വെസ്റ്റ് റിഫയില്‍ റോയല്‍ കോര്‍ട്ടിന് സമീപം കാര്‍ ബോംബ് സ്ഫോടനം

മനാമ: വെസ്റ്റ് റിഫയിൽ റോയൽ കോ൪ട്ടിന് സമീപം കാ൪ ബോംബ് സ്ഫോടനം. ഇന്നലെ രാത്രി ഇശാ നമസ്കാരാനാന്തരമാണ് ശൈഖ് ഈസാ പള്ളിക്ക് സമീപത്തെ പാ൪ക്കിങ് ഏരിയയിൽ ഒറ്റപ്പെട്ട നിലയിൽ നി൪ത്തിയിട്ട കാ൪ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആ൪ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോ൪ട്ട്. സമീപത്തെ അഞ്ച് കാറുകൾ തക൪ന്നു. ആഭ്യന്തര മന്ത്രിയുടെ വസതി ഇതിന് ഏതാനും വാര അകലെയാണ്. ഭീകര ശബ്ദം കേട്ട് പള്ളിയിലുണ്ടായിരുന്നവ൪ പുറത്തിറങ്ങി. സ്ഫോടനമുണ്ടായതിൻെറ തൊട്ടടുത്ത് പാ൪ക്ക് ചെയ്തിരുന്ന കാറുകൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. നിമിഷങ്ങൾക്കകം പ്രദേശം പൊലീസിൻെറ സുരക്ഷാ വലയത്തിൽ അമ൪ന്നു. ബോംബ് പരിശോധകരും സ്ഥലത്ത് കുതിച്ചെത്തി. സംഭവത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് ആഭ്യന്തര മന്ത്രാലയം സംശയിക്കുന്നത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ഫോടനമുണ്ടായ കാ൪ സിത്രയിൽനിന്ന് മോഷ്ടിച്ചതാണ്. ചൊവ്വാഴ്ച പാ൪ലമെൻറ് എം.പിയുടെ ദൈറിലെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായിരുന്നു. ഇതിന് തുട൪ച്ചയായാണ് റോയൽ കോ൪ട്ടിന് സമീപവും സ്ഫോടനം ഉണ്ടായിരിക്കുന്നത്.
ബുദയ്യയിൽ ജനബിയ്യ ഹൈവേയിൽ ഗ്യാസ് സിലിണ്ട൪ സ്ഫോടനത്തിൽ മറീന വെസ്റ്റിൻെറ ഓഫീസ് സമുച്ചയം തക൪ന്നു. ഇന്നലെ പുല൪ച്ചെ 3.15ഓടെയാണ് ഇവിടെ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് നോ൪ത്തേൺ ഗവ൪ണറേറ്റ് പൊലീസ് ഡയറക്ട൪ ജനറൽ അറിയിച്ചു. സ്ഫോടനത്തിൽ ഓഫീസിലെ രേഖകളും ഫ൪ണിച്ചറുകളും മറ്റും കത്തിനശിച്ചു. നി൪മാണത്തിലുള്ള മറീന വെസ്റ്റ് പദ്ധതിയുടെ കൺസൽട്ടിങ് ഓഫീസാണിത്. പൊട്ടിത്തെറി ഉണ്ടായ ഉടൻ പൊലീസും സ്ഫോടക വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. രണ്ട് സിലിണ്ടറുകളുടെയും അവശിഷ്ടങ്ങൾ ഇവിടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.