നന്‍മയുടെ സന്ദേശവുമായി സൈമണിന്‍െറ സൗഹൃദ ഇഫ്താര്‍ 19 വര്‍ഷം പിന്നിടുന്നു

റിയാദ്: പ്രവാസ ലോകത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും സഹജീവികൾക്കായി സമയം മാറ്റിവെച്ച് നന്മയുടെ മാതൃക കാണിക്കുകയാണ് മലയാളികളായ മൂന്ന് സുഹൃത്തുക്കൾ. റിയാദിലെ നസ്രിയ്യ വില്ലേജിലാണ് നെയ്യാറ്റിൻകര സ്വദേശി സൈമൺ സഹപ്രവ൪ത്തകരായ തിരുവനന്തപുരം സ്വദേശി സലീം, പാലക്കാട് മണ്ണാ൪ക്കാട് സ്വദേശി സിദ്ദീഖ് എന്നിവരോടൊത്ത് വേറിട്ട ഇഫ്താ൪ വിരുന്നൊരുക്കുന്നത്. സ്പോൺസ൪ മൂസ അൽജാബിറിൻെറ കുടുംബത്തിൽനിന്നുള്ള അകമഴിഞ്ഞ പിന്തുണയോടെയാണ് കഴിഞ്ഞ 19 വ൪ഷമായി സൈമണിൻെറ നേതൃത്വത്തിൽ ഇവിടെ ഇഫ്താ൪ വിരുന്ന് നടക്കുന്നത്. 
നേരത്തെ തൊട്ടടുത്തുള്ള പള്ളിയോട് ചേ൪ന്ന് സ്പോൺസറുടെ കുടുംബം നടത്തിപ്പോന്നിരുന്ന ഇഫ്താ൪ മലയാളികൾ ജോലിക്കെത്തിയതോടെ ഇവരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇഫ്താറിനാവശ്യമായ ‘കബ്സ’ താമസ സ്ഥലത്ത് സൈമൺ തന്നെയാണ് തയാറാക്കുക. ഒന്നാം തുറക്കുള്ള സമൃദ്ധമായ വിഭവങ്ങൾ എല്ലാ ദിവസവും സമീപത്തുള്ള സ്പോൺസറുടെ വിവിധ ബന്ധുവീടുകളിൽനിന്ന് ലഭിക്കും. ഇഫ്താറിനായി സ്പോൺസ൪ സ്വന്തം സ്ഥലത്ത് ശീതീകരണ സംവിധാനമുൾപ്പെടെയുള്ള സൗകര്യങ്ങളോടെ ചെറിയ ഒരു ടെൻറും നി൪മിച്ച് നൽകിയിട്ടുണ്ട്. ഒരു മാസം വിഭവ സമൃദ്ധമായ ഇഫ്താ൪ ഒരുക്കാനുള്ള മുഴുവൻ സാമ്പത്തികചെലവും സ്പോൺസറാണ് വഹിക്കുക. സ്പോൺസറുടെ കീഴിൽ തേപ്പ് പണി ജോലിചെയ്യുന്ന സൈമണ് റമദാനായാൽ പിന്നെ ഇഫ്താ൪ വിരുന്നൊരുക്കുക മാത്രമാണ് ജോലി. 
20 വ൪ഷം മുൻപ് ഒരേ സ്പോൺസറുടെ അടുത്തെത്തിയ സലീമും സിദ്ദീഖും വൈകുന്നേരമാകുന്നതോടെ ജോലികഴിഞ്ഞ് സൈമണ് സഹായത്തിനെത്തും. മലയാളികൾക്ക് പുറമെ സുഡാൻ, പാകിസ്താൻ, ബംഗ്ളാദേശ്, യമൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സാധാരണക്കാരായ ജോലിക്കാരാണ് ഇവിടെ ഇഫ്താറിനുണ്ടാവാറുള്ളത്. നേരത്തെയെത്തുന്ന ആവശ്യക്കാ൪ക്ക് ഭക്ഷണ സാധനങ്ങൾ പാക്ക് ചെയ്ത് കൊണ്ടുപോയി താമസസ്ഥലത്ത് തന്നെ നോമ്പ് തുറക്കാവുന്നതുമാണ്. കഴിഞ്ഞ വ൪ഷം വരെ ശരാശരി 150ന് മുകളിൽ ആളുകൾ ഇഫ്താറിനുണ്ടാകുമായിരുന്നെങ്കിലും ഇത്തവണ നിതാഖാത്ത് കാരണം എണ്ണം ഗണ്യമായി കുറഞ്ഞതായാണ് ഇവ൪ ചൂണ്ടികാണിക്കുന്നത്. 
വിദേശികൾ വിശേഷിച്ചും യമനികൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയതോടെ ഇപ്പോൾ നൂറിൽ കുറഞ്ഞ ആളുകൾ മാത്രമാണ് ഇഫ്താറിനുണ്ടാകാറുള്ളത്. രണ്ട് പതിറ്റാണ്ടോളമായി തുടരുന്ന സൗഹൃദത്തിൻെറ ഈ ഇഫ്താ൪ വിരുന്ന് ജീവിതത്തിൽ വലിയ സന്തോഷമാണ് നൽകുന്നതെന്ന് പറയുന്ന ഇവ൪ക്ക് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ട സ്വന്തം സ്പോൺസറുടെ നന്മകൾ ഓ൪ക്കുമ്പോൾ നൂറ് നാവാണ്. അത്രക്ക് പരസ്പര സ്നേഹവും വിശ്വാസവുമാണ് ഇവരും സ്പോൺസറുമായുണ്ടായിരുന്നത്. ഈ റമദാനിൽ സ്പോൺസറുടെ മക്കളാണ് ഇഫ്താറിനു വേണ്ട മുഴുവൻ സഹായങ്ങളും ചെയ്യുന്നത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.