജമാൽ അൽ കന്ദരി എന്നിവരെ നിയമിച്ചിട്ടുണ്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് റൂട്ടുകളെക്കുറിച്ചുള്ള പഠനം കമ്മിറ്റി നടത്തും.
160 കി.മീ ദൂരമുള്ള പദ്ധതിയിൽ 69 സ്റ്റേഷനുകളുണ്ടാവും. ഇതിൽ 16 ശതമാനം അണ്ട൪ഗ്രൗണ്ട് സ്റ്റേഷനുകളാവും. ആദ്യ ഘട്ടത്തിൽ 28 സ്റ്റേഷനുകളുമായി 50 കി.മീ ദൂരമാണ് പൂ൪ത്തിയാവുക. ആദ്യ ഘട്ടത്തിന്റെ വിജയത്തിനനുസരിച്ചായിരിക്കും ബാക്കി നാലു ഘട്ടങ്ങൾ പൂ൪ത്തിയാക്കുക. വികസനം, ധനസഹായം, നി൪മാണം, പ്രവ൪ത്തനം, അറ്റകുറ്റപ്പണികൾ എന്നീ അഞ്ചു ഘട്ടങ്ങളാണ് പദ്ധതിക്കുണ്ടാവുക.
ദുബൈ മെട്രോയുടെ വിജയക്കുതിപ്പിന്റെ പശ്ചാത്തലത്തിലാണ് കുവൈത്തും മെട്രോ റെയിൽപാത യഥാ൪ഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊ൪ജിതമാക്കിയത്. രാജ്യത്ത് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലക്കാണ് മെട്രോ റെയിൽ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജനവാസകേന്ദ്രങ്ങളിലെ യാത്രാ സൗകര്യം മുൻനി൪ത്തിയാണ് പദ്ധതിയുടെ ആസൂത്രണം. ഇതോടൊപ്പം ചരക്കുനീക്കവും ദീ൪ഘദൂര യാത്രയും ലക്ഷ്യമിട്ട് അയൽരാജ്യങ്ങളിലേക്ക് നീളുന്ന മൊറ്റൊരു റെയിൽപാത നി൪മിക്കാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതി൪ത്തികളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചുള്ള ദീ൪ഘദൂര റെയിൽപാത പിന്നീട് അതി൪ത്തിക്കപ്പുറത്തേക്ക് നീട്ടി ജി.സി.സി റെയിൽ പദ്ധതിയുടെ ഭാഗമാക്കും. അവിടുന്നങ്ങോട്ട് യൂറോപ്പിലേക്കും ഏഷ്യയിലേക്കും റെയിൽ ബന്ധം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.