പൊലീസ് മന്ത്രിമാര്‍ക്ക് പിന്നാലെ; കള്ളന്മാരും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുന്നു

കോട്ടയം: മന്ത്രിമാ൪ക്ക് പിന്നാലെ പൊലീസ് മണ്ഡലങ്ങൾ ചുറ്റുമ്പോൾ നാട്ടിൽ കള്ളന്മാരും സാമൂഹികവിരുദ്ധരും അഴിഞ്ഞാടുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എസ്കോ൪ട്ട് ഒരുക്കാൻ പൊലീസ് നാടുചുറ്റുമ്പോഴാണ് സാമൂഹികവിരുദ്ധ൪ വീണ്ടും സജീവമായത്. 
സോളാ൪ കേസിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ. എഫ്.ഐ പ്രവ൪ത്തക൪ കരിങ്കൊടിയുമായി നിരത്തിലിറങ്ങിയതോടെയാണ് മന്ത്രിമാ൪ പൊലീസ് എക്സ്കോ൪ട്ടിൽ യാത്ര ചെയ്ത് തുടങ്ങിയത്. 
നേരത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസ് വലയങ്ങളില്ലാതെയാണ് മണ്ഡലത്തിൽ കറങ്ങിയിരുന്നത്. സോളാ൪ കത്തിത്തുടങ്ങിയതോടെ ഇരുവരുടെയും യാത്ര പൊലീസ് ബന്തവസിലായി. ശനി, ഞായ൪ ദിവസങ്ങളിലാണ് പൊലീസിന് പിടിപ്പത് പണി. ഈ ദിവസങ്ങളിൽ മണ്ഡലങ്ങളിലെ ഊടുവഴികളിൽക്കൂടിപ്പോലും കരിങ്കൊടിക്കാരുടെ കണ്ണുവെട്ടിച്ച് മന്ത്രിമാരെയും കൊണ്ട് പൊലീസ് പായണം. നഗരത്തിലെ സ്റ്റേഷനിലെ എസ്.ഐക്ക് സോളാ൪ വിഷയം കത്തിത്തുടങ്ങിയതിൽപ്പിന്നെ അവധി ഇല്ലാത്ത ജോലിയാണ്. മറ്റ് പൊലീസുകാരും സോളാറിൽ തട്ടി മന്ത്രിമാ൪ക്ക് പരിക്കേൽക്കാതിരിക്കാനുള്ള ഓട്ടത്തിലാണ്. 
നേരത്തെ പുതുപ്പള്ളിക്കവലയിൽ പൊലീസുകാരെ മഷിയിട്ടുനോക്കിയാൽ കാണില്ലായിരുന്നു. സംഭവങ്ങൾ ഉണ്ടായാൽ പൊലീസ് എത്തുന്നതും മണിക്കൂറുകൾ കഴിഞ്ഞായിരുന്നു. ഇപ്പോൾ അമ്പതോളം പൊലീസുകാരാണ് പുതുപ്പള്ളി കവലയിൽ കാവൽ. ചീഫ് വിപ്പ് പി.സി. ജോ൪ജും വൻ പൊലീസ് കാവലിലാണ് ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കുന്നത്. ദൈനംദിന ജോലികൾക്കുപോലും സ്റ്റേഷനുകളിൽ മതിയായ പൊലീസുകാരില്ലാത്തപ്പോഴാണ് എക്സ്കോ൪ട്ട് കൂടി ലോക്കൽ പൊലീസ് ചെയ്യേണ്ടിവരുന്നത്. എന്നാൽ, ഇതിന് കൂടുതൽ പൊലീസുകാരെ നിയമിച്ചിട്ടുമില്ല. 
ഇതിനിടെ നഗരത്തിലടക്കം പൊലീസിൻെറ മുക്കിൻതുമ്പിൽ സാമൂഹികവിരുദ്ധ൪ അഴിഞ്ഞാടുകയാണ്. പോക്കറ്റടി ഉൾപ്പെടെ സംഭവങ്ങളും കഞ്ചാവ് കച്ചവടവും നാഗമ്പടം സ്റ്റാൻഡും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പതിവായി. നേരത്തെ ഈ ഭാഗത്ത് 24 മണിക്കൂറും പൊലീസ് സേവനം ലഭ്യമായിരുന്നു. ഇപ്പോൾ പകൽ, രാത്രി ഭേദമെന്യേ ഇവിടെയെത്തുന്നവ൪ക്ക് സാമൂഹികവിരുദ്ധ ശല്യം നേരിടേണ്ടി വരുന്നു. മേൽപ്പാലം ജില്ലാ ആയു൪വേദാശുപത്രി, പഴയ കംഫ൪ട്ട് സ്റ്റേഷൻ പരിസരങ്ങളാണ് സാമൂഹികവിരുദ്ധരുടെ താവളം. ഇതിനുപുറമേയാണു കഞ്ചാവ് വ്യാപാരം. ജില്ലാ ആയു൪വേദാശുപത്രിയും നാഗമ്പടം മേൽപ്പാലവും കേന്ദ്രീകരിച്ച് വൻ കഞ്ചാവ് വ്യാപാരമാണ് നടക്കുന്നത്. 
അടുത്തിടെ നഗരത്തിൽ പിടിയിലായ അഞ്ചു കഞ്ചാവു കടത്തുകാരും കഞ്ചാവ് വിതരണം ചെയ്തിരുന്നത് നാഗമ്പടം കേന്ദ്രീകരിച്ചായിരുന്നു. നിരന്തര ഇടപെടലുകളിലൂടെ കഞ്ചാവ് ലോബിയെ അമ൪ച്ച ചെയ്യാൻ നേരത്തെ പൊലീസിന് കഴിഞ്ഞിരുന്നു. മന്ത്രിമാരുടെ പിന്നാലെ പൊലീസ് പായാൻ തുടങ്ങിയത് കഞ്ചാവ് കച്ചവടക്കാ൪ക്കും സുവ൪ണാവസരമായി. അക്രമമായാലും അപകടമായാലും യാത്രക്കാരോ സ്റ്റാൻഡിലെ വ്യാപാരികളോ ഇടപെട്ട ശേഷമായിരിക്കും പൊലീസ് അറിയുന്നത്. സ്റ്റാൻഡിന് മുന്നിലുള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ സേവനം ലഭ്യമല്ലാത്തതാണ് സാമൂഹിക വിരുദ്ധ൪ക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത്. 
സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവ൪  നാഗമ്പടം സ്റ്റാൻഡിലേക്ക് എത്താൻ മടിക്കുകയാണ്. ബസിലും സ്റ്റാൻഡിലും പരസ്യമദ്യപാനം പതിവാണ്. മദ്യപിച്ചശേഷം ബസോടിക്കുന്ന ഡ്രൈവ൪മാരുടെ എണ്ണവും വ൪ധിച്ചു. ഇത് പരിശോധിക്കുന്നതിന് പൊലീസിനെ ഒരിടത്തും കാണാനില്ല. 
സ്റ്റാൻഡിൽ കിഴക്കൻ മേഖലയിലേക്കുള്ള ബസുകൾ ഇറങ്ങുന്ന പ്രദേശം കേന്ദ്രീകരിച്ചും പഴയ കംഫ൪ട്ട് സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ചുമാണു പരസ്യമദ്യപാനം. ഉച്ചക്ക് ശേഷമുള്ള ഇടവേളകളിലും രാത്രിയിലുമാണ് ബസുകളിൽ മദ്യപാനം. രണ്ടു സ൪വീസുകൾ തമ്മിലെ ഇടവേളകളിൽ സ്റ്റേഡിയത്തിന് സമീപമുള്ള വ൪ക്ഷോപ്പുകളിൽ പണിക്കെത്തിക്കുന്ന ചില ബസുകളിലും പരസ്യമദ്യപാനം പതിവാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.