ഇന്ന് ഗുരുജയന്തി; നാടെങ്ങും വിവിധ പരിപാടികള്‍

ആലപ്പുഴ: ശ്രീനാരായണ ഗുരുവിൻെറ 159 ാം ജയന്തി ആഘോഷങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ വ്യാഴാഴ്ച നടക്കും. പീതപതാകകളാൽ അലങ്കൃതമായ വഴിയോരങ്ങളും ഗുരുസന്നിധികളും ജയന്തി ആഘോഷങ്ങളുടെ വരവറിയിച്ചുകൊണ്ട് ഒരുങ്ങിയിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിൻെറയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും യുവജന വനിത വിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ. ഘോഷയാത്രകൾ, സമ്മേളനങ്ങൾ എന്നിവയാണ് ആഘോഷങ്ങളിൽ മുഖ്യയിനം. മന്ത്രിമാ൪, സാംസ്കാരിക നേതാക്കന്മാ൪, സാമുദായിക സംഘടന നേതാക്കൾ തുടങ്ങിയവ൪ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഓരോ യൂനിയനുകളുടെയും നേതൃത്വത്തിൽ ആഘോഷങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ബുധനാഴ്ച പൂ൪ത്തിയായി.
അമ്പലപ്പുഴ എസ്.എൻ.ഡി.പി യൂനിയൻെറ നേതൃത്വത്തിൽ ജയന്തി സമ്മേളനം കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനിയിൽ നടക്കും. വൈകുന്നേരം നാലിന് ജനറൽ ആശുപത്രി ജങ്ഷന് സമീപത്തുനിന്ന് ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് സമ്മേളനം മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയ൪മാൻ കലവൂ൪ എൻ. ഗോപിനാഥ് അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി ചെയ൪മാൻ പെരുമ്പടവം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ ജി. സുധാകരൻ, ഡോ. തോമസ് ഐസക് എന്നിവ൪ ഗുരുസന്ദേശം നൽകും. അമ്പലപ്പുഴ യൂനിയൻെറ കീഴിലുള്ള മുഴുവൻ ശാഖായോഗങ്ങളും മേഖലകളായി തിരിഞ്ഞുവേണം ഘോഷയാത്രയിൽ ഒന്നിക്കാനെന്ന് ജയന്തി ആഘോഷ ജനറൽ കൺവീന൪ കെ.എൻ. പ്രേമാനന്ദൻ അറിയിച്ചു. തെക്കൻമേഖലയും ടൗണിന് തെക്കുള്ള ശാഖകളും ജനറൽ ആശുപത്രിക്ക് തെക്കുവശമുള്ള ആനവാതിലിന് സമീപവും വടക്കുപടിഞ്ഞാറൻ മേഖലയിലെ ശാഖായോഗങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ ജനറൽ ആശുപത്രിക്ക് പടിഞ്ഞാറോട്ടുള്ള റോഡിലും വടക്കുകിഴക്ക് നിന്നുള്ള ഘോഷയാത്രകൾ ഇരുമ്പുപാലത്തിന് വടക്കേകരയിൽനിന്ന് പടിഞ്ഞാറോട്ട് കൊത്തുവാൾചാവടി പാലം വരെയും ടൗണിന് വടക്കുള്ള ശാഖകളിലെ പ്രവ൪ത്തക൪ കൊത്തുവാൾചാവടി പാലത്തിന് വടക്കേകരയിൽ പടിഞ്ഞാറോട്ടും അണിനിരക്കണം. വൈകുന്നേരം നാലിന് മൂന്നുവരിയായാണ് ഘോഷയാത്ര പുറപ്പെടുക. 
തിരുമലഭാഗത്ത് കേന്ദ്രീകരിക്കുന്ന ജാഥയാണ് ആദ്യം നീങ്ങുക. അതിന് പിറകിലായി മറ്റ് ജാഥകളും. സീറോ ജങ്ഷൻ, മുല്ലക്കൽ വഴിയാണ് കിടങ്ങാംപറമ്പിലെ ശ്രീനാരായണ നഗറിൽ ഘോഷയാത്ര എത്തുന്നത്.
ചേ൪ത്തല യൂനിയൻെറ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നിന്നാണ് വൈകുന്നേരം ഘോഷയാത്ര ആരംഭിക്കുക. മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. അഡ്വ. എ.എൻ. രാജൻബാബു അധ്യക്ഷത വഹിക്കും. സജീവ് കൃഷ്ണൻ ഗുരുപ്രഭാഷണം നടത്തും. യോഗം അസി. സെക്രട്ടറി പി.ടി. മന്മഥൻ, കെ.പി.എം.എസ് സംസ്ഥാന ട്രഷറ൪ തുറവൂ൪ സുരേഷ്, എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് ബി. ഗോപാലകൃഷ്ണൻ നായ൪, അഡ്വ. ആ൪.കെ. ദാസ് തുടങ്ങിയവ൪ പങ്കെടുക്കും.
ചേപ്പാട് യൂനിയൻെറ സമ്മേളനം നങ്ങ്യാ൪കുളങ്ങര ജങ്ഷന് സമീപം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂനിയൻ പ്രസിഡൻറ് എസ്. സലികുമാ൪ അധ്യക്ഷത വഹിക്കും. മന്ത്രി അടൂ൪ പ്രകാശ് ജയന്തി സന്ദേശം നൽകും. ബോ൪ഡ് അംഗം പ്രീതി നടേശൻ സ്കോള൪ഷിപ് വിതരണം ചെയ്യും. ചേപ്പാട് എൻ.ടി.പി.സി ജങ്ഷനിൽ നിന്നാണ് ഘോഷയാത്ര തുടങ്ങുക. കാ൪ത്തികപ്പള്ളി യൂനിയൻെറ ജയന്തി സമ്മേളനവും വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്യുക. ഗവ. ബോയ്സ് ഹയ൪ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം മൂന്നിനാണ് സമ്മേളനം. യൂനിയൻ പ്രസിഡൻറ് കെ. അശോകപണിക്ക൪ അധ്യക്ഷത വഹിക്കും. ശിവഗിരിമഠം സ്വാമി വിദ്യാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.
കണിച്ചുകുളങ്ങരയിൽ ഉച്ചക്ക് രണ്ടിന് ഘോഷയാത്ര മാരാരിക്കുളം കളിത്തട്ട് ജങ്ഷനിൽനിന്ന് ആരംഭിക്കും. എസ്.എൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സി.പി. ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് ഐസക് എം.എൽ.എ സ്കോള൪ഷിപ് വിതരണം ചെയ്യും.
കായംകുളം, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂ൪ യൂനിയനുകളിൽ കേന്ദ്രീകൃതമായ ഘോഷയാത്രകളും സമ്മേളനങ്ങളും ഉണ്ടായിരിക്കില്ല. മാവേലിക്കരയിൽ ഏഴ് മേഖലകളിലായി തിരിഞ്ഞും മറ്റിടങ്ങളിൽ ശാഖകൾ കേന്ദ്രീകരിച്ചുമാണ് ആഘോഷങ്ങൾ നടത്തുന്നത്. ചെങ്ങന്നൂ൪ യൂനിയനിലെ ടൗൺ ശാഖയുടെ നേതൃത്വത്തിൽ ബുധനാഴ്ച വിളംബരറാലി നടന്നു. കരുവാറ്റ കന്നുകാലിപാലം ശ്രീനാരായണ ധ൪മ സേവാസംഘത്തിൻെറ ആഭിമുഖ്യത്തിൽ ജയന്തി ആഘോഷ യാത്ര രാവിലെ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.