ജിദ്ദ: തീ൪ഥാടകബാഹുല്യം മൂലം തിരക്കൊഴിവാക്കുന്നതിനു മിനായിൽ കൂടുതൽ നിലകളുള്ള തമ്പുകൾ നി൪മിക്കുന്നത് പരിഗണനയിൽ. ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിലെ ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഇതുസംബന്ധിച്ച പഠനറിപ്പോ൪ട്ട് സമ൪പ്പിച്ചു. ബലി, ജംറകളിലെ കല്ലേറ്, മുടിനീക്കൽ, ഹാജിമാരുടെ താമസം അടക്കമുള്ള ഹജ്ജിൻെറ പ്രധാനചടങ്ങുകളെല്ലാം കേന്ദ്രീകരിച്ച മിനായിലെ ജനത്തിരക്കു കുറച്ച് തീ൪ഥാടക൪ക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനു ഇതാണ് പോംവഴിയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. അബ്ദുൽഅസീസ് ബിൻ റശാദ് സ൪വജി ‘അൽമദീന’ പത്രത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ആണ്ടുതോറും റമദാനിൽ നടന്നുവരുന്ന ഹജ്ജ് ഉംറ സേവന വിപുലീകരണത്തിനുള്ള പഠനപരിപാടിയുടെ ഭാഗമായാണ് ഈ റിപ്പോ൪ട്ട്. ഇതിൻെറ കൂടെ മിനായുടെ ഭൂപ്രകൃതിക്ക് ഇണങ്ങിയ രീതിയിലുള്ള സ്ഥിരം കെട്ടിടസംവിധാനത്തിനുള്ള ശിപാ൪ശയും ഇൻസ്റ്റിറ്റ്യൂട്ട് സമ൪പ്പിച്ചിട്ടുണ്ട്. കുന്നുകൾക്കു മുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആറു കെട്ടിടങ്ങൾ ഇപ്പോൾ പണികഴിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി ഉന്നതപണ്ഡിതസമിതിയുടെ അംഗീകാരത്തിനു സമ൪പ്പിച്ചു. സമിതിക്കും ഇതിനോടു യോജിപ്പാണുള്ളത്. പദ്ധതിയുടെ പൂ൪ണരൂപം അവ൪ ഇൻസ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് അംഗീകാരം ലഭിച്ച് നി൪മാണം പൂ൪ത്തിയാക്കുന്നതോടെ മിനായിലെ താമസസൗകര്യം മെച്ചപ്പെടുത്താനും അതുവഴി തിക്കും തിരക്കും വലിയ തോതിൽ നിയന്ത്രിക്കാനുമാവുമെന്ന് സ൪വജി വിശദീകരിച്ചു. ഏകദേശം ഏഴൂ കിലോമീറ്ററാണ് മിനായുടെ വിസ്തൃതി. അതിൻെറ ഗണ്യമായൊരു ഭാഗം മലഞ്ചെരിവുകളുമാണ്. ഹജ്ജ് നാളുകളിലേതു പോലൊരു വിപുലമായ ജനസഞ്ചയത്തിൻെറ സഞ്ചാരത്തിനു വേണ്ട വിധത്തിൽ വഴികൾ ക്രമീകരിച്ചിട്ടില്ല. ജംറ ഭാഗത്തെ തിരക്കു കുറിക്കുന്നതിനുള്ള വികസനപരിപാടിയുടെ രൂപവും പഠനവിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വാ൪ത്താവിനിമയസൗകര്യങ്ങളുടെ വ൪ധന പുണ്യനഗരിയിൽ പാരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ഹജ്ജ് ഉംറ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൻെറ വാ൪ഷികശിൽപശാലയിൽ അഭിപ്രായമുയ൪ന്നു. മക്കയിലും മിനാ, അറഫ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപിക്കുന്ന കൂറ്റൻ കമ്യൂണിക്കേഷൻസ് ടവറുകൾ തീ൪ഥാടകരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്ന് പരിസ്ഥിതി വിദഗ്ധൻ ഡോ. വലീദ് അബുസ്സുഊദ് വ്യക്തമാക്കി. ടവറുകളുടെ 300 മീറ്റ൪ ചുറ്റളവിൽ നിൽക്കുന്നവ൪ക്ക് റേഡിയേഷൻ കാരണം കാൻസ൪, പ്രൊസ്ട്രേറ്റ് രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. നൂറു മീറ്റ൪ ചുറ്റളവിൽ കൂടുതൽ നേരം തങ്ങുന്നവരുടെ ഓ൪മശക്തിയെ ബാധിക്കും. ആമാശയ, ച൪മരോഗസാധ്യതയും ഇത്തരക്കാരിൽ കൂടുതലായിരിക്കും. അതിനാൽ ജനവാസകേന്ദ്രങ്ങളുടെ 400 മീറ്റ൪ ചുറ്റളവിനു പുറത്തുമാത്രമേ ഇത്തരം ടവറുകൾ സ്ഥാപിക്കാൻ പാടുള്ളൂ എന്ന അന്താരാഷ്ട്രവിദഗ്ധരുടെ നി൪ദേശം പുണ്യനഗരികളുടെ കാര്യത്തിൽ ക൪ശനമായി പാലിക്കണമെന്ന് അദ്ദേഹം നി൪ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.