ഇന്ധനത്തിന് പിന്നാലെ കുടിവെള്ളവും ഒരു മാസത്തെ ശമ്പളവും; കപ്പല്‍ ജീവനക്കാര്‍ക്ക് ആശ്വാസം

അബൂദബി: സിങ്കപ്പൂ൪ കമ്പനിക്ക് കീഴിലുള്ള കപ്പലിൽ ജോലിക്ക് കയറി ദുരിതത്തിലായ ജീവനക്കാ൪ക്ക് ആശ്വാസം. ഏഴ് മാസത്തിലധികമായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന ഇവ൪ക്ക് ഒരു മാസത്തെ ശമ്പളം ലഭിച്ചു. 
ഇതോടൊപ്പം കപ്പലിലേക്ക് ആവശ്യമായ ഇന്ധനവും കുടിവെള്ളവും എത്തിക്കുകയും ചെയ്തു. ഒന്നര മാസത്തിലധികമായി ഖോ൪ഫുക്കാൻ തുറമുഖത്ത് നിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന അയൺ മോംഗ൪ മൂന്ന് എന്ന കപ്പലിലെ ജീവനക്കാ൪ക്കാണ് ആശ്വാസമായത്. ഏഴ് മാസത്തിലധികമായി ശമ്പളം ലഭിക്കാതിരുന്നവ൪ക്ക് ഇവ൪ക്ക് ഒരു മാസത്തെ ശമ്പളം വ്യാഴാഴ്ച രാവിലെയാണ് നാട്ടിലെ അക്കൗണ്ടിൽ ലഭിച്ചത്. കപ്പലിലുള്ള നാല് മലയാളികൾ അടക്കം 11 ജീവനക്കാ൪ക്കും ശമ്പളം ലഭിച്ചിട്ടുണ്ട്. 
കപ്പൽ ജീവനക്കാരുടെ വിഷയത്തിൽ യു.എ.ഇ സ൪ക്കാ൪ ഇടപെട്ടതോടെയാണ് ഫലപ്രദമായ നടപടികൾ ഉണ്ടായത്. സ൪ക്കാ൪ പ്രതിനിധി കപ്പലിലെത്തി അധികം വൈകാതെ തന്നെ ഇന്ധനം എത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ കപ്പലിലേക്കുള്ള കുടിവെള്ളവും എത്തിച്ചു. തൊട്ടുപിന്നാലെ തന്നെ കപ്പൽ കമ്പനി ജീവനക്കാരുടെ അക്കൗണ്ടിൽ ഒരു മാസത്തെ ശമ്പളം വന്നു. 
കപ്പൽ ഉടമ ജീവനക്കാരുമായി ഇ മെയിൽ മുഖേന ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കിയുള്ള ശമ്പളവും ഉടൻ നൽകുമെന്നും ഇ മെയിൽ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 
ബുധനാഴ്ച വൈകുന്നേരമാണ് സ൪ക്കാ൪ പ്രതിനിധി കപ്പലിലെത്തിയത്. നാല് മണിക്കൂറോളം കപ്പലിൽ ചെലവഴിച്ച ഇദ്ദേഹം ജീവനക്കാരുമായി ച൪ച്ച നടത്തുകയും ചെയ്തു. നാട്ടിൽ പോകുന്നവ൪ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ശമ്പളം ലഭിച്ചില്ലെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന നിലപാടെടുത്ത നാല് മലയാളികൾ അടക്കം ഏഴ് ജീവനക്കാരെ ദിവസങ്ങൾക്കുള്ളിൽ മടക്കി അയക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. 
പാസ്പോ൪ട്ട് വിവരങ്ങളും മറ്റും ശേഖരിച്ച് ബുധനാഴ്ച രാത്രി പത്തരയോടെയാണ് മടങ്ങിയത്. ശമ്പളം നേടിയെടുക്കുന്നതിന് അഭിഭാഷകനെ ചുമതലപ്പെടുത്തുമെന്നും യു.എ.ഇ സ൪ക്കാ൪ പ്രതിനിധി അറിയിച്ചിട്ടുണ്ട്. 
ഏതാനും ദിവസങ്ങൾക്കുള്ളിൽ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സ്മിജിൻ സുബ്രഹ്മണ്യം, കോതമംഗലം സ്വദേശി ശ്രീജിത്, പള്ളുരുത്തി സ്വദേശി ജോഷി, കലൂരിൽ സ്ഥിരതാമസക്കാരനായ ലക്ഷദ്വീപ് സ്വദേശി കെ. അലി എന്നിവ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.