പൊലീസ് സന്നാഹത്തിനിടയിലും മുഖ്യമന്ത്രിയെ വനിതകള്‍ കരിങ്കൊടി കാട്ടി

പത്തനംതിട്ട: ഡി.സി.സി ഒരുക്കിയ സ്വീകരണത്തിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തുന്നത് കണക്കിലെടുത്ത് പൊലീസ് ഒരുക്കിയത് വൻ സുരക്ഷാ സന്നാഹം. സന്നാഹങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്കുനേരെ വനിതകളുടെ സംഘം കരിങ്കൊടി വീശി. പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ, സി.പി.എം  പ്രവ൪ത്തകരെ പൊലീസ് പത്തനംതിട്ട പോസ്റ്റോഫിസിനുമുന്നിൽ തടഞ്ഞതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. 
വെള്ളിയാഴ്ച ഉച്ച മുതൽ നഗരം മുഴുവൻ പൊലീസ് ബന്ധനത്തിലായിരുന്നു. ഗതാഗത നിയന്ത്രണം പൂ൪ണമായും പൊലീസ്  ഏറ്റെടുത്തു. മുദ്രാവാക്യം മുഴക്കി പ്രകടനമായി നീങ്ങിയ കോൺഗ്രസ് പ്രവ൪ത്തകരെ ഒഴികെ മറ്റെല്ലാവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി എത്തുന്ന വഴിയിൽ ഒരിടത്തും യുവാക്കളെ നിൽക്കാൻ അനുവദിച്ചില്ല. 
പത്തനംതിട്ട സെൻട്രൽ ജങ്ഷൻ, അബാൻ ടവ൪, ജനറൽ ഹോസ്പിറ്റൽ, പോസ്റ്റോഫിസ് റോഡ്, സ്റ്റേഡിയം ജങ്ഷൻ, കോളജ് റോഡ്,  റിങ് റോഡ് എന്നിവിടങ്ങളിലെല്ലാം പൊലീസ് സംഘം നിലയുറപ്പിച്ചു. സി.പി.എം പ്രവ൪ത്തക൪ കരിങ്കൊടിയുമായി എത്തിയാൽ പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവ൪ത്തകരും തയാറെടുപ്പ് നടത്തിയിരുന്നു. കരിങ്കൊടി വീശൽ ഉണ്ടായാൽ ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അത് കണക്കിലെടുത്ത് പ്രതിഷേധം തണുപ്പിക്കാൻ സി.പി.എം ജില്ലാ നേതൃത്വം തയാറാകുകയായിരുന്നു. പൊലീസ് നിരീക്ഷണം യുവാക്കളെ കേന്ദ്രീകരിച്ചാവുമെന്ന് കണക്കുകൂട്ടിയാണ് സി.പി.എം കരിങ്കൊടിയുമായി വനിതകളെ സജ്ജരാക്കി നി൪ത്തിയത്. അത് പൊലീസിന് കണ്ടെത്താനുമായില്ല. 
മല്ലപ്പള്ളി വഴിയാണ് മുഖ്യമന്ത്രി പത്തനംതിട്ടയിലേക്ക് വന്നത്. മല്ലപ്പള്ളിയിൽ ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ കരിങ്കൊടി വീശി. പത്തനംതിട്ട സെൻറ് പീറ്റേഴ്സ് ജങ്ഷനിലേക്ക് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വരവെ സ്ഥലത്ത് കൂടിനിന്ന പത്തോളം പേരടങ്ങുന്ന വനിതകൾ കരിങ്കൊടി വീശി മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുദ്രാവാക്യം മുഴക്കി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയതോടെ ഇവ൪ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസെക്രട്ടറി കോമളം അനിരുദ്ധൻ, പ്രസിഡൻറ് എസ്.നി൪മലാദേവി എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. 
മുഖ്യമന്ത്രിയുടെ സ്വീകരണകേന്ദ്രത്തിലേക്ക് മാ൪ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരെ പൊലീസ് ഒരു കിലോമീറ്റ൪ ദൂരെ പത്തനംതിട്ട പോസ്റ്റോഫീസ് ജംഗ്ഷനിൽ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച്  റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയ പ്രവ൪ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ 24പേരെയാണ് അറസ്റ്റ്ചെയ്ത് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.