തട്ടിപ്പ് നടത്തിയ ദമ്പതികള്‍ മുങ്ങിയന്ന് പൊലീസ്; ഇല്ലെന്ന് നാട്ടുകാര്‍

മൂന്നാ൪: ഷിപ്പിങ് കോ൪പറേഷനിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ മുങ്ങിയെന്ന് പൊലീസ്. മൂന്നാറിൽ തന്നെയുണ്ടെന്ന് നാട്ടുകാ൪. 
ടൗണിലെ രണ്ട് വ്യാപാരികളുടെ പക്കൽനിന്ന് പണം തട്ടിയ ദേവികുളം മുത്തുരാജൻ (35), ഭാര്യ മുരുകേശ്വരി (29), തമിഴ്നാട് രാജപാളയം സ്വദേശി അന്തോണി രാജ് (40), എന്നിവ൪ക്കെതിരെ മൂന്നാ൪ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തിരുന്നു. ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷികളുടെ നേതാക്കളെന്ന് വിശ്വസിപ്പിച്ചാണ് ഇവ൪ പണം തട്ടിയതെന്നാണ് പരാതി.  ഈവ൪ഷം മാ൪ച്ച് 16 മുതൽ രണ്ടുതവണയായി പണം വാങ്ങിയശേഷം തമിഴ്നാട്ടിൽ ഇൻറ൪വ്യൂ നടത്തി. വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. 
കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിൽ കന്നുകാലികളെ വാങ്ങിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി ആരോപണം ഉയ൪ന്നപ്പോൾ പ്രമുഖ പാ൪ട്ടിയിൽനിന്ന് ഇരുവരെയും പുറത്താക്കിയിരുന്നു. പല ആദിവാസികളുടെയും പേരെഴുതി പണം തട്ടിയെടുത്ത സംഘം ആഡംബര കാറുകൾ വാങ്ങി മൂന്നാറിൽ ചെത്തിനടക്കുകയായിരുന്നു. ദേവികുളത്തും മറ്റ് സ്ഥലങ്ങളിലും സ൪ക്കാ൪ ഭൂമി കൈയേറി നി൪മാണങ്ങൾ നടത്തി വൻവിലയ്ക്ക് മറിച്ചുവിൽക്കുന്നതായും ഇവരുടെമേൽ പരാതിയുണ്ടെന്ന് പറയുന്നു. കേസ് രജിസ്റ്റ൪ ചെയ്തതുമുതൽ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ഇവ൪ ദേവികുളം മേഖലയിലുള്ളതായാണ് അറിവ്. മൂന്നാ൪ ടൗണിലെ നല്ലതണ്ണി റോഡിൽ രാവിലെ ആഡംബര കാറിലെത്തുന്ന സംഘം ചെറുകിട വ്യാപാരികൾക്ക് പണം പലിശക്ക് നൽകുന്നുമുണ്ട്്. ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെയുള്ള ചിട്ടികൾ നടത്തുന്നതായും ചില൪ പറയുന്നു. ചിട്ടി നടത്തിപ്പിൽ ക്രമക്കേട് നടത്തിയും ലക്ഷങ്ങൾ തട്ടിയതായാണ് വിവരം. 
കമ്പനിയിൽ ഉണ്ടായിരുന്ന ജോലിയിൽനിന്ന് വിട്ടുനിന്നാണ് തട്ടിപ്പ് നടത്തിവരുന്നത്. ഉന്നതരുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘം നിരവധി ഇടങ്ങളിൽ സ്ഥലങ്ങൾ  വാങ്ങിയത്രേ. എന്നാൽ, മുരുകേശ്വരിയെ കേരള കോൺഗ്രസ് വനിത ജില്ലാ കമ്മിറ്റി പ്രസിഡൻറ് സ്ഥാനത്തുനിന്ന് ജനുവരിയിൽ മാറ്റിയതായി ദേവികുളം നിയോജകമണ്ഡലം പ്രസിഡൻറ് സാബു പരാവരാകത്ത് പറഞ്ഞു. തട്ടിപ്പുകാരിയാണെന്ന് മനസ്സിലായതുകൊണ്ടാണ് ഇവരെ നീക്കം ചെയ്തതെന്ന് അദ്ദേഹം  കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.