ഇന്ത്യയടക്കം പത്തു രാജ്യങ്ങളില്‍ നിന്നു സൗദി വീട്ടുജോലിക്കാരെ തേടുന്നു

ജിദ്ദ: പത്തു രാജ്യങ്ങളിൽ നിന്നു പുതുതായി വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ തൊഴിൽമന്ത്രാലയത്തിൻെറ ആലോചന. എത്യോപ്യയിൽ നിന്നുള്ള വീട്ടുജോലിക്കാരികൾക്ക് താത്കാലിക വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആഫ്രിക്കയിലെ ഇതര രാജ്യങ്ങൾ, തെക്കു കിഴക്കേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പുതുതായി വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയിൽ നിന്നുള്ള ജോലിക്കാരുടെ റിക്രൂട്ട്മെൻറ് റമദാനു ശേഷം ആരംഭിക്കും. ഇന്ത്യ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടേത് അടുത്ത നാലു മാസത്തിനകം ആരംഭിക്കുമെന്നും തൊഴിൽമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറിന് പുതിയ വ്യവസ്ഥകൾ ഗവൺമെൻറ് കൊണ്ടുവന്ന പശ്ചാത്തലത്തിൽ നിലവിൽ രാജ്യത്തുള്ള വിദേശികളുടെയും റിക്രൂട്ടിങ് ഏജൻറുമാരുടെയും പ്രകടനം വിലയിരുത്താൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ഉഭയകക്ഷി കരാറിൽ നിന്നു വ്യതിചലിച്ച് ജോലിക്കാരുടെ ആരോഗ്യസ്ഥിതിയും മതപരമായ ഐഡൻറിറ്റിയും മറച്ചുവെച്ചും തെറ്റായി രേഖപ്പെടുത്തിയും റിക്രൂട്ടിങ് ഏജൻറുമാ൪ കബളിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുട൪ന്നാണ് എത്യോപ്യൻ വേലക്കാ൪ക്ക് വിലക്കേ൪പ്പെടുത്തിയത്. അതിനിടെ എത്യോപ്യൻ വീട്ടുവേലക്കാരുടെ ഒട്ടേറെ ഒളിച്ചോട്ടങ്ങളും രണ്ടു മാസത്തിനിടെ രണ്ടു കുഞ്ഞുങ്ങൾ വേലക്കാരികളുടെ കൈകളിൽ കൊല്ലപ്പെട്ട സംഭവവും സൗദി അധികൃത൪ ഗൗരവമായെടുത്തിട്ടുണ്ട്. രണ്ടു മാസം മുമ്പ് ലമീസ് സൽമാൻ എന്ന ആറു വയസ്സുകാരിയെയും നാളുകൾക്കു മുമ്പ് സിറിയൻ ദമ്പതികളുടെ പത്തുവയസ്സുള്ള മകളെയും വീട്ടുവേലക്കാ൪ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളുടെ അന്വേഷണം പൂ൪ത്തിയായി റിപ്പോ൪ട്ടു പുറത്തുവരുന്നതു വരെ എത്യോപ്യയിൽ നിന്നു വീട്ടുവേലക്കാ൪ വേണ്ടെന്നാണ് തൊഴിൽ, ആഭ്യന്തര മന്ത്രാലയങ്ങളുടെ സംയുക്ത തീരുമാനം.
കഴിഞ്ഞ രണ്ട് ആഴ്ചകളിലായി 200 എത്യോപ്യക്കാരടക്കം 400 വീട്ടുജോലിക്കാ൪ റിയാദ് ത൪ഹീലിലെത്തിയതായി റിയാദ് പൊലീസ് വക്താവിനെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. എത്യോപ്യൻ വേലക്കാരികളിൽ പല൪ക്കും ഗുരുതര രോഗമുള്ളതായി കണ്ടെത്തിയിരുന്നു. ഇവരിൽ പലരും ‘ഹുറൂബി’ലായോ പാസ്പോ൪ട്ട് നഷ്ടപ്പെട്ടോ ഒക്കെയാണ് ഡിപോ൪ട്ടേഷൻ സെൻററിലെത്തിയിരിക്കുന്നത്. സമീപകാലത്തെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീട്ടുകാ൪ എത്യോപ്യൻ ജോലിക്കാരെ നിയമിക്കാൻ ഭയം മൂലം വിമുഖത കാണിക്കുകയാണ്.
ഈ സാഹചര്യത്തിൽ പുതിയ രാജ്യങ്ങളിൽ നിന്നു വേലക്കാരെ കണ്ടെത്താനാണ് തൊഴിൽ മന്ത്രാലയം ആലോചിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.