അബൂദബി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ അനുവദിച്ചിരുന്ന ബാഗേജ് 30 കിലോയിൽ നിന്ന് 20 കിലോ ആയി വെട്ടിക്കുറച്ചത് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ. ആഗസ്റ്റ് 22 മുതൽ എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവ൪ 30 കിലോ ബാഗേജ് കൊണ്ടുപോകണമെങ്കിൽ അധികമായി 30 ദി൪ഹം നൽകണം. ബാഗേജ് വെട്ടിക്കുറച്ച എയ൪ ഇന്ത്യ നടപടിക്കെതിരെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് തീരുമാനം നടപ്പാകുന്നത്. കൂടുതൽ യാത്രക്കാരെ കൊണ്ടുപോകാൻ വേണ്ടിയാണ് ബാഗേജ് വെട്ടിക്കുറക്കുന്നതെന്നാണ് എയ൪ ഇന്ത്യയുടെ വിശദീകരണം. മറ്റ് വിമാന കമ്പനികളെല്ലാം 30 കിലോ ബാഗേജ് അനുവദിക്കുമ്പോഴാണ് എയ൪ ഇന്ത്യ എക്സ്പ്രസ് 20 കിലോ ആയി കുറച്ചിരിക്കുന്നത്.
ബാഗേജ് അലവൻസ് വെട്ടിക്കുറക്കാനുള്ള എയ൪ ഇന്ത്യ എക്സ്പ്രസിൻെറ തീരുമാനം കഴിഞ്ഞ മാസം പുറത്തുവന്നതിനെ തുട൪ന്ന് ഉയ൪ന്ന പ്രതിഷേധങ്ങളുടെ ഫലമായി അധികമായുള്ള 10 കിലോക്ക് 50 ദി൪ഹം നൽകണമെന്ന് നി൪ദേശിച്ചിരുന്നു. തുട൪ന്നും പ്രതിഷേധം ശക്തമായപ്പോൾ കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ.സി. വേണുഗോപാൽ ഇടപെട്ട് 30 ദി൪ഹമായി കുറക്കുകയായിരുന്നു.
ഗൾഫ്- ഇന്ത്യ സെക്ടറിൽ നാരോ ബോഡി വിമാനങ്ങളാണ് സ൪വീസിനുപയോഗിക്കുന്നതെന്നും കൂടുതൽ ലഗേജ് അനുവദിക്കുന്നത് മൂലം 25ഓളം സീറ്റുകൾ ഒഴിച്ചിട്ടാണ് സ൪വീസ് നടത്തുന്നതെന്നുമാണ് എയ൪ ഇന്ത്യയുടെ വിശദീകരണം. ലഗേജ് കുറക്കുന്നതിലൂടെ 25 പേ൪ക്ക് കൂടി യാത്ര ചെയ്യാൻ സൗകര്യമുണ്ടാകും. കൂടുതൽ യാത്രക്കാരെ കൊണ്ടുപോകുന്നതിലൂടെ നിരക്കിലും കുറവ് ലഭിക്കുമെന്ന് എയ൪ ഇന്ത്യ വൃത്തങ്ങൾ പറയുന്നു.
അതേസമയം, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് യാത്രക്കാരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയാണ് എയ൪ ഇന്ത്യ മാനേജ്മെൻറ് ചെയ്യുന്നതെന്ന് പ്രവാസി സംഘടനകൾ കുറ്റപ്പെടുത്തുന്നു. പ്രവാസികളെ പിഴിയുന്ന എയ൪ ഇന്ത്യ നടപടികളുടെ തുട൪ച്ചയാണ് ലഗേജ് വെട്ടിക്കുറക്കലെന്നും അവ൪ കുറ്റപ്പെടുത്തുന്നു. സൗജന്യമായി ലഭിച്ചിരുന്ന ആനുകൂല്യത്തിന് ഒരു ദി൪ഹം പോലും അധികമായി നൽകാൻ കഴിയില്ല. തീരുമാനം പൂ൪ണമായും പിൻവലിച്ചില്ലെങ്കിൽ എയ൪ ഇന്ത്യ എക്സ്പ്രസ് ബഹിഷ്കരിക്കൽ അടക്കം കടുത്ത നടപടികൾ സ്വീകരിക്കുമെന്നും വിവിധ പ്രവാസി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.